മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം – അവസരം നഷ്ടപ്പെടുത്തരുത്
മലയാള മാധ്യമത്തിൽ എഞ്ചിനീയറിംഗ് പഠനം സാധ്യമല്ലെന്നും ഇംഗ്ലീഷില്‍ തന്നെ എഞ്ചിനീയറിംഗ് പഠനം നടത്തണമെന്നും കേരള സാങ്കേതിക സർവകലാശാല എടുത്ത തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിക്കുന്നു.
മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്തുന്നതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (All India Council for Technical Education – AICTE ) അവസരം നൽകിയതിനോട് പ്രതികരിച്ചുകൊണ്ടാണ് സാങ്കേതിക സര്‍വകലാശാല ഇങ്ങനെ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. പുതിയ അധ്യയന വർഷം മുതൽ മറാത്തി, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം എന്നീ എട്ട് പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ് പഠനത്തിന് അവസരം നൽകുന്നതിനുള്ള ശ്രമങ്ങളാണ് AICTE തുടങ്ങിവച്ചിട്ടുള്ളത്. AICTE തന്നെ നടത്തിയ ഒരു സർവേയിൽ 44 ശതമാനം വിദ്യാർത്ഥികളും മാതൃഭാഷയിലുള്ള എഞ്ചിനീയറിംഗ് പഠനത്തെ അംഗീകരിച്ചിട്ടുണ്ട്. ‘മാതൃഭാഷയിലെ ബിരുദ – എഞ്ചിനീയറിംഗ് വിദ്യാഭ്യാസം’ എന്ന സർവേ റിപ്പോർട്ട് 2021 ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയിരുന്നു. 83,000 വിദ്യാർത്ഥികളാണ് ഈ പഠനത്തില്‍ പങ്കാളികളായത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നിവയുൾപ്പെടെയുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്ക് അടുത്ത സെഷനിൽ മാതൃഭാഷകളിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നൽകാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ നവംബറിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രഖ്യാപനത്തെത്തുടർന്ന്, എ.ഐ.സി.ടി.ഇ, ഐ.ഐ.ടി, എൻ.ഐ.ടി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ പ്രക്രിയയുടെ ഭാഗമായാണ് AICTE -യുടെ പഠനം നടന്നത്.
മലയാളത്തിൽ ശാസ്ത്ര – സാങ്കേതിക പദങ്ങൾ ഇല്ലെന്നും മലയാള മാധ്യമത്തിൽ എഞ്ചിനീയറിംഗ് പഠനം സാധ്യമല്ലെന്നും ഇംഗ്ലീഷില്‍ തന്നെ എഞ്ചിനീയറിംഗ് പഠനം നടത്തണമെന്നുമാണ് നമ്മുടെ സാങ്കേതിക സർവകലാശാല അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിനെ അറിയിച്ചത്. കേരളം മാത്രമാണ് ഈ തീരുമാനത്തോട് വിയോജിച്ച് കത്ത് നൽകിയത് എന്നത് ശ്രദ്ധേയമാണ്. സാങ്കേതിക സർവകലാശാലയുടെ ഏകപക്ഷീയമായ ഈ നടപടി പ്രതിഷേധാർഹവും അപമാനകരവുമാണ്. മലയാളത്തിൽ എഞ്ചിനീയറിംഗ് പഠനത്തിനാവശ്യമായ സാങ്കേതിക പദങ്ങളില്ലെന്ന വാദം ശരിയല്ല. സാങ്കേതിക പദങ്ങൾ തത്സമങ്ങളായി മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതേ ഉള്ളൂ. ഇതര ഭാഷകളിൽ നിന്ന് പദങ്ങൾ തത്സമങ്ങളായും തത്ഭവങ്ങളായും സ്വീകരിച്ചു കൊണ്ടാണ് മലയാള ഭാഷ വളർന്നതും വികസിച്ചതും. മലയാളഭാഷയില്‍ എഞ്ചിനീയറിംഗ് പഠനം നടത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കുന്നത് സാമൂഹികനീതിയുടെയും ഭാഷാഅവകാശങ്ങളുടെയും നിരാസമായിരിക്കും. ജാതി, വര്‍ഗം തുടങ്ങിയ ഘടകങ്ങളോടൊപ്പം ഭാഷയും ഇന്ന് സാമൂഹികമായ പുറന്തള്ളലിൻ്റെ കാരണമായി മാറുന്നു എന്ന കാര്യം കാണാതിരുന്നുകൂട. എഞ്ചിനീയറിംഗ് പഠനം മലയാളത്തില്‍ കൂടി ഉണ്ടാവുമ്പോള്‍ ജെ.ഇ.ഇ പരീക്ഷയുടെ ചോദ്യങ്ങളും മലയാളത്തില്‍ ഉണ്ടാകും. ഇതെല്ലാം കേരളത്തിലെ കുട്ടികൾക്ക് തീര്‍ച്ചയായും കൂടുതൽ അവസരം നൽകുമെന്നതില്‍ തര്‍ക്കമില്ല.
കേരളത്തെ ഒരു ജ്ഞാനസമൂഹമായി വളർത്താൻ ഉതകുന്ന വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിവരേണ്ടത്. അത് നമ്മുടെ സമ്പദ്‌ഘടനയ്ക്ക് പുതിയ മാനം നൽകും. സംസ്ഥാനത്തിന്റെ വികസന ശ്രമങ്ങൾക്ക് കരുത്താകും. ഒരു വിജ്ഞാനസമൂഹത്തെ ലക്ഷ്യം വക്കുമ്പോൾ അതിൽ മാതൃഭാഷയിലുള്ള പഠനത്തിനായിരിക്കണം ഒന്നാമത്തെ പരിഗണന. സ്വന്തം ഭാഷയിൽ പഠനപ്രവർത്തനത്തിലേർപ്പെടുന്ന സമൂഹത്തിന് മാത്രമേ ഒരു ജ്ഞാനസമൂഹമായി വളരാനാകൂ. ചൈന (ചൈനീസ്), ഫ്രാൻസ് (ഫ്രഞ്ച്), ജർമനി (ജർമൻ), സ്പെയിൻ (സ്പാനിഷ്), ജപ്പാൻ (ജാപ്പനീസ്), ബ്രസീൽ (പോർച്ചുഗീസ്), റഷ്യ (റഷ്യൻ) തുടങ്ങി നിരവധി രാജ്യങ്ങളിലെല്ലാം സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലെല്ലാം പഠന മാധ്യമം മാതൃഭാഷയാണ്. പ്രീ പ്രൈമറി ഘട്ടം മുതല്‍ മാതൃഭാഷയെ പടിക്കുപുറത്തു നിര്‍ത്തുന്ന ഒരു സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ പ്രബലപ്പെട്ടു വരുന്നത്. സ്കൂള്‍വിദ്യാഭ്യാസരംഗത്തെ അധ്യയനഭാഷ മാതൃഭാഷയായിരക്കണമെന്ന് പരിഷത്ത് പറയുന്നത് ഇംഗ്ലീഷ് ഭാഷയ്ക്കെതിരായ ഒരു സമീപനത്തില്‍ നിന്നുകൊണ്ടല്ല. ഇന്നത്തെ ലോകസാഹചര്യത്തില്‍ വൈജ്ഞാനികഭാഷയും ലോകബന്ധഭാഷയുമായ ഇംഗ്ലീഷിന് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യം നിലനില്‍ക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസകാലഘട്ടം കൊണ്ട് മികച്ച രീതിയില്‍ ഇംഗ്ലീഷുഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുംവിധം ഇംഗ്ലീഷ് ഭാഷാധ്യാപനരീതികള്‍ പൊളിച്ചെഴുതേണ്ടതുണ്ട്. അതേസമയം ഇംഗ്ലീഷ് ഭാഷയില്‍ കൈവരിക്കേണ്ട നൈപുണ്യം എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിച്ചാലേ കരഗതമാവൂ എന്ന വാദത്തെ പരിഷത്ത് അംഗീകരിക്കുന്നുമില്ല. ബോധനസമ്പ്രദായങ്ങള്‍, മൂല്യനിര്‍ണയരീതികള്‍ എന്നിവയെല്ലാം സമഗ്രമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടേ വിദ്യാഭ്യാസരംഗത്തെ ഭാഷാപ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ കഴിയൂ.
ഈ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാല മാതൃഭാഷയിലുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് തിരുത്തി AICTE നൽകിയ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു. സർവകലാശാല സ്വീകരിച്ച നിലപാട് തിരുത്തി മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.