കോവിഡ് 19: രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക
വലിയ ആള്‍ക്കൂട്ടം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലടക്കം കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളവും നിയന്ത്രണങ്ങളിൽ അയവു വരുത്താൻ തീരുമാനിച്ചത് സംസ്ഥാനത്ത് തുടർന്നു പോരുന്ന ജാഗ്രതയ്ക്ക് കുറവു വരുത്തുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു.
രോഗവ്യാപനത്തോത് കുറയാത്ത സാഹചര്യത്തിൽ സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സംസ്ഥാനത്തെ ഏകദേശം എല്ലാ മതവിഭാഗവും തീരുമാനമെടുത്തത് ശ്ലാഘനീയവും നിവിലുള്ള പ്രത്യേക സാഹചര്യത്തില്‍ വീട്ടിലിരുന്ന് ആരാധന നടത്തിയാല്‍ മതിയെന്ന വിവേകപൂര്‍ണമായ ഈ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹവുമാണ്. ഇത് എല്ലാവരും മാതൃകയാക്കണം.
ഇന്ത്യയില്‍ രോഗവ്യാപന നിരക്ക് കൂടുതൽ രൂക്ഷമാകുന്ന അവസ്ഥയിലേക്കു നീങ്ങുകയാണ്. കേരളത്തിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗവ്യാപനം കൂടുതലുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേർ ഇനിയും വരാനിരിക്കേ ഇതിനിയും വര്‍ധിച്ചേക്കാം. ഈ സാഹചര്യത്തിൽ അത്യാവശ്യമില്ലാത്ത ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നത് രോഗ വ്യാപനത്തോത് കൂടുതൽ വർദ്ധിപ്പിക്കുന്നതിനാണ് ഇടയാക്കുക.
ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും ഇപ്പോൾതന്നെ നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കെ മാളുകൾ, ഭക്ഷണശാലകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആളുകളെ നിയന്ത്രിക്കാനും ശാരീരിക അകലം പാലിക്കാനും കഴിയുമെന്ന് കരുതുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. വളരെ അത്യാവശ്യമുള്ള സ്ഥാപനങ്ങൾ മാത്രം നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കുകയും ആൾക്കൂട്ട സാധ്യത ഉണ്ടാകാനിടയുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്.
കടുത്ത ജാഗ്രതയും കരുതലും ആവശ്യമായ ഈ ഘട്ടത്തിൽ, രോഗവ്യാപന നിരക്ക് വർദ്ധിക്കാന്‍ ഇടയാക്കുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും വിവേകപൂർവ്വം ഒഴിഞ്ഞുനിന്നും മാസ്ക് ധരിച്ചും ശാരീരിക അകലവും വ്യക്തിശുചിത്വവും പാലിച്ചും രോഗപ്രതിരോധത്തില്‍ പങ്കാളികളാകാന്‍ തയ്യാറാവണമെന്ന് കേരളീയസമൂഹത്തോടും വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്ന ഇടങ്ങളിൽ ഇളവുകൾ നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.
ഏ. പി. മുരളീധരന്‍
പ്രസിഡന്റ്
രാധൻ കെ.
ജനറൽ സെക്രട്ടറി