സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍
സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആഹാരം, വസ്ത്രം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങള്ക്കായി ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
വിവിധ മേഖലകളിലുള്ള നയങ്ങള്‍ പരസ്പരബന്ധമില്ലാതെ നിലനില്‍ക്കുകയാണ്. അതില്‍ മാറ്റം വരേണ്ടതുണ്ട്. ജനസാന്ദ്രതയിലെ വര്‍ദ്ധനവ് വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗത്തിന് വഴി തെളിക്കുന്നു.ഇതിലൂടെ അനൌപചാരികമായ സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിക്കുകയാണ്.
പരിസ്ഥിതിയും പ്രധാനപ്പെട്ട ഒരു മേഖലയാണ്. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കണക്കിലെടുത്ത് വ്യവസായങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും കാര്‍ബണ്‍ ടാക്സിംഗ് നടപ്പാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണപരിപാടികള്ക്ക് ആക്കം കൂട്ടാന്‍ കഴിയുന്നതാണ്. മാലിന്യത്തെ മാലിന്യമായി കണക്കാക്കാതെ അതിനെ ഒരു വിഭവമായി കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണം. മാലിന്യത്തെ ഊര്ജ്ജോല്പ്പാദനത്തിനായി വിനിയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ് അത് നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഭൂമി-ജലം-വായു എന്നിവ പൊതു സ്വത്തായി അംഗീകരിച്ചു കൊണ്ടേ സുസ്ഥിരവികസനം എന്ന ആശയം നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍ തുടങ്ങിയ ഹരിതവിപ്ലവ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതും കൃഷിയുടെ വികസനത്തിന് സഹായകരമാണ്. മനുഷ്യവിഭവ ശേഷിയുടെ വികസനത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുകയും വിദ്യാഭ്യാസ സംവിധാനങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ആവശ്യത്തിനനുസരിച്ച് മാത്രം ആസൂത്രണം ചെയ്യേണ്ടതുമാണ്. ഇങ്ങിനെ പ്രകൃതിയോടിണങ്ങുന്നതും സുസ്ഥിരവുമായ വികസനരീതികളിലൂടെ മാത്രമേ വരും കാലത്തെ വികസനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നമുക്കാവൂ.
അങ്കമാലി, നായത്തോട് മഹാകവി ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം ശ്രീ. ഹരി ചെറായിയുടെ ശ്രുതിമധുരമായ ഗാനത്തോടെ ആരംഭിച്ചു. ക്യാമ്പില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശ്രീ.എ.പി മുരളീധരന് സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രസിഡന്റ് ശ്രീ. കാവുമ്പായി ബാലകൃഷ്ണന് അധ്യക്ഷപ്രസംഗം നടത്തി. അങ്കമാലി നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി വത്സല ഹരിദാസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആള് ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക് ചെയര്മാന് ശ്രീ. സി.പി നാരായണന്, പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.ടി.പി. ശ്രീശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശ്രീ.ഇ.ടി രാജന് നന്ദി പറഞ്ഞു.