പ്രമേയം-3

സിക്കിള്‍ സെൽ അനീമിയ-താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുക

കേരളത്തിൽ വയനാട്,അട്ടപ്പാടി,നിലമ്പൂർ പ്രദേശങ്ങളിൽ ആദിവാസികളിലും മറ്റു ചില സമുദായ ങ്ങളിലും സിക്കിൾ സെൽ അനീമിയ രോഗം വ്യാപകമായി കണ്ടു വരുന്നു. ഈ വിഭാഗങ്ങളിൽ വലിയ ദുരിതവും വൻതോതിൽ മരണങ്ങളും ഉണ്ടായിരുന്ന രോഗമാണ് സിക്കിൾസെൽ അനീമിയ.2007ൽ സിക്കിൾ സെൽ രോഗികൾക്കായുള്ള സമഗ്ര സരക്ഷണ പദ്ധതി അന്നത്തെ സർക്കാർ നടപ്പാക്കി.ഇതിന്റെ ഭാഗമായി നിരന്തരമായി ടെസ്റ്റുകൾ ചെയ്ത് മിക്കവാറും രോഗികളെ കണ്ടെത്തി ഹൈഡ്രോക്സി യൂറിയ എന്ന ഫലപ്രദമായ മരുന്നടക്കം സൗജന്യ ചികിത്സ നൽകുന്നുണ്ട്.എല്ലാ രോഗികൾക്കും സൗജന്യമായ ന്യൂട്രിഷൻ കിറ്റും മാസം ഒരു സ്റ്റൈപൻ്റും നൽകുന്നു.രോഗ നിർണയവും ചികിത്സയും പൂർണമായി ജില്ലകളിലെ ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു.ഇന്ത്യയിൽ സിക്കിൾസെൽ രോഗം വ്യാപകമായ മറ്റൊരിടത്തും ഇതു പോലെ സമഗ്രമായ ഒരു പരിപാടി നടപ്പായിട്ടില്ല.സിക്കിൾ രോഗത്തിന് പ്രാഥമികമായ ചികി ത്സകൾ ലഭ്യമാക്കി ആയുസ്സ് വർധിപ്പിക്കാന്‍ ഇന്ന് കഴിയും.എന്നാല്‍ ഇതോടനുബന്ധിച്ച് മറ്റ് അവയവങ്ങളെ ബാധിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങൾ കാണാറുണ്ട്.പൂര്‍ണ്ണമായി രോഗം ഭേദമാക്കാനുള്ള ജീൻ ചികിത്സകളും ഗവേഷണവഴിയിലാണ്. ഇതിനെക്കുെരിച്ച് പഠിക്കാൻ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സ്ഥലം ഇപ്പോൾ കേരളമാണ്. ജനിച്ചയുടന്‍ തന്നെ രോഗം കണ്ടെത്താനുള്ള സ്ക്രീനിങ്ങ് സംവിധാനങ്ങൾ,ജിനോമിക പഠനങ്ങൾ വഴി ഇന്ത്യൻ രോഗികളുടെ സവിശേഷതകൾ കണ്ടെത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ,ജനിതക ചികിത്സാസംവിധാനങ്ങള്‍ തുടങ്ങിയപല കാര്യങ്ങളും ഭാവിയിൽ സിക്കിൾ സെൽ അനീമിയ,താലസീമിയ രോഗികൾക്ക് ഏറെ ഗുണകരമാവും എന്നതുറപ്പാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വയനാട്ടിൽ സിക്കിൾ സെൽ അടക്കമുള്ള ഹീമോഗ്ലോബിൻ രോഗങ്ങൾക്കായുള്ള ഗവേഷണ ചികിൽസാകേന്ദ്രമായ Comprehensive Hemoglobinopathies Research and Care Center (CHRRC) എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടിരുന്നു.കേരളത്തിന് മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയൊരു സ്ഥാപനമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.രാജ്യത്തിന് ഏറെ അഭിമാനിക്കാൻ വക നൽകുന്ന ഈ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവ്യത്തികൾ ഉടൻ തന്നെ ആരംഭിക്കുകയും,പരമാവധി വേഗത്തിൽ പൂർത്തികരിച്ച് ഗവേഷണ പ്രവർത്തനങ്ങളും,രോഗ നിർണ്ണയവും,ചികിൽസയും ആരംഭിക്കണമെന്നും ഈ വിഷയത്തിൽ സംസ്ഥാനസര്‍ക്കാരിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അമ്പത്തിയെട്ടാം വാർഷിക സമ്മേളനം ആവശ്യപ്പെടുന്നു.