കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ സമരമുഖത്താണ്. അവരുടെ ആവശ്യങ്ങള്‍ ന്യായവുമാണ്. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളവര്‍ധനവ് നടപ്പാക്കാന്‍ തയ്യാറാണെന്നാണ് മാനേജ്‌മെന്‍റുകള്‍ പറയുന്നത്. പക്ഷെ നഴ്‌സുമാരെ അനിശ്ചിതകാലത്തേക്ക് ട്രെയിനിയായി നിലനിര്‍ത്തി തുച്ഛമായശമ്പളം നല്‍കി ചൂഷണം ചെയ്യുന്ന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ശമ്പളവര്‍ധനവിന്‍റെ ആനുകൂല്യം ട്രെയിനികളായി നിലനിര്‍ത്തപ്പെടുന്ന ഭൂരിഭാഗം നഴ്‌സുമാര്‍ക്ക് ലഭിക്കുകയുമില്ല. അശാസ്ത്രീയവും ചൂഷണാത്മകവുമായ ട്രെയിനി സംവിധാനം അവസാനിപ്പിക്കാനുള്ള കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഒരുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ നഴ്‌സുമാരെ വീണ്ടും ട്രെയിനിയായി പരിഗണിക്കുന്നത് ശരിയല്ല. കൂടാതെ ഒരു സ്ഥലത്ത് ഒരു വര്‍ഷത്തെ ട്രെയിനിംഗ് കാലാവധി പൂര്‍ത്തിയാക്കിയവരെ മറ്റൊരു സ്ഥലത്ത് ജോലിക്കുചേരുമ്പോള്‍ വീണ്ടും ട്രെയിനിയായി നിയമിച്ച് കുറഞ്ഞ ശമ്പളത്തില്‍ ജോലിയെടുപ്പിക്കുന്നതും അനുവദിക്കാവുന്നതല്ല.
പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ള അവസരത്തിലാണ് സമരം നടത്തുന്നതെന്ന കാരണം പറഞ്ഞ് സമരം നടക്കുന്ന ആശുപത്രികളിലേക്ക് ജോലിക്കായി നഴ്‌സിംഗ് വിദ്യാര്‍ഥികളെ നിയമിക്കുന്ന നടപടിയും ന്യായീകരിക്കാവുന്നതല്ല.
ഈ സാഹചര്യത്തില്‍ നഴ്‌സുമാര്‍ക്ക് ന്യായമായ വേതനവും സേവനഭദ്രതയും ഉറപ്പുവരുത്തി സമരം ഒത്തുതീര്‍പ്പാക്കുന്നതിനും ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

ടി.ഗംഗാധരന്‍
പ്രസിഡന്‍റ്

ടി.കെ.മീരാഭായ്
​ജനറല്‍ സെക്രട്ടറി ​

Categories: Updates