വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അതുറപ്പാക്കാൻ എഴുത്തുപരീക്ഷകൾവഴി കുട്ടികളെ അരിച്ചു മാറ്റുകയല്ല വേണ്ടതെന്നും ഉന്നയിച്ചു കൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനതലത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയുടെ ഭാഗമായാണ് നിർദേശങ്ങൾ രൂപപ്പെടുത്തിയത്. ജാഥയിലുയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഗുണതയ്ക്കായി നടത്തേണ്ട ഹ്രസ്വകാല – ദീർഘകാല നിർദേശങ്ങളാണ് തയാറാക്കിയത്. ഇതൊടൊപ്പം ഈ ആവശ്യമുന്നയിച്ചു കൊണ്ട് പൊതുജനങ്ങളിൽ നിന്നു ശേഖരിച്ച ഒരുലക്ഷം ഒപ്പുകളടങ്ങിയ നിവേദനവും മുഖ്യമന്ത്രിക്കു കൈമാറി.

കർമ്മപരിപാടി സംബന്ധിച്ച് പരിഷത്ത് ഭാരവാഹികൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയുമായും ചർച്ച നടത്തി.
ഡിസംബറിൽ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒരോ കുട്ടിയുടെയും അവസ്ഥ വിശകലനം ചെയ്ത് ആവശ്യമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാർച്ചുമാസത്തിനകം തന്നെ നിരന്തരവിലയിരുത്തലും പഠനപ്രവർത്തനങ്ങളും നടത്തി മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മിനിമംമാർക്ക് നിബന്ധന പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള കുട്ടുകളെയാവും കൂടുതലായി ബാധിക്കുകയെന്ന ആശങ്ക പരിഷത്ത് മന്ത്രിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗൗരവത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഗുണമേൻമയ്ക്കു വേണ്ടിയാണെന്ന അവകാശവാദത്തോടെ കൊണ്ടുവന്ന പരീക്ഷാ പരിഷ്കാരങ്ങളെ വിലയിരുത്തി പൊതുസംവാദമുയർത്താനായി ഇക്കഴിഞ്ഞ നവംബർ പതിന്നാലിനാണ് കാസർകോട്ടുനിന്ന് വിദ്യാഭ്യാസജാഥ ആരംഭിച്ചത്. സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് താഴെക്കൊടുക്കുന്നവയാണ്.

1. ഗുണമേന്മ ലക്ഷ്യം വെച്ച് ഈ വർഷം ഡിസംബർ വെക്കേഷൻ കഴിഞ്ഞ ഉടൻ കുട്ടികളുടെ പിന്നാക്കാവസ്ഥയുടെ തോതും രീതിയും കണ്ടെത്താൻ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകളിലും അരക്കൊല്ല പരീക്ഷയുടെ ഉത്തരപേപ്പർ വിശകലനം ചെയ്യണം. പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവരെ മുന്നോട്ടുകൊണ്ടു വരുന്നതിനുള്ള അക്കാദമികവും മറ്റു തരത്തിലുള്ളതുമായ പിന്തുണാ പാക്കേജ് തയ്യാറാക്കി ക്ലാസ് / സ്കൂൾ തലങ്ങളിൽ പ്രയോഗത്തിൽ കൊണ്ടുവരണം.

2. ഗുണത ഉറപ്പാക്കുന്ന തരത്തിലുള്ള പഠന – ബോധന പ്രവർത്തനങ്ങൾ നടത്താൻ മതിയായ പഠനദിനങ്ങൾ / പഠനമണിക്കൂറുകൾ ഈ വർഷം കിട്ടാനിടയില്ല. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുമായും മറ്റും ഇക്കാര്യം ചർച്ച ചെയ്ത് സാധ്യമായ പരിഹാരം കണ്ടെത്തണം.

3. ഈ വർഷം ഇനിയുള്ള എല്ലാ മാസങ്ങളുടെയും ഒടുവിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ ഫലപ്രദമായ കൂടിച്ചേരൽ നടത്തുകയും സാധ്യമായ മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ അതത് തലങ്ങളിൽ നടപ്പിലാക്കുകയും ചെയ്യണം.

4. അടുത്ത അക്കാദമികവർഷത്തെ ‘ഗുണനിലവാര വർഷ’മായി പ്രഖ്യാപിച്ചുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ സ്കൂളുകളിലെ അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള വാർഷികപാക്കേജ് തയ്യാറാക്കുന്നതിനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കേണ്ടതുണ്ട്.

5. പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്ന് ഈ വർഷം പുതുതായി ഇറക്കിയ പാഠപുസ്തകങ്ങളുടെ (1, 3,5,7 ക്ലാസുകൾ) ക്ലാസ് റൂം വിനിമയം വിലയിരുത്തി ഉള്ളടക്കത്തിലും വിനിമയത്തിലും സമയലഭ്യതയിലും മറ്റും വേണ്ട മാറ്റങ്ങൾ തിട്ടപ്പെടുത്താനും വരുംവർഷം അവയുടെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കാനും ഉടൻ നടപടി സ്വീകരിക്കേണ്ടതുണ്ട്.

6. അടുത്തവർഷത്തെ എല്ലാവിധ സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും മെയ് ഒന്നോടെ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണം.

7. പത്താം ക്ലാസിലെ നിരന്തരമൂല്യനിർണയ (CE) ഇനങ്ങൾ (പ്രോജക്റ്റ്, സെമിനാർ തുടങ്ങിയവ) ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും കുട്ടികൾ യഥാർത്ഥത്തിൽ അർഹിക്കുന്ന സ്കോർ ആണ് ഈ വിഭാഗത്തിൽ അവർക്ക് കിട്ടുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യണം

8. ഓരോ കുട്ടിയുടെയും സമഗ്രമായ വികസന പുരോഗതി രേഖ (Developmental Track Record) വർഷാവസാനത്തോടെ തയ്യാറാക്കുകയും ക്ലാസ് കയറ്റത്തോടൊപ്പം അത് അടുത്ത വർഷത്തെ ക്ലാസ്സ് അധ്യാപികയ്ക്ക് കൈമാറുകയും ചെയ്യണം.

9. ഈ അക്കാദമിക വർഷത്തിന്റെ അവസാനം രക്ഷിതാക്കളുടെ പ്രത്യേകമായ യോഗം സ്കൂൾ / ക്ലാസ് തലങ്ങളിൽ വിളിച്ച് ഈ വർഷം സ്കൂളിന് ഉണ്ടായിട്ടുള്ള നേട്ടങ്ങളും കുട്ടിയുടെ പഠനത്തിൽ ഉണ്ടായിട്ടുള്ള സവിശേഷമായ പുരോഗതിയും ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും അവരെ പ്രായോഗികമായി ബോധ്യപ്പെടുത്തുന്ന അവതരണങ്ങൾ നടത്തണം.

10. സമൂഹത്തിൽ ഉണ്ടാകുന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും പാഠ്യപദ്ധതിയുടെ രാഷ്ട്രീയത്തിലും അക്കാദമിക നിലപാടുകളിലും സാമൂഹ്യമായ സമീപനങ്ങളിലും ഊന്നിനിന്നുകൊണ്ടുള്ള മറുപടികളും വിശദീകരണങ്ങളും അപ്പപ്പോൾ നൽകണം.

സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരാഭായി, ജനറൽ സെക്രട്ടറി പി.വി ദിവാകരൻ, പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ എം.വി. ഗംഗാധരൻ, മുൻ പ്രസിഡണ്ടുമാരായ കാവുമ്പായി ബാലകൃഷ്ണൻ, ഒ.എം ശങ്കരൻ, ബി. രമേഷ്, ക്യാമ്പയിൻ സെൽ കൺവീനർ എം. ദിവാകരൻ, സംസ്ഥാന ട്രഷറർ പി.പി. ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജെ.ശശാങ്കൻ, സെക്രട്ടറി ജി.ഷിംജി എന്നിവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട സംഘത്തിലുണ്ടായിരുന്നു.

Categories: Updates