സൈബര്‍ സ്വാതന്ത്യം സംരക്ഷിക്കണം – 
ശാസ്ത്രസാഹിത്യ പരിഷത്ത്  

 അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്യ്രത്തെ ഇല്ലാതാക്കുംവിധം  ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെയും സ്വതന്ത്രപ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് എറണാകുളത്തുചേര്‍ന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി. കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.  ഇ മെയിലുകളും ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പുകളും മുതല്‍ സോഷ്യല്‍ മീഡിയ വരെ വിവരസാങ്കേതികവിദ്യ നല്കുന്ന പുതിയ സാധ്യതകള്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കാന്‍ കുത്സിത മാര്‍ഗങ്ങള്‍ തേടുകയാണ്. ഇന്ത്യയിലും ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കുമുള്‍പ്പെടയുള്ള സേവനദാതാക്കളോട് അവയുടെ ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അതിന്റെ ഉദാഹരണമാണ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും  മറ്റു കുറ്റകൃത്യങ്ങളും തടയാന്‍   നിലവിലുള്ള   നിയമങ്ങള്‍തന്നെ പര്യാപ്തമാണെന്നിരിക്കെ ഐ.ടി. മേഖലയ്ക്കുമാത്രമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈന്‍ പൈറസി തടയുക, പേറ്റന്റ്  അവകാശം സംരക്ഷിക്കുക തുടങ്ങിയവയ്ക്കായി അമേരിക്ക കൊണ്ടുവന്ന  നിയമങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്യ്രത്തിന് ആഗോളതലത്തില്‍ ഭീഷണിയാവുകയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ വലിയൊരു ശക്തി അതുനല്കുന്ന സ്വാതന്ത്യ്രമാണ്. ഭരണഘടനനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിന്റെ ഭാഗവുമാണത്. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ജനാധിപത്യത്തിനു ഭീഷണിയാകും.

അമേരിക്കയിലും ഈജിപ്തിലും ചൈനയിലുമെന്നപോലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറാനും അഭിപ്രായസ്വാതന്ത്യ്രം പരിമിതപ്പെടുത്താനും ഭാരതസര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുകയാണെന്ന് കണ്‍വെന്‍ഷനില്‍ വിഷയമവതരിപ്പിച്ച  സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞുഇതിന്  പറയുന്ന മുഖ്യകാരണങ്ങള്‍ മതതീവ്രവാദം, ചൈല്‍ഡ് പോര്‍ണോഗ്രഫി തുടങ്ങിയവയാണെങ്കിലും ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇന്റര്‍നെറ്റുവഴി വലിയതോതില്‍ വ്യാപിക്കുന്നതു തടയുക എന്നതാണ് യഥാര്‍ഥലക്ഷ്യമെന്ന് ഗൂഗിള്‍   ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഹിതകരമല്ലാത്ത ഉള്ളടക്കം ചേര്‍ത്തവരുടെ വിവരങ്ങള്‍ നല്കാന്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതുസംബന്ധിച്ച് ഗൂഗിള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട്  മൂന്നുപേരുടെ വിവരങ്ങളും  ദേശവിരുദ്ധതയുമായി ബന്ധപ്പെട്ട് ഒരാളുടെ വിവരവും ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശവുമായി ബന്ധപ്പെട്ട 255 പേരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കായി 2011 ല്‍ ഐ.ടി.ആക്ടില്‍ വരുത്തിയ ഭേദഗതികള്‍ ചര്‍ച്ചപോലുമില്ലാതെ പാസ്സാക്കുകയായിരുന്നു എന്നത്  ഇതിലുള്ള അപകടം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നുവെന്നും സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു

സംസ്ഥാന ഐ.ടി. സബ്കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.കെ. സുജിത്, വി.കെ.ആദര്‍ശ്, അശോകന്‍ ഞാറയ്ക്കല്‍, ശിവഹരിനന്ദകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. തങ്കച്ചന്‍, ടി.പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

(കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ പി.ഡി.എഫായി അറ്റാച്ച് ചെയ്തിരിക്കുന്നത് കാണുക)

Categories: Updates