അറിവിന്റെ രൂപീകരണം ഒരു സാമൂഹികപ്രക്രിയയാണ്. അറിവുള്ളവ രെന്നും അറിവില്ലാത്തവരെന്നുമുള്ള വിഭജനം തന്നെ അടിസ്ഥാനരഹിതമാണ്. വിശേഷജ്ഞാനമില്ലാത്തവരും വിശേഷപ്രവര്‍ത്തനവൈദഗ്ധ്യമില്ലാത്തവരുമുണ്ടാവും. എന്നാല്‍ സര്‍വജ്ഞരായി ആരുമുണ്ടാവില്ല. സര്‍വചരാചരങ്ങളെയും കാലങ്ങളെയും കുറിച്ച് മൂര്‍ത്തവും അമൂര്‍ത്തവുമായ ജ്ഞാനമുള്ളവരെ മാത്രമേ അങ്ങനെ വിശേഷിപ്പിക്കാനാവൂ. അജ്ഞന്മാരാണെങ്കില്‍ ഇത്തരമൊരറിവും ഇല്ലാത്തവരായിരിക്കണം. ഈയൊരവസ്ഥ നാം അറിയുന്ന ലോകത്തില്‍ ഉണ്ടാവില്ല. അറിവ് മൂര്‍ത്തവും അമൂര്‍ത്തവുമായി, ധൈഷണികവും പ്രായോഗികവുമായി, വാക്കും പ്രവൃത്തിയുമായി സമൂഹത്തിലാകമാനം വ്യാപിച്ചുകിടക്കുന്നുണ്ട്. അതായത്, എല്ലാ ജീവജാലങ്ങളിലും അറിവ് ഏതെങ്കിലും രൂപത്തില്‍ ലീനമായി സ്ഥിതിചെയ്യുന്നുണ്ട്.
അറിവുനേടാനുള്ള ശ്രമങ്ങള്‍ക്കും അറിവ് സാര്‍വത്രികമാക്കാനുള്ള പോരാട്ടങ്ങള്‍ക്കും സുദീര്‍ഘമായ ചരിത്രമുണ്ട്. മനുഷ്യവികാസത്തിന്റെ ചരിത്രം ഇതുമായി അവിഭാജ്യമായി ഇഴചേര്‍ന്നാണ് നിലകൊള്ളുന്നത്. അറിവിന്റെ സാര്‍വത്രികവല്‍കരണമെന്നത് അറിവിന്റെ ജനാധിപത്യവല്കരണമാണ്. അത് സമൂഹത്തെ ജനാധിപത്യവല്‍കരിക്കുന്നതിന്റെ മുന്നുപാധിയാണ്.
മനുഷ്യസമൂഹം ഏറെ മുന്നേറിയെന്നവകാശപ്പെടുന്ന ഇക്കാലത്തും സമൂഹത്തിലെ ഒരുവിഭാഗത്തിന്ന് അറിവുനേടാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. ആ വിഭാഗമാകട്ടെ എണ്ണത്തില്‍ ചെറുതല്ലതാനും. ഇങ്ങനെ സമൂഹത്തിലെ ഗണ്യമായൊരു വിഭാഗത്തെ അറിവില്ലായ്മയുടെ ഇരുട്ടില്‍ തന്നെ നിര്‍ത്തിക്കൊണ്ട് ഒരു സംസ്കൃതസമൂഹത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും?
അറിവിനെ കൂടുതല്‍ കൂടുതല്‍ സ്വകാര്യവല്കരിക്കാനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. ആ അറിവുപയോഗിച്ച് കൂടുതല്‍ കൂടുതല്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുകയും ആ സമ്പത്ത് മുഴുവന്‍ ഒരുപിടി ആളുകളുടെ കൈകളിലേക്ക് മാത്രമായി ചെന്നുചേരുകയും ചെയ്യുന്ന ഭയാനകമായ കാഴ്ചകള്‍ നാമിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. കോടീശ്വരന്മാര് ശതകോടീശ്വരന്മാരായും സഹസ്രകോടീശ്വരന്മാരായും മാറുന്നതിന്റെ പിന്നില്‍ അറിവിന്റെ സ്വകാര്യവല്കരണവും കുത്തകവല്‍കരണവുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ‘അറിവിന്റെ സാര്‍വത്രികത’ എന്ന ഗ്രന്ഥം പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ പ്രമുഖ സാമൂഹികശാസ്ത്രപണ്ഡിതരിലൊരാളായ കെ.എന്‍.ഗണേശാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അറിവിന്റെ നാനാവശങ്ങളും സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. മലയാളത്തില്‍ ഇത്തരമൊരു ഗ്രന്ഥം ആദ്യത്തേതാണ്.
ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി സുസൂക്ഷ്മം വായിച്ചുനോക്കി തെറ്റുകള്‍ തിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തത് ആര്‍ക്കിയോളജിവിഭാഗത്തില്‍ ജോലിചെയ്യുന്ന ഇ.ദിനേശനാണ്. അദ്ദേഹത്തോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.
വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവല്കരണം അതിദ്രുതം നടന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അതിനെതിരെ പോരാടുന്നവര്‍ക്ക് ഈ ഗ്രന്ഥം നല്ലൊരു സഹായിയായിരിക്കും.
രചന-ഡോ കെ എൻ ഗണേഷ്
വില 500 രൂപ
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…