ഔഷധ വിലവർദ്ധന പിൻവലിക്കുകയും ജനകീയ ഔഷധനയം നടപ്പാക്കുകയും വേണം

കേന്ദ്രസർക്കാറിൻ്റെ അവശ്യമരുന്ന് പട്ടികയിലെ വിവിധ ഡോസേജുകളിൽ പെട്ട 872 മരുന്നുകളുടേയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സകൾക്കാവശ്യമായ ആരോഗ്യ ഉത്പന്നങ്ങളുടേയും വില ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി 2022 ഏപ്രിൽ 1 മുതൽ 10.8% വർദ്ധിപ്പിച്ചിരിക്കുന്നു.

ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ദീർഘസ്ഥായീ രോഗങ്ങളുള്ളവരെയാണ് ഔഷധവിലവർദ്ധന രൂക്ഷമായി ബാധിക്കുക. ഇവരുടെ ആരോഗ്യച്ചെലവ് ഗണ്യമായി വർദ്ധിക്കുന്നതോടെ കുടുംബബജറ്റ് ആകെ അവതാളത്തിലാകും. കേരളത്തിൽ ഇത്തരം ദീർഘസ്ഥായീരോഗങ്ങളുള്ളവർ താരതമ്യേന കൂടുതലാണ്. മാത്രമല്ല ചികിത്സാസൗകര്യങ്ങൾ ഉള്ളതു കൊണ്ടും ആരോഗ്യബോധത്തിൽ മുന്നിട്ടു നിൽക്കുന്നതു കൊണ്ടും കേരളത്തിൽ രോഗമുള്ളവർ ഭൂരിഭാഗവും മരുന്ന് കഴിക്കുന്നവരാണ്. ഇന്ത്യയിൽ വിൽക്കുന്ന 1,45,000 കോടി രൂപയ്ക്കുള്ള മരുന്നുകളുടെ 10% ലേറെ ഉപയോഗിക്കുന്നത് ഇന്ത്യൻ ജനതയുടെ 3% മാത്രം വരുന്ന കേരളത്തിലെ ജനങ്ങളാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങളെയാണ് ഔഷധവിലവർദ്ധന കൂടുതൽ ബാധിക്കുക.

അവശ്യമരുന്ന് പട്ടികയിൽ പെട്ട മരുന്നുകൾ വിവിധകമ്പനികൾ 30,000-40,000 ബ്രാൻഡുകളിലാണ് വിറ്റുവരുന്നത്. പേറ്റന്റ് ചെയ്യപ്പെടാത്ത മരുന്നുകളുടെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. പേറ്റന്റ് ചെയ്യപ്പെട്ടതും കൂടുതലായി നിർദ്ദേശിക്കപ്പെടുന്നവയുമായ മരുന്നുകളുടെ വില വിദേശകമ്പനികൾ തന്നിഷ്ടപ്രകാരം നിശ്ചയിച്ച് അമിതവിലയാണ് ഈടാക്കുന്നത്. ഔഷധമാർക്കറ്റിന്റെ 40 %- ത്തിൽ ഏറെ വരുന്ന മരുന്നുചേരുവകൾ വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നില്ല. അവയുടെ വില കമ്പനികളാണ് നിശ്ചയിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും അശാസ്തീയ ഔഷധ ചേരുവകളാണ്. ഇപ്പോൾ പ്രഖ്യാപിച്ച ഔഷധവിലവർദ്ധന പിൻവലിച്ചു കൊണ്ടും ഒരു ജനകീയ ഔഷധനയം ആവിഷ്കരിച്ചുകൊണ്ടും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും, താഴെപ്പറയുന്ന നയസമീപനങ്ങൾ സ്വീകരിക്കണമെന്നും പരിഷത്ത് 59-ആമത് സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

1. 1979 ലെ ഔഷധവിലനിയന്ത്രണനിയമം കാലോചിതമായി പരിഷ്കരിച്ച് പുനഃസ്ഥാപിക്കുക.
2. പേറ്റൻ്റ് മരുന്നുകളും ഔഷധച്ചേരുവകളും വിലനിയന്ത്രണ പരിധിയിൽ പെടുത്തുക.
3. അശാസ്ത്രീയ ഔഷധച്ചേരുവകൾ നിരോധിക്കുക
4. വിദേശത്തു നിന്നുള്ള ഔഷധ ഫോർമുലേഷൻ ഇറക്കുമതി നിരോധിക്കുക.
5. പൊതുമേഖലാ ഔഷധനിർമ്മാണകമ്പനികളും വാക്സിൻ ഫാക്ടറികളും പുനരുജ്ജീവിപ്പിക്കുക
6. അടിസ്ഥാന ഔഷധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന നയങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക.
7. ജനൗഷധി, നീതിവിലമരുന്നുകടകൾ എന്നിവ വാപകമാക്കുക.

 

Categories: Updates