`വേണം മറ്റൊരു കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 2011-ലാണ് പരിഷത്ത് ആരംഭിച്ചത്. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി അതത് രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാലകളും സെമിനാറുകളും, കലാജാഥകള്‍, സംസ്ഥാനതല പദയാത്രകള്‍ ഇവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമായിരുന്നു പരിഷത്ത് നടത്തിയ വികസനസംഗമങ്ങളും വികസനകോണ്‍ഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും വ്യക്തത വരുത്താനും മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കാനും സഹായകമായ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇവിടെയെല്ലാം നടന്നത്.
നവകേരളനിര്‍മിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന് നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവര്‍ത്തനങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഈ മാറ്റങ്ങളുടെ പിറകില്‍ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറല്‍നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. അഴിമതിയും അധികാരദുര്‍വിനിയോഗവും സാമൂഹിക-സാംസ്കാരികത്തകര്‍ച്ചയും ഭീകരമായി വര്‍ധിച്ചിരിക്കുന്നു. ഇവയ്ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ദുര്‍ബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കര്‍മവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് സമൂഹം നേരിടുന്ന യഥാര്ഥപ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിനും സര്‍ഗാത്മകമായ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹുജനവിദ്യാഭ്യാസപരിപാടിക്ക് പരിഷത്ത് ആരംഭം കുറിക്കുന്നത്. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്കരിക്കുകയോ തിരസ്കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്നങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉണ്ടാകുന്നതിന് നാം നിത്യേന സാക്ഷികളാവുകയാണ്. ഇവിടെയാണ് ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഈ സംവാദങ്ങള്‍, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്. ജനാധിപത്യബോധത്തിന്റെയും ശാസ്ത്രസംസ്കാരത്തിന്റെയും അന്തഃസത്തയാണ് സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി എന്ന വിശാലകാഴ്ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്രകള്‍ ദേശീയതലത്തില്‍ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്.
2014 ജനുവരി 17ന് വൈകുന്നേരം കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍ നിന്നും ആരംഭിക്കുന്ന സംവാദയാത്രകള്‍ 23ന് തൃശൂരിലും തിരുവനന്തപുരത്തുമാണ് സമാപിക്കുക. ഓരോ യാത്രയിലും പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരടക്കമുള്ള 20 സംവാദകര്‍ വീതം ഉണ്ടാവും. ഇവരുടെ നേതൃത്വത്തില്‍ ഓരോ ദിവസവും ഉച്ചയ്ക്ക് മുമ്പെ 20 കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് ശേഷം 20 കേന്ദ്രങ്ങളിലും സംവാദങ്ങള്‍ നടത്തും. രണ്ടു യാത്രയിലും കൂടി 487 സംവാദകേന്ദ്രങ്ങള്‍. സംവാദങ്ങളോടനുബന്ധിച്ച് ഓരോ കേന്ദ്രത്തിലും ഗൃഹസന്ദര്ശനങ്ങള്. ലഘുലേഖ-പുസ്തക പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കു മുമ്പെ 11 മണി, ഉച്ചയ്ക്കു ശേഷം 4 മണി എന്നിങ്ങനെയാണ് സംവാദങ്ങള്‍ തുടങ്ങുന്ന പൊതു സമയം. യാത്രാപരിപാടി ഇതോടൊപ്പമുണ്ട്. സംവാദ സദസ്സുകളില്‍ പങ്കെടുത്തും ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ സ്വീകരിച്ചും സംവാദയാത്രാ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരോടും സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് http://wiki.kssp.in/index.php/Janasamvada_yathraസന്ദര്‍ശിക്കുക