കോഴിക്കോട്: കായല്‍ പോലുള്ള പൊതു ആവാസ കേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന കൊച്ചിയിലെ നിര്‍ദിഷ്ട സ്കൈസിറ്റി പദ്ധതി ഒരു രീതിയിലും നീതീകരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ പ്രസ്തുത പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.
കൊച്ചിയിലെ വേമ്പനാടുകായലിന്റെ ഭാഗമായ ചെലവന്നൂര്‍ കായലിന് ഏഴുമീറ്റര്‍ മുകളില്‍ ഉണ്ടാക്കുന്ന പ്ലാറ്റ്ഫോമില്‍ നാലു നില പൊക്കത്തിലും ഏഴ് കിലോമീറ്റര്‍ നീളത്തിലുമായിരിക്കും സ്കൈസിറ്റി നിര്‍മിക്കുന്നത്. കൊച്ചിയിലെ യശോറാം ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍.
നിര്‍ദിഷ്ട സ്കൈസിറ്റി പദ്ധതി എല്ലാതരം തീരദേശ നിര്‍മാണ നിയമങ്ങളും സംരക്ഷണ നിയമങ്ങളും ലംഘിക്കുന്നതാണ്. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള റാംസാര്‍ ഉടമ്പടിയില്പ്പെടുന്ന വേമ്പനാടുകായല്‍ എന്ന ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതുമാണ്.
കായലിനുള്ളില്‍ രണ്ടുമീറ്റര്‍ വ്യാസമുള്ള 400 തൂണുകളിന്മേല്‍ കെട്ടി ഉയര്‍ത്തുന്ന ഈ കെട്ടിട വ്യാപാര സമുച്ചയം നിലവില്‍ വരുന്നതോടെ ചെലവന്നൂര്‍ കായല്‍ പൂര്‍ണമായും വേമ്പനാടുകായല്‍ ഭാഗികമായും നശിക്കുമെന്നതില്‍ തര്‍ക്കമില്ല. 45 മീറ്റര്‍ വീതിയില്‍ ഉണ്ടാക്കുന്ന പ്ലാറ്റ്ഫോമില്‍ മധ്യത്തില്‍ ഒരു റോഡും ഇരുഭാഗത്തും കെട്ടിടങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഒരുപാധിയാണ് സ്കൈസിറ്റിയെന്ന പരിഹാസ്യമായ പ്രചരണമാണ് നിര്‍മാണ കമ്പനി നടത്തുന്നത്.
ജനങ്ങളെ കബളിപ്പിച്ചും ഉന്നതരെ സ്വാധീനിച്ചും പൊതു സ്ഥലങ്ങള്‍ തട്ടിയെടുത്ത് ലാഭം കൊയ്യാനുള്ള ഇത്തരം പദ്ധതികള്‍ പ്രകൃതിയില്‍ അപരിഹാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല അവശേഷിക്കുന്ന പൊതു സ്ഥലങ്ങള്‍ കയ്യേറാനുള്ള കീഴ്വഴക്കത്തിനും ഇടയാക്കും. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കെ ടി രാധാകൃഷ്ണന് ടി പി ശ്രീശങ്കര്‍
പ്രസിഡന്റ് സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്