പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്, ജില്ലതല വനിത സെമിനാര്‍, 1.11.09 ന് നടന്നു. 40 പേര്‍ പങ്കെടുത്ത യോഗത്തിന്,
കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ, പി.എസ്.ജൂന, ബിനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്ത്രീകളും, കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മൂന്ന് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച നടന്നു. സമ്പത്തിനോടുള്ള മോഹവും, മദ്യത്തിന്റെ അമിതമായ
ഉപഭോഗവുമാണ് പല അതിക്രമങ്ങള്‍ക്കും കാരണമെന്ന് ഗ്രൂപ്പുകളില്‍ അഭിപ്രായമുയര്‍ന്നു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ അവിടെ കയറി
കൂടിയത് മാഫിയ സംഘങ്ങളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ഉണ്ടാക്കിയ നിയമങ്ങളെക്കുറിച്ച്, സമൂഹത്തിലെ ഭൂരിപക്ഷം
സ്ത്രീകളും അജ്ഞരാണ്. ഇതിനു വിപുലമായ ബോധവല്‍ക്കരണം ആവശ്യമാണ്. ജില്ലയിലെ ഒരു പഞ്ചായത്ത് മാതൃകയായെടുത്ത്, വിപുലമായ യോഗങ്ങള്‍
വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു.
അതൊരു മലയാളിയാകും
സെമിനാറില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പറഞ്ഞ അനുഭവം. ബാംഗ്ലൂരില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. ഇരിക്കാന്‍ സീറ്റില്ല.
തൂങ്ങിപ്പിടിച്ചു നില്‍ക്കുമ്പോള്‍ പിന്നിലാരോ വന്നു തിരക്കുന്നതു പോലെ. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു മധ്യവയസ്കന്‍. കുട്ടി മുന്നിലേക്കു നീങ്ങി
നിന്നപ്പോള്‍ അയാളും മുന്നിലേക്കു നീങ്ങി. ശല്യം സഹിക്കവയ്യാതായപ്പോള്‍, കുട്ടി തിരിഞ്ഞു നിന്ന്, അയാളെ രൂക്ഷമായൊന്നു നോക്കി. അയാള്‍
പിന്‍വാങ്ങി.
യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, ഉണ്ടായ അനുഭവം അവള്‍ വീട്ടില്‍ വിവരിച്ചു. ഇതു കേട്ടിരുന്ന മുത്തശ്ശന്‍ പറഞ്ഞു : എങ്കില്‍
അതൊരു മലയാളിയാകും.