49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് 49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേള്‍സ് ഹൈസ്കൂളില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന വാര്‍ഷികം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘വേണം മറ്റൊരു കേരളം‘ ക്യാമ്പയിന് ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള പഠനം, ബദല്‍ പ്രവര്‍ത്തനം, ക്രിയാത്മക ഇടപെടല്‍ എന്നിവ കേരളത്തിലെ 136 മേഖലകളില്‍ നടക്കും. നെല്‍ക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാര്‍ഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനല്കി. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാര്‍ഷിക സെമിനാറുകള്‍ നടത്തും. പഞ്ചായത്തുകളില്‍ കാര്‍ഷിക കൂട്ടായ്മകള്‍,വീട്ടുമുറ്റക്ലാസുകള്‍, ബയോഗ്യാസ് പ്ലാന്റ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സി.ബി.എസ്.ഇ.-കേരള സിലബസുകളെ താരതമ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ എജ്യുക്കേഷണല്‍ റിസര്‍ച്ച് യൂണിറ്റ് തയ്യാറാക്കിയ പഠനഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ഇതിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വ്യാപകമായ രക്ഷാകര്‍തൃ ബോധവത്കരണപരിപാടികള്‍ സമ്മേളനം ആസൂത്രണം ചെയ്തു. കേരള ആരോഗ്യമാതൃക സംരക്ഷിക്കുന്നതിനും ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. മാലിന്യസംസ്കരണത്തിന് ബദല്‍ മാതൃകകള്‍ പ്രചരിപ്പിക്കും.മദ്യാസക്തിക്കും ജീവിതശൈലീരോഗങ്ങള്‍ക്കും എതിരായ ബോധവത്കരണം നടത്തും.
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിസ്ഥിതി ധ്വംസനങ്ങള്‍ക്ക് എതിരായി പഠനവും പ്രതിരോധവും സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളുടെ വിവരണശേഖരണം നടത്തും. പശ്ചിമഘട്ടം, തീരപ്രദേശം സംരംക്ഷണപ്രവര്‍ത്തനം കുന്നിടിക്കല്‍, വയല്‍ നികത്തല്‍ എന്നിവയ്ക്കെതിരായ ക്യാമ്പയിന് എന്നിവ ശക്തമാക്കും. പ്രാദേശികതല പരിസരസേന രൂപീകരിക്കും.
സ്ത്രീസൗഹൃദഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും. കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു; എങ്ങനെ ചിന്തിക്കുന്നു എന്ന പഠനത്തെ അവലംബിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കും.
പരിഷത്തിന്റെ സ്ഥാപകരിലൊരാളും പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവുമായ പി.ടി. ഭാസ്കരപ്പണിക്കര് സ്മാരക പ്രഭാഷണം സമ്മേളനത്തില്‍ നടന്നു.ഉത്തരാധുനികതയും കേരള സമൂഹവും എന്ന വിഷയത്തില്‍ ഡോ. എം. വി.നാരായണനാണ് പ്രഭാഷണം നിര്‍വഹിച്ചത്. വിദ്യാഭ്യാസ സിലബസുകളുടെ താരതമ്യപഠനം ഡോ. നൈനാന്‍കോശി പ്രകാശനം ചെയ്തു. പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്, കാവുമ്പായി ബാലകൃഷ്ണന് എന്നിവര്‍ സംഘടനാരേഖ അവതരിപ്പിച്ചു. പരിഷത്തിന്റെ പുതിയ ഐ.ടി. സംരംഭമായ ‘വിക്കിപരിഷത്ത്‘ഡോ. എം.പി. പരമേശ്വരന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ.ദേവരാജന്‍, വിഷയസമിതി കണ്‍വീനര്‍മാരായ പി.വി. സന്തോഷ്, ജോജി കൂട്ടുമ്മേല്‍, എന്‍. ശാന്തകുമാരി, സി.പി. സുരേഷ്ബാബു എന്നിവര്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സി.പി.നാരായണന്, വി.കെ.ജയ്സോമനാഥന്‍ എന്നിവര്‍ എ.ഐ.പി.എസ്.എന്‍, ബി.ജി.വി.എസ്.പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
(വിശദമായ പത്രക്കുറിപ്പിന് അറ്റാച്ച്മെന്റ് കാണുക അല്ലെങ്കില്‍www.wiki.kssp.in കാണുക)