ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം സൃഷ്ടിച്ച നവോത്ഥാനത്തെ ഏറെ പിന്നോട്ടുകൊണ്ടുപോകുന്ന ആത്മീയനാട്യങ്ങളും ആചാരങ്ങളും അടുത്ത കാലത്തായി കേരളത്തില്‍ ശക്തിപ്പെട്ടുവരികയാണ്. അടുത്തകാലത്തായി നടന്നുവരുന്ന യാഗങ്ങളും പൊങ്കാലകളും വന്‍തോതില്‍ പണം ചെലവഴിച്ചും പ്രചാരണം നല്‍കിയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഇത്തരം കര്‍മ്മങ്ങളിലൂടെയാണെന്ന മിഥ്യാധാരണ പരത്തി ആത്മീയതയെ കച്ചവടമാക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തും പുറത്തും വന്‍തോതിലുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ അമൃതാന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ദീര്‍ഘകാലം മഠത്തില്‍ അന്തേവാസിയായി കഴിഞ്ഞ വിദേശവനിതയാണ് മഠത്തില്‍ നിന്ന് പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തിലൊരാരോപണം തന്റെ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നതായുള്ള ആരോപണം കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്. മഠത്തിന് അകത്തുള്ള ഏകാധിപത്യത്തെക്കുറിച്ചും ലൈംഗിക അരാജകത്വത്തെക്കുറിച്ചും കച്ചവട താല്പര്യങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മഠത്തിലെ അന്തേവാസികളായ സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കുന്നതായി പുസ്തകത്തില്‍പറയുന്നുണ്ട്. ആത്മീയകാര്യങ്ങളില്‍ ആകൃഷ്ടരായി മഠത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും ലഭിക്കുന്നില്ലാ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിന് വേണ്ടി നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരുടെ മൊഴി പരാതിയായി കണക്കാക്കി കേസെടുക്കാമെന്ന നിയമം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥിതിക്ക് ഗെയില്‍ ട്രെഡ് വെലിന്റെ ‘വിശുദ്ധനരകം’ എന്ന പുസ്തകത്തില്‍ ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാവണം. ക്രിമിനല്‍ കുറ്റകൃത്യങ്ങളുടേതായ ആരോപണമുണ്ടാകുമ്പോള്‍ മതത്തിന് നേരെയുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. നിയമം എല്ലാവര്ക്കും ബാധകമാണ്. സാമൂഹ്യ സേവനങ്ങള്‍ ചെയ്യുന്നുവെന്നതിന്റെ പേരിലും, മഠത്തിന്റെ വിശദീകരണം വിശ്വാസത്തിലെടുത്തും ഗുരുതരമായ ആരോപണങ്ങളെ പ്രഥമദൃഷ്ട്യാ തള്ളിക്കളയുന്ന അധികൃതരുടെ സമീപനം അങ്ങേയറ്റം ബാലിശമാണ്. കേരളത്തിന്റെ ഉന്നതമായ സാമൂഹ്യബോധത്തിനും യുക്തിബോധത്തിനും നിരക്കുന്ന പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. പുസ്തകത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവാസ്തവമാണെങ്കില്‍ നീതിപൂര്‍വ്വകമായ അന്വേഷണത്തിലൂടെ ആരോപണത്തിന്റെ പുകമറയില്‍ നിന്നും മുക്തമാകാന്‍ അമൃതാനന്ദമയീമഠം അധികാരികള്‍ തയ്യാറാവണം.
നവമാധ്യമങ്ങളിലൂടെ ഈ വിഷയത്തില്‍ പ്രതികരിക്കുന്ന ആളുകളുടെ പേരില്‍ നിയമ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നത് അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സമൂഹത്തിന് ഇതംഗീകരിക്കാനാവില്ല. പ്രതികരിക്കുന്നവരെ ഭയപ്പെടുത്തി ജനങ്ങളുടെ വാമൂടിക്കെട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും ബന്ധപ്പെട്ടവരോട് പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ. എന്‍. കെ. ശശിധരന്‍പിള്ള വി. വി ശ്രീനിവാസന്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി