നദീ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമ ഭരണതല നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
നദീസംയോജന പദ്ധതി സംബന്ധിച്ച് 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി ഈ പദ്ധതി നടപ്പിലാക്കിയേതീരു എന്ന സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. സുപ്രീം കോടതിതന്നെ പരാമര്‍ശിച്ചതുപോലെ ഈവിധിക്ക് ആധാരമായുള്ളത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (National Council for Applied Economic Research)ന്റെ പഠനമാണ്. ഈ പഠനമാകട്ടെ നദീ സംയോജന പരിപാടിയുടെ സാമ്പത്തിക അവലോകനം മാത്രമാണ്. അല്ലാതെ നേട്ട കോട്ട വിശ്ലേഷണമോ പാരിസ്ഥിതിക പഠനമോ അല്ല. ജലം ഒരു ചരക്കാണ് എന്നും അതിന്റെ കൈകാര്യ ചെലവ് മാത്രമല്ല, മുലധന ചെലവിന്റെ ഒരു ഭാഗം കൂടി ഈടാക്കണം എന്നും നിര്‍ദ്ദേശിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണിത്. ചുരുക്കത്തില്‍ ജലത്തിന്റെ ചരക്കുവത്കരണം സംബന്ധിച്ച നിലപാടാണ് വിധിയിലൂടെ പുറത്തു വരുന്നത്.
12 ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് ഇന്ത്യന്‍ ആസൂത്രണത്തില്‍ എന്ത് മുന്‍ഗണനയാണ് ഉള്ളത് എന്ന് പരിശോധിച്ചിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട 30 പദ്ധതികളില്‍ ഒന്നിന്റെ പോലും വിശദമായ പദ്ധതി രേഖ തയാറാക്കിയിട്ടില്ല. വനനിയമ പ്രകാരമോ,പുനരധിവാസ നോട്ടിഫിക്കേഷന്‍ പ്രകാരമോ തീരദേശ പരിപാലന നിയമ പ്രകാരമോ ഒരു പരിശോധനയും നടന്നിട്ടില്ല. കേന്ദ്ര ആസൂത്രണകമ്മീഷനോ ധനകാര്യ വകുപ്പോ, കേന്ദ്ര ക്യാബിനറ്റോ ഈ പരിപാടി പരിഗണിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുക വഴി വളരെ അസാധാരണമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിക്കപ്പെട്ടിരിക്കുന്
പമ്പയെയും അച്ചന്‍കോവിലാറിനെയും സംബന്ധിച്ച എല്ലാ പഠനങ്ങളെയും നിരാകരിക്കുന്നതും വേമ്പനാടിന്റെയും കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാര്ഷികസമൃദ്ധിയേയും ജലസന്തുലനത്തെയും അട്ടിമറിക്കുന്നതുമായ ഒന്നാണ് ഈ പരിപാടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി. പമ്പയിലും അച്ചന്‍കോവിലിലും അധികജലമുണ്ടെന്നും അതില്‍ 635 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ് നാട്ടിലെ വൈപ്പാര്‍ തടത്തിലേക്ക് തിരുച്ചുവിട്ട് അവിടത്തെ 91,400 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താം എന്നുമുള്ള പദ്ധതിയാണിത്.
കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന നദികളുടെയും ആറുകളുടെയും ജലശേഷിയില്‍ വേമ്പനാടിന്റെയും കുട്ടനാടിന്റെയും ജലആവശ്യവും കണക്കിലെടുത്ത് സി. ഡബ്ല്യൂ. ആര്.ഡി. എം. (C. W. R. D. M.) വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അച്ചന്‍കോവിലാറിന് 459 ദശലക്ഷം ഘനമീറ്റര്‍ ജലത്തിന്റെ കുറവാണ് ഇപ്പോഴുള്ളത്.മീനച്ചിലാറിന് 203 ദശലക്ഷം ഘനമീറ്റര്‍, മണിമലയ്ക്ക് 398 ദശലക്ഷം ഘനമീറ്റര്‍,മൂവാറ്റുപുഴയ്ക്ക് 1671ദശലക്ഷം ഘനമീറ്റര്‍, എന്നിങ്ങനെ ജലക്കമ്മി ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അതായത് ഈ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ഓരു ജലനിയന്ത്രണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ആവശ്യമായതിനേക്കാള്‍ കുറവ് ജലം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് എന്നര്‍ത്ഥം. ഈ സാഹചര്യത്തില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വേമ്പനാട് കോള്‍ തണ്ണീര്‍തട വ്യവസ്ഥയെയും ലക്ഷക്കണക്കിന് ജനങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന ഒന്നായിരിക്കും. കുട്ടനാടിന്റെയും പമ്പയുടേയും പരിസ്ഥിതി പുനസ്ഥാപനത്തിന് ആയിരക്കണക്കിന് കോടി രൂപ മുടക്കുന്ന സര്‍ക്കാര്‍ ഇവിടേക്ക് ആവശ്യത്തിന് ജലം ഒഴുകിയെത്താതിരുന്നാലുണ്ടാകുന്ന സ്ഥിതിവിശേഷത്തെപ്പറ്റി ഗൗരവപൂര്‍വ്വം ആലോചിക്കുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 21ന് ആരംഭിച്ച സമ്മേളനം 22ന് വൈകിട്ട് അവസാനിച്ചു. രണ്ടാം ദിവസം സമ്മേളത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. തോമസ് ഐസക്ക് എം. എല്‍. എ.സംസാരിച്ചു. പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം എന്‍. കെ. ശശിധരന് സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി എന്‍. സാനു ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. ജയരാജ്, വൈസ് പ്രസിഡന്റുമാരായ ആര്. രഞ്ജിത്ത്, ലേഖ കാവാലം എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ആര്. രഞ്ജിത്ത് (പ്രസിഡന്റ്), എന്‍. സാനു (സെക്രട്ടറി), അഡ്വ.ടി. കെ. സുജിത്ത് (ട്രഷറര്‍), വേണുഗോപാല്‍, മുരളി കാട്ടൂര്‍ (ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് അസ്ലം, വി. ഉപേന്ദ്രന്(വൈസ് പ്രസിഡന്റുമാര്‍), ജയന് ചമ്പക്കുളം, റജി സാമുവല്‍, പ്രസാദ് ദാസ്, ലേഖ കാവാലം, ജയന് ചമ്പക്കുളം, പി. ജയരാജ് (വിഷയ സമിതി കണ്‍വീനര്‍മാര്‍)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.