പ്രിയ സുഹൃത്തേ,
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ താങ്കള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല എന്നറിയാം. പരിഷത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ ചിലതിലെങ്കിലും താങ്കള്‍ ഇതിനകം സഹകരിച്ചുണ്ടാകും.
പിന്നിട്ട അന്‍പത് വര്‍ഷത്തിനിടയില്‍ കേരള സമൂഹത്തിന് നിസ്സാരമല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ച ഒരു സംഘടനയായാണ് പരിഷത്ത് സ്വയം വിലയിരുത്തുന്നത്. ശാസ്ത്ര വിജ്ഞാനവും ശാസ്ത്രബോധവും സാധാരണ ജനങ്ങളിലേക്ക് പകരാന്‍ ലക്ഷ്യം വച്ച് രൂപം കൊണ്ട സംഘടന ജനജീവിതത്തിന്റെ നാനാ മേഖലകളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ രീതി ഉപയോഗപ്പെടുത്തിയും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ചുമുള്ള സമീപനമാണ് പരിഷത്ത് ഓരോ രംഗത്തും കൈക്കൊള്ളുന്നത്. ശാസ്ത്ര പ്രചാരണം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, സ്ത്രീ – പുരുഷ തുല്യത, …….. തുടങ്ങി പരിഷത്ത് ഈ വിധം ഇടപെടുന്ന മേഖലകള്‍ നിരവധിയാണ്.
സമീപകാലത്തായി പരിഷത്ത് കേരള സമൂഹത്തിന് മുമ്പില്‍ വച്ചിരിക്കുന്ന മുദ്രാവാക്യം വേണം മറ്റൊരു കേരളം എന്നതാണ്. സാമ്പത്തികമായി – സ്ഥിരതയോടെ ഉള്ള വളര്‍ച്ച സാധ്യമാക്കുന്ന, പരിസ്ഥിതി സംരക്ഷിക്കുന്ന സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന, സാംസ്കാരിക മൂല്യങ്ങള്‍ പരിപാലിക്കുന്ന ഒരു കേരളം നാളെ പുലരണം എന്ന ചിന്തയാണ് ഈ മുദ്രാവ്യാക്യത്തിന് പിന്നില്‍. നാടിനെ സ്നേഹിക്കുന്ന, ശാസ്ത്രബോധവും സാമൂഹ്യബോധവും ഉള്‍ക്കൊണ്ട മുഴുവന്‍ പേരും ഈ ചിന്തയെ പിന്തുണക്കുമെന്നുറപ്പാണ്. ശാസ്ത്രരംഗത്തും സാമൂഹ്യരംഗത്തും സാംസ്കാരികരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കഴിവുകള്‍ നാടിന്റെ പുരോഗതിക്കായി വിനിയോഗിച്ചാലേ ഇത് സാധ്യമാകൂ.
ഇത്തരം കഴിവുകളെ നാടിന്റെ പുരോഗതിക്കായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരിഷത്ത്. പരിഷത്ത് നടത്തുന്ന പ്രവര്‍ത്തനത്തില്‍ താങ്കളുടെ പങ്കാളിത്തം ഈ രംഗത്തെ പ്രവര്‍ത്തനത്തിന് കരുത്തു പകരും. അതിനാല്‍ പരിഷത്തില്‍ അംഗമായി പരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ കരുത്ത് പകരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരിഷത്തില്‍ അംഗമാകാന്‍ താല്പര്യപ്പെടുന്നവര് ഇവിടെ റജിസ്റ്റര്‍ ചെയ്യുക.പരിഷത്തിന്റെ ജില്ല /മേഖല/ യൂണിറ്റ് പ്രവര്‍ത്തകര്‍ താങ്കളെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
ഞാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു.