കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം. ഇതിൽ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അത് വഴി നിർണയിക്കപ്പെടുന്ന സാമൂഹിക പദവിക്കുമാണ് ഊന്നൽ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽപങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതു ഇടങ്ങളിൽ അവർ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.

സ്ത്രീപഠനത്തെക്കുറിച്ച്

കേരള മാതൃകയുടെ നേട്ടങ്ങൾ സാമൂഹ്യ-സാമ്പത്തിക പഠനങ്ങളിലും രാഷ്‌ട്രീയ സംവാദങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഒരു അവികസിത രാജ്യത്തിനകത്ത്‌ നിലനിൽക്കെത്തന്നെ ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും മേന്മയുടേതായ ഉയർന്ന സൂചികകൾ തുടർച്ചയായി നിലനിൽക്കുന്നു എന്നതാണ്‌ കേരള വികസന മാതൃകയുടെ മുഖ്യ സവിശേഷത. എന്നാൽ, ഈ മാതൃകയിലൂടെ ഉയർന്നുവന്ന മികവുകളുടെ തുടർനിലനിൽപ്പും അതിനാധാരമായ രാഷ്‌ട്രീയ-സാമൂഹ്യ അടിത്തറയുടെ കെട്ടുറപ്പും ചോദ്യം ചെയ്യുന്ന നിരവധി പ്രവണതകൾ ഈയടുത്ത കാലത്ത്‌ സംവാദ വിഷയമായിട്ടുണ്ട്‌. കേരള സമൂഹത്തിലും സമ്പദ്‌ വ്യവസ്ഥയിലും പ്രകടമാവുന്ന നിരവധി വൈരുധ്യങ്ങൾ സാമൂഹ്യശാസ്‌ത്ര വിദ്യാർഥികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്‌ വിഷയീഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

1976 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌, ഗ്രാമശാസ്‌ത്രസമിതി പ്രവർത്തനങ്ങൾ എന്നിവ തൊട്ട്‌ ഈ മേഖലയിൽ തുടർച്ചയായി വികസിച്ചുവന്ന ജനകീയ ശാസ്‌ത്ര പ്രവർത്തനങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ സുപ്രധാന ഇടപെടലായിരുന്നു കേരള പഠനം. 2004 ൽ നടന്ന ഈ ജനകീയ വിവരശേഖരണത്തെ അടിസ്ഥാനമാക്കി `കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?’ എന്ന പേരിൽ 2006 ൽ ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇതിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ `A Snapshot of Kerala- Life and Thoughts of the Malayalee People’ എന്ന പേരിൽ 2010ലും ലഭ്യമാക്കി.

കേരളപഠനത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും രൂപപ്പെടുത്തുന്നതിനായി 2002 ഏപ്രിലിൽ തിരുവനന്തപുരത്തെ “സെന്റർ ഫോർ ഡവലപ്‌മെന്റ്‌ സ്റ്റഡീസിൽ നടന്ന ശിൽപ്പശാല മുതൽ നിരവധി കൂടിയിരിപ്പുകളും ചർച്ചകളും നടക്കുകയുണ്ടായി. കേരള സമൂഹത്തിന്റെ പ്രാതിനിധ്യം പ്രതിഫലിക്കുന്ന വിധത്തിൽ 5600 വീടുകൾ പഠനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നഗര-ഗ്രാമ വ്യത്യാസങ്ങൾ കൂടി പരിഗണിച്ച്‌ പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിൽ ജനസംഖ്യാനുപാതികമായി നിശ്ചിത എണ്ണം വീടുകൾ തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. ഈ സാമ്പിൾ കേരളത്തിന്റെ ഒരു പരിഛേദം തന്നെയായിരുന്നു. ഇത്‌ പഠനത്തിന്റെ ആധികാരികതയ്‌ക്ക്‌ ശക്തി പകർന്നിട്ടുണ്ട്‌.

രണ്ട്‌ തരം വിവരങ്ങളുടെ ശേഖരണത്തിനും വിശകലനത്തിനുമാണ്‌ കേരള പഠനം ഊന്നൽ നൽകിയത്‌. കുടുംബത്തിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ കൃത്യമായി അപഗ്രഥിക്കാൻ ഉതകുന്ന മതം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വരുമാനം, വീട്‌, ഭൂ ഉടമസ്ഥത, കൃഷി, ഉപഭോഗച്ചെലവ്‌, ചികിത്സാച്ചെലവ്‌, കടം എന്നിങ്ങനെയുള്ള വിവരങ്ങളാണ്‌ ഇതിലെ പ്രധാന ഭാഗം. 1987 ൽ പരിഷത്ത്‌ നടത്തിയ ആരോഗ്യ സർവേയിലെ വിവരങ്ങളുമായി താരതമ്യപ്പെടുത്താനുതകുന്ന രോഗാതുരത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച്‌ വിശകലനം ചെയ്‌തിരുന്നു.

രണ്ടാമത്തെ ഭാഗം വിവിധ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരുടെ അഭിപ്രായ രൂപീകരണമായിരുന്നു. അവരുടെ നിലപാടുകളും സമീപനങ്ങളും പൊതുവായി അറിയുന്നതിനും താരതമ്യപ്പെടുത്തുന്നതിനുമുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്‌. ഭക്ഷണരീതി, സാംസ്‌കാരിക വിനിമയങ്ങൾ, മാധ്യമം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ആഗോളവൽക്കരണം, ഉപഭോഗം, സർക്കാർ, സ്വാശ്രയത്വം, ജെൻഡർ, വിവാഹം, ക്രിമിനലീകരണം, സ്വത്വം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പൊതു സമീപനങ്ങളും അവയുടെ പശ്ചാത്തലവും വിശകലനം ചെയ്യാനാവശ്യമായ വിവര ശേഖരണത്തിനാണ്‌ ശ്രമം നടത്തിയത്‌.

ഇതിൽ ഒന്നാം വിഭാഗത്തിലെ പഠനവിവരങ്ങൾ ഗണാത്മകവും (Quantitative) രണ്ടാം വിഭാഗത്തിലെ വിവരങ്ങൾ ഗുണാത്മകവും (Qualitative) ആണെന്ന്‌ വിശേഷിപ്പിക്കാം. വിവിധ തലങ്ങളിൽ പരിശീലനം നൽകിയ ശേഷം പരിഷത്ത്‌ പ്രവർത്തകരുടെ 2-3 പേരടങ്ങിയ ടീമുകളാണ്‌ വിവരശേഖരണം നടത്തിയത്‌. അടിസ്ഥാനപരമായി ഇത്‌ കുടുംബത്തെ ആധാരമാക്കി നടത്തിയ വിവരശേഖരണമാണ്‌. തികച്ചും ജനകീയമായി (സാമ്പത്തിക ചെലവുകൾ ഉൾപ്പെടെ) സംഘടിപ്പിച്ചതും, പ്രാഥമിക വിവരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ളതുമാണ്‌ ഈ പഠനമെന്ന സവിശേഷതയുമുണ്ട്‌.

തൊഴിലും വരുമാനവും ജീവിതസാഹചര്യങ്ങളും വിശകലനം ചെയ്‌തുകൊണ്ട്‌ ഇവയുമായി ബന്ധപ്പെട്ട്‌ സാമൂഹ്യ പദവിയിലുണ്ടായ ഉയർച്ച-താഴ്‌ച്ചകൾ പ്രത്യേകമായി അപഗ്രഥന വിധേയമാക്കുന്നു എന്നതാണ്‌ ഈ പഠനത്തിന്റെ മറ്റൊരു സവിശേഷത. വീടിന്റെ ഭൗതികപശ്ചാത്തലം, പ്രതിശീർഷവരുമാനം, പ്രതിശീർഷ ചെലവ്‌, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഉടമസ്ഥത എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു composite index ന്റെ സഹായത്തോടെ നാല്‌ വ്യത്യസ്‌ത സാമ്പത്തിക വിഭാഗങ്ങളായി കുടുംബങ്ങളെ വർഗീകരിച്ചുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ നടത്തി എന്നത്‌ ഈ പഠനത്തിന്റെ മൗലികമായ പ്രത്യേകതയാണ്‌.

കേരള സമൂഹത്തിലെ വർധിച്ചുവരുന്ന അസമത്വത്തിന്റെ അടയാളപ്പെടുത്തൽ, കുടുംബങ്ങളുടെ കടം, ദരിദ്രവിഭാഗങ്ങളുടെ ആസ്‌തികളിലെ ചോർച്ച, കുതിച്ചുയരുന്ന ചികിത്സാ ചെലവ്‌, പ്രായഘടനയുടെ പ്രത്യേകതകൾ, ഉപജീവന മാർഗങ്ങളും വരുമാനവുമായി ബന്ധപ്പെട്ട കൃത്യതയാർന്ന നിഗമനങ്ങൾ, സാമൂഹ്യ പദവിയിലെ ഉയർച്ച-താഴ്‌ച്ചകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യക്തമായ ചിത്രം നൽകുന്ന വിവര സഞ്ചയമാണ്‌ ഈ പഠനത്തിലൂടെ ലഭിച്ചത്‌. ജാതി-മത വിഭാഗങ്ങളും സാമൂഹ്യ സാമ്പത്തിക പദവിയും സമീപനങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധങ്ങളും വിശകലനത്തിനു വിധേയമായിട്ടുണ്ട്‌ (വിശദമായ അന്വേഷണങ്ങൾക്ക്‌ കേരളപഠനം 2006, A Snapshot of Kerala 2010- എന്നീ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരണങ്ങൾ കാണുക).