ഇന്ത്യയില്‍ ശാസ്ത്രത്തിന് ആദ്യമായി നോബല്‍ സമ്മാനം ലഭിക്കാനിടയായ രാമന്‍ പ്രഭാവം എന്ന വിശ്വപ്രസിദ്ധ ശാസ്ത്രപ്രതിഭാസം കണ്ടുപിടിച്ച ഫിബ്രവരി 28 ആണ് നാം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. സി.വി.രാമന് ശേഷം മറ്റൊരിന്ത്യന്‍ പൗരനും ഇന്ത്യന്‍ മണ്ണില്‍ വെച്ചുനടത്തിയ ശാസ്ത്രപരീക്ഷണത്തിന് ഇന്നുവരെ നോബല്‍ സമ്മാനം ലഭിച്ചിട്ടില്ല. ഹര്‍ഗോബിന്ദ ഖൊരാനയും എസ്. ചന്ദ്രശേഖരനും ചന്ദ്രശേഖരവെങ്കിട്ടരാമനും ഒക്കെ ഇന്ത്യന്‍ വംശജരാണെങ്കിലും അവര്‍ പരീക്ഷണങ്ങള്‍ നടത്തിയത് വിദേശത്താണ്. സാങ്കേതികമായി അവര്‍ക്കെല്ലാം വിദേശ പൗരത്വവുമാണ്. നുറ് ശതമാനവും സ്വദേശീയനായി, സ്വദേശത്ത് തന്നെ വികസിപ്പിച്ചെടുത്ത സങ്കേതങ്ങളുപയോഗിച്ച് അതിതീക്ഷണമായ ഇഛാശക്തിയും സ്ഥൈര്യവും ശാസ്ത്രബോധവും കൈമുതലാക്കിക്കൊണ്ടാണ് രാമന്‍ ശാസ്ത്ര സപര്യ തുടര്‍ന്നുപോന്നതും അതുവഴി മൊത്തം ശാസ്ത്രലോകത്തിന് തന്നെ പുതിയ സരണികള്‍ വെട്ടിത്തുറക്കാന്‍ പര്യാപ്തമായ തന്റെ കണ്ടെത്തലുകള്‍ നടത്തിയതും. ആ കണ്ടെത്തല്‍ പ്രഖ്യാപിച്ച ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് എന്തുകൊണ്ടും സമുചിതമാണ്.

ഈ വര്‍ഷത്തെ ദേശീയ ശാസ്ത്രദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ശാസ്ത്രദിനാചരണത്തിന്റെ വിഷയമായി ഈ വര്‍ഷം തെരഞ്ഞെടുത്തിരിക്കുന്നത് ശാസ്ത്രം രാഷ്ട്രവികസനത്തിന് എന്നതാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും രാഷ്ട്രപുനര്‍ നിര്‍മാണത്തിന് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ ഊന്നിപ്പറഞ്ഞതും അതിനായി അനവരതം പ്രവൃത്തിച്ചതും ശാസ്ത്ര-സാങ്കേതിക വിദ്യാ വികസനത്തിനുള്ള അതിവിശാലമായ അടിത്തറ പണിതതും ജവഹര്‍ലാല്‍ ആയിരുന്നു. അതിന് ശേഷം ഇത്തരമൊരു ആശയവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനപരിപാടികളും ചുരുങ്ങിച്ചുരുങ്ങി വരുന്നതാണ് നാം കണ്ടത്. ധാരാളം ഗവേഷണസ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രീയഗവേഷണത്തിന്റെ ആഴവും പരപ്പും കുറഞ്ഞുകുറഞ്ഞു വരുന്നതായാണ് അനുഭവം. ശാസ്ത്രഗവേഷണത്തിനും പഠനത്തിനും ഉള്ള ബഡ്ജറ്റ് അലോട്ട്‌മെന്റ് പോലും ഓരോ വര്‍ഷം കഴിയുംതോറും കുറഞ്ഞുവരുന്നു. നമ്മുടെ ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് ആവശ്യമായത്ര പരിഗണനയും രാഷ്ട്രപുനര്‍നിര്‍മാണമെന്ന ദിശാബോധവും നല്‍കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ചിലമേഖലകളില്‍ പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണം, കാര്‍ഷിക ഗവേഷണം തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം മറക്കുന്നില്ല. ഇന്നിപ്പോള്‍ നെഹറുവിന്റെ ശാസ്ത്രാഭിമുഖ്യം ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടും ആ സന്ദേശം മുന്നോട്ടുവെക്കുമ്പോള്‍ നാമെല്ലാം സന്തോഷവാന്മാരാണ്. ഇന്ത്യന്‍ ശാസ്ത്രത്തിന് ഒരിക്കല്‍കൂടി പുതിയ ഓജസ്സും തേജസ്സും വീണ്ടെടുക്കാനുള്ള അവസരമാണ് രാഷ്ട്രപുരോഗതിക്ക് ശാസ്ത്രസാങ്കേതികവിദ്യ എന്ന മുദ്രാവാക്യംതന്നെ.

ഇന്നിപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചില മുന്നുപാധികള്‍ കൂടിയേ തീരു എന്ന് പറയാതെവയ്യ. ആദ്യമായി വേണ്ടത് ശാസ്ത്രത്തോടുള്ള നമ്മുടെ സമീപനവും ശാസ്ത്രത്തെക്കുറിച്ചുള്ള മനോഭാവവും നേരാംവണ്ണമായിരിക്കണം എന്നതാണ്. ശാസ്ത്രം കേവലം അത്ഭുതങ്ങളുടെ സമാഹാരമോ കെട്ടുകഥകളോ മിത്തുകളിലും പുരാവൃത്തങ്ങളിലും ഒളിഞ്ഞിരിക്കുന്ന സൂത്രങ്ങളോ അല്ല. അത് മനുഷ്യന്റെ-മാനവരാശിയുടെ കഠിനമായ പ്രയത്‌നത്തിന്റേയും ത്യാഗോജ്വലവും ധീരവുമായ അന്വേഷണത്തിന്റേയും കണ്ടെത്തലിന്റേയും ആകെത്തുകയാണ്. ശാസ്ത്രമെന്നത് എവിടെയെങ്കിലുമുള്ള ഒരു സഞ്ചിത വിജ്ഞാനവുമല്ല. അവിരാമം വളരുന്ന, വളര്‍ത്തേണ്ട ഒരു മഹാപ്രസ്ഥാനമാണ് ശാസ്ത്രം. വളര്‍ന്നുകൊണ്ടുമാത്രം നിലനില്‍ക്കുന്ന ഒന്നാണത്. ഓരോ വളര്‍ച്ചയും അതുവരെയുള്ള വളര്‍ച്ചയുടെ മുഴുവന്‍ സാരാംശവും ഉള്‍ക്കൊണ്ടുകൊണ്ട് അതിന്റെ മുകളില്‍ സൃഷ്ടിക്കപ്പെടുന്ന പുതിയ പുതിയ മുകുളങ്ങള്‍ ആണ്. ഈ വളര്‍ച്ച സാധ്യമാകണമെങ്കില്‍ അതിന് വേണ്ട ഫലഭൂയിഷ്ഠതയും മറ്റൊട്ടനവധി സാമൂഹ്യസാഹചര്യങ്ങളുമുണ്ടാകണം. യുക്തിഭദ്രമായി ചിന്തിക്കുന്ന സമൂഹത്തിന്റെ പൊതു ഉല്പന്നമാണ് ശാസ്ത്രം. അവിടങ്ങളിലേ ശാസ്ത്രം വളരൂ. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ശാസ്ത്രത്തിന്റെ പ്രയോഗമാണ് സാങ്കേതികവിദ്യ. ഓരോ പുതിയ സാങ്കേതിക വിദ്യയും അന്നുവരെയുള്ള ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യകളുടേയും ഉല്പന്നമാണ്. ഇന്ന് നാം കാണുന്ന കമ്പ്യൂട്ടറുകളും മൊബൈലുകളും ഇതുവരെ ഉണ്ടായിട്ടുള്ള എത്രയോ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പരിണിതഫലമാണ്. വൈദ്യുതിയെക്കുറിച്ചുള്ള പ്രാഥമിക അറിവുകള്‍ മുതല്‍ ഇലക്‌ട്രോണിക്‌സിന്റെ ഉന്നത മേഖലകള്‍ വരെയും അതിനുമപ്പുറം ഗണിതത്തിന്റേയും ഇവയൊക്കെ അടിസ്ഥാനമാക്കിയുള്ള ഒട്ടനവധി സാങ്കേതിക വിദ്യകളുടേയുമൊക്കെ സമന്വയവും പരിണിതവുമാണ് നമ്മുടെ കൈയ്യാത്താവുന്ന ദൂരത്തിലുള്ള വിവരസാങ്കേതിക വിദ്യ. അതുപോലെ ശൂന്യാകാശയാത്രയും ചന്ദ്രായാനവും ഗ്രഹാന്തരയാത്രയും ഒക്കെ ഒരു സുപ്രഭാദത്തില്‍ നടന്നകാര്യമല്ല. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാര്‍ നൂറ്റാണ്ടുകളായി വികസിപ്പിച്ച ശാസ്ത്രചിന്തയുടേയും സാങ്കേതിക വിദ്യകളുടേയും ആകത്തുകയാണെന്ന് നാം തിരിച്ചറിയുമ്പോഴേ അതിന്റെ വലുപ്പം നമുക്ക് ബോധ്യമാകൂ. കുട്ടികളുടെ കൈയ്യിലെ കളിപ്പാട്ടംപോലെ അവ നമുക്കിന്ന് പരിചിതമാകുമ്പോള്‍ അതിന്റെ പിന്നിലെ നൂറ്റാണ്ടുകളിലെ ശാസ്ത്രവളര്‍ച്ചയും ആയിരക്കണക്കിന് മഹാപ്രതിഭകളുടെ കഠിനാദ്ധ്വാനവും ഒരു വേള വിസ്മരിച്ചുപോവുകയാണ്.

ഇന്ന് നമ്മുടെ കൈപ്പിടിയിലുള്ള മുഴുവന്‍ ശാസ്ത്രനേട്ടങ്ങളും സാങ്കേതികവിദ്യകളും ഒരു മഹാതുടര്‍ച്ചയുടെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ അതെല്ലാം പണ്ടുപണ്ടേ ഇവിടെ ഏതെങ്കിലും ഒരു മഹാ പ്രതിഭയുടെ പ്രവൃത്തിമൂലം ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ശാസ്ത്രത്തിന്റെ ആ അവിരാമമായ തുടര്‍ച്ചയുടെയും വളര്‍ച്ചയുടേയും പ്രസ്‌ക്തി നാം മറക്കുകയാണ്. ഈ മറവിയുടെ അല്ലങ്കില്‍ വിവരക്കേടിന്റെ അങ്ങേയറ്റം നമ്മുടെ ദേശീയ ശാസ്ത്രകോണ്‍ഗ്രസ്സിലും എത്തിയതായി നാം കണ്ടു. മനുഷ്യന്‍ ലിഖിതരൂപങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത് കേവലം മൂവായിരം വര്‍ഷങ്ങള്‍ മുമ്പ് മാത്രമാണ്. ഇന്ത്യയിലെ അറിയപ്പെട്ട ഏറ്റവും പുരാതന സംസ്‌കാരമായ മോഹന്‍ജദാരോ 2600 ആഇ യിലും ഹാരപ്പ 3000 ആഇ യിലുമെന്നാണ് ചരിത്രം പറയുന്നത്. മനുഷ്യന്‍ സ്ഥിരവാസമായതും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടുതുടങ്ങിയതുപോലും 8000 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. അതിനും മുമ്പെ വിമാനയാത്രകളും ഗ്രഹാന്തര പ്രയാണവുമൊക്കെ നടത്തിയിരുന്നു എന്ന അവകാശവാദം ഉന്നയിച്ചതാണ് നാം കണ്ടത്. ഇത് നമ്മുടെ ശാസ്ത്രലോകം കേട്ടിരിക്കുകയും ചെയ്തു എന്നറിയുമ്പോഴാണ് ശാസ്ത്രകാര്യങ്ങളില്‍ നാം എത്ര വലിയ പതനത്തിലാണ് എത്തിനില്‍ക്കുന്നത് എന്ന് തിരിച്ചറിയുക. മിത്തുകളെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ഗണപതിയുടെ ആനത്തല പണ്ടുപണ്ടേ ഇവിടെ ഉണ്ടായിരുന്ന ജനിതക സാങ്കേതിക വിദ്യയുടെ പ്രയോഗം മൂലം സൃഷ്ടിച്ചതാണ് എന്ന് ഭരണ നേതൃത്വം പോലും പറയുന്നത്. ഇത് ശാസ്ത്രവിരുദ്ധതമാത്രമല്ല, ഗണപതിയെന്ന സൗന്ദര്യ സങ്കല്പത്തെ, ഡോളി എന്ന ജനിതകമാറ്റം വരുത്തിയ ആടിനെപ്പോലെ ചുരുക്കിക്കളയുന്ന വലിയ ക്രൂരതകൂടിയാണ്. ഇങ്ങനെ മിത്തുകളും പുരാണകഥകളും ഒക്കെ ശാസ്ത്രമായികാണുമ്പോള്‍ ശാസ്ത്രത്തോട് വളരെ വലിയ അപരാധമാണ് നാം ചെയ്യുന്നത്. ഇത്തരത്തിലുള്ള സങ്കല്പങ്ങളും ചിന്തകളും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും തുടര്‍ന്നുള്ള വളര്‍ച്ചക്ക് പ്രതിലോമം സൃഷ്ടിക്കുമെന്ന് നാം കൃത്യമായി തിരിച്ചറിയണം.

ഇവിടെ വളര്‍ച്ച എന്ന് പറഞ്ഞത് മുന്നോട്ടുള്ള വളര്‍ച്ച മാത്രമല്ല. ശാസ്ത്രത്തിന്റെ പ്രയോഗവും നേട്ടവും മാനവരാശിക്കു മുഴുവന്‍ ലഭ്യമാകുന്നവിധം പരമാവധി പരക്കലും കൂടിയാണ്. അതാണ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ തിരശ്ചീനമായ വളര്‍ച്ച. ഈ ദ്വിമാന വളര്‍ച്ചയാണ് രാഷ്ട്രപുരോഗതിക്ക് അടിസ്ഥാനം. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും ഗുണഫലം ലഭിക്കാത്ത കോടിക്കണക്കിന് ജനത നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. മേല്പറഞ്ഞ മറവിയും മിത്ഥ്യാബോധങ്ങളും സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളാണ് എല്ലാതരത്തിലുമുള്ള ശാസ്ത്രവളര്‍ച്ച ഉണ്ടായിട്ടും വെള്ളവും വെളിച്ചവുമില്ലാതെയും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെയും പാര്‍പ്പിടവും മാന്യമായ തൊഴിലും വേതനവുമില്ലാതെയും കഠിനമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെടാന്‍ കാരണം. അത്തരം ജനകോടികളുള്ള നമ്മുടെ രാജ്യത്ത് രാഷ്ട്രപുനനിര്‍മ്മാണമെന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പ്രയോഗത്തില്‍തന്നെയാണ് കുടികൊള്ളുന്നത്. അതായത് ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനോടൊപ്പം അതിന്റെ പ്രാപ്യതയും ഗുണഫലവും സമൂഹത്തില്‍ മുഴുവന്‍ പ്രസരിക്കണം. അതില്‍തന്നെ മുന്‍ഗണന ശാസ്ത്രബോധത്തില്‍ നിന്നും ശാസ്ത്രനേട്ടത്തില്‍ നിന്നും ചരിത്രപരമായി അന്യവല്‍ക്കരിക്കപ്പെട്ടുകിടക്കുന്ന ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് തന്നെയായിരിക്കുകയും വേണം. അന്ധവിശ്വാസങ്ങളിലും വിധിവിശ്വാസങ്ങളിലും തളച്ചിടപ്പെടുന്ന ജനതയുടെ കൂടെപ്പിറപ്പാണ് ദാരിദ്ര്യവും അജ്ഞതയും പിന്നെ വര്‍ധിച്ചുവരുന്ന രോഗാതുതയും.

ഇന്ത്യയില്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത 80,000 ഗ്രാമങ്ങളുണ്ടത്രെ. നമ്മുടെ ഭൂഗര്‍ഭജലശേഖരണവും വര്‍ഷാവര്‍ഷം പെയ്തുകിട്ടുന്ന മഴവെള്ളസ്രോതസ്സും ഈ ആവശ്യങ്ങളുടെ എത്രയോ മടങ്ങാണ്. നമ്മുടെ സ്‌പേസ് പ്രോഗ്രാം രാജ്യത്തെ സമ്പൂര്‍ണ ഹൈഡ്രോമോര്‍ഫോളജിക്കല്‍ മാപ്പിങ്ങ് ചെയ്യാന്‍ വേണ്ടി വികസിപ്പിച്ച് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ കഴിയുന്നതാണ്. 30 കോടിയോളം നിരക്ഷരരാണ് നമ്മുടെ രാജ്യത്തിന്നുള്ളത്. ഒരു സാക്ഷരതാവിപ്ലവത്തിനും അവരെ സാക്ഷരരും യുക്തിഭദ്രമായി ചിന്തിക്കുന്നവരും ആക്കി തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മഹാജനസഞ്ചയത്തിന്റെ നിരക്ഷരതാ നിര്‍മാര്‍ജനത്തിന് ഇന്നത്തെ വിവരവിപ്ലവ സങ്കേതം വികസിപ്പിക്കാന്‍ കഴിയില്ലെ? കോഗ്‌നീഷ്യന്‍, ലാഗ്വേജ് & കമ്മ്യൂണിക്കഷന്‍ സാധ്യതകളുപയോഗിച്ച് ഗ്രാഫിക്പാറ്റേണ്‍ വികസിപ്പിച്ച് കാഴ്ചയേയും കേള്‍വിയേയും സമന്വയിപ്പിച്ച്‌കൊണ്ട് സാക്ഷരതാപഠനത്തിന് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാം. ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച എഫ്.സി. കോഹ്‌ലി എന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഇപ്പോള്‍ ആഫ്രിക്കയിലാണ് പ്രവൃത്തിക്കുന്നത് എന്നാണറിയാന്‍ കഴിഞ്ഞത്. അതുപോലെ വികസനത്തിന്റെ മറ്റൊരടിസ്ഥാനഘടകമാണ് ഊര്‍ജലഭ്യത. ഇന്ത്യയില്‍ ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ക്ക് വൈദ്യുതിയെന്നത് തലക്ക്മുകളിലൂടെയുള്ള തടിച്ച കമ്പിയിലൂടെ പോകുന്ന കാണാനോ അറിയാനോ കഴിയാത്ത ഒന്നാണ്. അവരുടെ ജീവിതത്തിലേക്കും ഇരുണ്ട രാത്രികളിലേക്കും വൈദ്യുതി വെളിച്ചം എത്തിക്കാന്‍ എന്നാണ് നമുക്ക് കഴിയുക? ഒരു വര്‍ഷംമുഴുവന്‍ നമുക്ക് ആവശ്യമായത്രയും ഊര്‍ജം ഓരോ മണിക്കൂറിലും സൂര്യനില്‍നിന്ന് ഇവിടെയെത്തുന്നുണ്ട്. സൂര്യപ്രകാശം പ്രയോജനപ്പെടുത്തി ഫോട്ടോവോള്‍ട്ടേയക് സാങ്കേതികവിദ്യ ഉപയോഗിച്ച് വികേന്ദ്രീകൃത ഉല്പാദനരീതി വികസിപ്പിച്ചാല്‍ നമ്മുടെ സര്‍വ ഊര്‍ജ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാങ്കേതിക വിദ്യയും സാമ്പത്തിക കാര്യങ്ങളും കൈയ്യാത്താവുന്ന ദൂരത്ത് മാത്രമാണ്. എന്നാല്‍ നമ്മുടെ മുന്‍ഗണനകള്‍ ഇന്ന് ഇതിലും കൂടുതല്‍ സാമ്പത്തികവും സാങ്കേതികവുമായ ദുര്‍ഘടങ്ങള്‍ ഏറെയുള്ള വന്‍കിട ആണവപദ്ധതികള്‍ക്കാണ്. സൗരജനാധിപത്യത്തിലൂടെ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള അതി തീവ്രമായ ഇഛാശക്തികൂടി ഉണ്ടായാലേ ശാസ്ത്രം രാഷ്ടപുരോഗതിക്ക് എന്ന മുദ്രാവാക്യം അര്‍ത്ഥവത്താകൂ. ഏതാനും ചിലകാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം. ഇതുപോലെ കാര്യങ്ങള്‍ ഏറെയുണ്ട്.

ശാസ്ത്രം രാഷ്ട്ര നിര്‍മ്മാണത്തിന് എന്നതിന്റെ അര്‍ത്ഥവ്യാപ്തി വളരെവലുതാണ്. ശാസ്ത്രത്തെ കെട്ടുകഥകളും ദിവ്യാത്ഭുതങ്ങളും ഒക്കെയായി അവതരിപ്പിക്കാതെ അതിന്റെ ജനകീയമായ പ്രയോഗവും, ശാസ്ത്രത്തിന്റെ ശരിയായ രീതികളും ഉള്‍ക്കൊള്ളുക എന്നതാണ് ഏറ്റവും സുപ്രധാനം. ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്ന് പറഞ്ഞ് വിധിവിശ്വാസങ്ങളില്‍ തളച്ചിട്ടുകൊണ്ട് ഇന്ത്യന്‍ ജനതയെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയില്ല. അവരെ ചിന്തിക്കാന്‍ പഠിപ്പിക്കുക – യുക്തിഭദ്രമായി ചിന്തിക്കാനും തങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ് അതിന് പരിഹാരം തങ്ങള്‍ തന്നെ കണ്ടെത്തേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുകയും, അങ്ങനെ പ്രവൃത്തിക്കാനുളള ചുറ്റുപാട് സൃഷ്ടിക്കുകയും ചെയ്താല്‍ അവര്‍ താനേ വളര്‍ന്നുകൊള്ളും. അത്തരമൊരു രാഷ്ട്രപുനര്‍ നിര്‍മാണമാണ് നാം സ്വപ്നം കണ്ടിരുന്നത്. ശാസ്ത്രത്തിന്റെ നേട്ടവും ശാസ്ത്രത്തിന്റെ രീതിയും ഒരുപോലെ ജനസാമാന്യത്തിലേക്കെത്തിക്കാന്‍ പര്യാപ്തമായ ഒരു ശാസ്ത്രനയത്തിനുള്ള അന്വേഷണമാണ് ശാസ്ത്രദിന ചിന്തകളില്‍ സമുചിതം.

പ്രൊഫ. കെ. ശ്രീധരന്‍

Image:Wikipedia

Categories: Updates