ദേശീയ പാതകള്‍ 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കുവാനുള്ള സര്‍വ്വകക്ഷിയോഗ തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. ബി.ഒ.ടി. ഒഴിവാക്കി 30 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണമെന്ന മുന്‍ സര്‍വ്വകക്ഷിയോഗ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടിയാണ് കേരളത്തില്‍ പ്രധാന ദേശീയപാതകള്‍ കടന്നുപോകുന്നത്. ഇതു കണക്കാക്കാതെ കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളോടുള്ള ഒത്തുതീര്‍പ്പ് ജനങ്ങളോടും ജനാതിപത്യ ഫെഡറല്‍ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കുന്നതുമൂലമാണ് നാലുവരി പ്പാത നിര്‍മ്മിക്കുവാന്‍ 45 മീറ്റര്‍ വീതി വേണമെന്നു പറയുന്നത്. ഇക്കാര്യം പരിഷത്തും മറ്റു പല സംഘടനകളും മുമ്പു തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
ബി.ഒ.ടി അടിസ്ഥാനത്തിലാണെങ്കില്‍ 45 മീറ്റര്‍ സ്ഥലം എടുത്താലും ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയേയുള്ളു. ടോള്‍ കൊടുക്കാന്‍ തയ്യാറുള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ ബി.ഒ.ടി റോഡിലേയ്ക്ക് പ്രവേശനമുള്ളു. അതും നിശ്ചിതസ്ഥലങ്ങളില്‍ മാത്രം. അതിനാല്‍ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡ് വേണ്ടിവരുന്നു. അതുകൊണ്ടാണ് കൂടുതല്‍ സ്ഥലം ആവശ്യമായി വരുന്നത്. ബി.ഒ.ടി ഒഴിവാക്കിയാല്‍ നിലവിലുള്ള പദ്ധതിപ്രകാരം ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടി നാലുവരിപ്പാത 30 മീറ്ററില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയും. കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് പ്രധാന പാതകള്‍ സ്വകാര്യവല്‍ക്കരിച്ച് അതിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന്റെ നിവേദനത്തിന് പ്രധാനമന്ത്രി മറുപടി പോലും നല്‍കിയില്ലെന്നാണ് പത്രവാര്‍ത്തകളില്‍ കാണുന്നത്. ഉത്തമബോധ്യത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് മുന്സര്വ്വകക്ഷി തീരുമാനം ഉണ്ടായതെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍, ശക്തമായ ജനകീയ മുന്നേറ്റങ്ങളിലൂടെ തിരുത്തിക്കുന്നതിനുള്ള ശ്രമമായിരുന്നു നടക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് മുമ്പില്‍ കേരളത്തിലെ സര്‍വ്വകക്ഷികളും കീഴടങ്ങുന്ന ദയനീയ കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. കേരളം നേടിയ സാമൂഹ്യനേട്ടങ്ങള്ക്കെല്ലാം അടിസ്ഥാനം രാഷ്ട്രീയമായ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്.
അതിനാല്‍ ബി.ഒ.ടി. പാതയുടെ അപകടം മനസ്സിലാക്കി ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് മുഴുവന്‍ ജനങ്ങളോടും സംഘടനകളോടും, രാഷ്ട്രീയപ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
18/08/2010 ടി.പി.ശ്രീശങ്കര്‍
ജനറല്‍ സെക്രട്ടറി