കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അൻപത്തി ഒൻപതാം സംസ്ഥാനവാർഷികം എറണാകുളം ജില്ലയിലെ കോലഞ്ചേരി കടയിരുപ്പ് ശ്രീനാരായണഗുരുകുലം എഞ്ചിനീയറിങ്ങ് കോളേജിൽ വച്ച് ജൂൺ 10,11,12 തീയതികളിൽ സംഘടിപ്പിക്കുകയുണ്ടായി. 500 ഓളം സമ്മേളന, സൗഹാർദ്ദ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം പ്രശസ്ത ശാസ്ത്രജ്ഞനും കവിയും ഡോക്യുമെൻ്ററി സംവിധായകനുമായ ഡോ.ഗൗഹർ റാസ ഉദ്ഘാടനം ചെയ്തു. പതിമൂന്നാമത് പി ടി ബി സ്മാരക പ്രഭാഷണം “നവകേരളത്തിന് ഒരു സാംസ്കാരിക പരിപ്രേക്ഷ്യം” എന്ന വിഷയത്തിൽ ഡോ.അനിൽ ചേലേമ്പ്ര നിർവ്വഹിച്ചു.
11, 12 തീയതികളിൽ നടന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം ബി.രമേഷ് സംസ്ഥാന പ്രസിഡൻ്റ് ആയും ജോജി കൂട്ടുമ്മേൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എം.സുജിത്ത് ആണ് ട്രഷറർ. ഡോ.വി.കെ ബ്രിജേഷ്, ടി.ലിസി എന്നിവർ വൈസ് പ്രസിഡൻ്റുമാരായും പി.രമേഷ് കുമാർ, ടി.പ്രദോഷ്, എൽ.ഷൈലജ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.യു.നന്ദകുമാർ ശാസ്ത്രഗതി എഡിറ്ററായും ടി.കെ.മീരാഭായി യുറീക്ക എഡിറ്ററായും, ടി.കെ.ദേവരാജൻ ശാസ്ത്രകേരളം എഡിറ്ററായും സി.റിസ്വാൻ ലൂക്ക എഡിറ്ററായും ജി.സാജൻ സയൻസ് കേരള ചാനൽ എഡിറ്ററായും നിയോഗിക്കപ്പെട്ടു. ഇവർക്ക് പുറമേ വിവിധ വിഷയ-ഉപ സമിതികളുടെ ചെയർപേഴ്സണ്മാരേയും കൺവീനർമാരേയും 51 അംഗ നിർവ്വാഹക സമിതിയേയും സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി.
കേരള പഠനം, സിൽവർ ലൈൻ പഠനം എന്നിവയുടെ റിപ്പോർട്ട് യഥാക്രമം ഡോ.കെ.പി. അരവിന്ദനും ഡോ.ടി.ആർ സുമയും സമ്മേളനത്തിൽ അവതരിപ്പിച്ചു.
സിൽവർ ലൈൻ സംബന്ധിച്ചത് ഉൾപ്പെടെ 5 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സിൽവർ ലൈൻ കേരളത്തിന്റെ ഗതാഗത വികസനത്തിലെ മുൻഗണനയല്ലെന്നും ഈ വിഷയം വിദഗ്ധരുമായും ജനങ്ങളുമായും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ലംഘിക്കരുത് , ആദിവാസി മേഖലകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുന:പരിശോധിക്കണം, വർധിച്ചുവരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും വേണം, ഔഷധ വില വർധന പിൻവലിക്കുകയും ജനകീയ ഔഷധനയം നടപ്പാക്കുകയും വേണം എന്നീ പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. പ്രൊഫ.ടി.പി. കുഞ്ഞികണ്ണൻ, വി.വിനോദ്, ഡോ. ടി.ആർ.സുമ, സി.പി.സുരേഷ് ബാബു, ടി.സത്യനാരായണൻ എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.