ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28 ലെ ഭൂരിപക്ഷവിധി അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേരളസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
2006ല്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന് നല്കിയ സിവില്‍ റിട്ട് പെറ്റീഷനിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയര്‍മാനായുള്ള അഞ്ചംഗബഞ്ച് ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രദര്‍ശനത്തില്‍നിന്നും വിലക്കരുത് എന്ന ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്.
രണ്ട് പ്രധാനപ്പെട്ട വസ്തുതകളാണ് ഈ വിധിയിലൂടെ കോടതി ചൂണ്ടിക്കാട്ടിയത.്
ഒന്ന്, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്നത് അത്യാവശ്യ മതാചാരമായി (Essential Religious Practice) കാണാന്‍ കഴിയില്ല. കാരണം ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള അഫിഡവിറ്റ് പ്രകാരവും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും മലയാളമാസം ഒന്നാം തീയതി മുതല്‍ അഞ്ചാംതീയതി വരെ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തര്‍ കുട്ടികളുടെ ചോറൂണുപോലുള്ള ആവശ്യങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ട്. ദേവസ്വം ഇത് വിലക്കാറില്ല. മണ്ഡലകാലത്തും മകരവിളക്കിനും വിഷുവിനും മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്തും ഒട്ടേറെ മുന്കോടതിവിധികളുടെ പശ്ചാത്തലത്തിലും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്നതിനെ ഒരു അത്യാവശ്യ മതാചാരമായി കാണാന്‍ കഴിയില്ല.
രണ്ടാമത്, Kerala Hindu Place of Worship (Authorisation of etnry) Act 1965 പ്രകാരം എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. അതിലൊന്നും തന്നെ ഹിന്ദുസ്ത്രീകളെ പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കണമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദു എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ഏവര്‍ക്കും പൊതു ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. വിലക്കാന്‍ പാടില്ല.
ആര്‍ത്തവത്തിന്റെയും, 41 ദിവസത്തെ വ്രതത്തിന്റെയും അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലക്കാന്‍ കഴിയില്ല എന്നാണ് കോടതിവിധിയുടെ രത്നച്ചുരുക്കം.
കോടതിവിധിക്കെതിരെ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത് അപലപനീയമാണ്. ആര്‍ത്തവമെന്നത് ശരീരത്തിലെ ഒരു ജൈവപ്രക്രിയ ആണെന്നിരിക്കെ അതിന്റെ പേരില്‍ ക്ഷേത്രപ്രവേശനത്തെ നിഷേധിക്കുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം തീരുമാനപ്രകാരം ക്ഷേത്രങ്ങളില്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം.
ഒട്ടേറെ തീവ്രസമരങ്ങളിലൂടെയാണ് ജാതിവിവേചനത്തെ കേരളജനത ചെറുത്തുതോല്പിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഇപ്പോഴും തുടരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീ വിവേചനത്തിനെതിരായ ഭരണഘടനാധിഷ്ഠിത വിധിയായി വേണം ശബരിമല സ്ത്രീപ്രവേശനവിധിയെ കാണാന്‍.
ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയില്‍ അധിഷ്ഠിതമായി സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങള്‍ക്ക് സ്വന്തം വിശ്വാസങ്ങള്‍ക്കനുസൃതമായി ശബരിമല സന്ദര്‍ശിക്കാനുള്ള സാഹചര്യവും അവസരവും ഒരുക്കണമെന്ന് കേരള സര്‍ക്കാരിനോടും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ശബരിമലയ്ക്ക് താങ്ങാവുന്നതിലധികം ഭക്തരാണ് ഇവിടെ എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്നത്. അതിനാല്‍ സ്ത്രീകള്‍കൂടി പ്രവേശിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനും ശബരിമലയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവശ്യമായ നിയന്ത്രണവും ക്രമീകരണവും കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…