ഊഹക്കച്ചവട സമ്പദ്വ്യവസ്ഥ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് തിരിച്ചടിയാകുമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നയരേഖ. ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യമെന്നും നയരേഖ വിശദമാക്കുന്നു. പരിഷത്തിന്റെ മൂന്നുദിവസത്തെ കേരള വികസന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിലാണ് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ള നയരേഖ അവതരിപ്പിച്ചത്. രമേശ് ചെന്നിത്തലയും ഡോ.തോമസ് ഐസക്കുമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്ക പങ്കെടുത്ത ചടങ്ങില് വികസന കോണ്ഗ്രസിന്റെ സംക്ഷിപ്ത തീരുമാനങ്ങള് അവതരിപ്പിക്കുകയായിരുന്നു അദേഹം.
കേരളത്തില്‍ ഇനി അന്തര്‍ദേശീയ വിമാനത്താവളം ആവശ്യമില്ല. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ചര്‍ച്ചകള്‍ തുടരണം. സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച “വിഷന്‍ 20-30″ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ തകര്‍ക്കും. വികസനത്തിന്റെ ദിശ ദരിദ്ര ജനവിഭാഗങ്ങളിലേക്കു തിരിയേണ്ടതുണ്ട്. കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഉപാധികളുണ്ടാക്കണം. മേഖലയില്‍ പ്രൊഫഷണലിസം നടപ്പാക്കിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാം. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ഭൂവിനിയോഗത്തില്‍ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നയരേഖ ആവശ്യപ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടം നിയമംമൂലം നിയന്ത്രിക്കണം. ഭൂമികൈയേറ്റക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമുള്ള നിയമം ഒന്നാകാന്‍പാടില്ല. പൊതുപ്രസ്ഥാനങ്ങള്‍ സ്ത്രീ സൗഹൃദമാക്കണം. ഉയര്‍ന്നതോതിലുള്ള സാമ്പത്തിക അസമത്വം, മദ്യപാനം, റോഡപകടങ്ങള്‍, പോഷണക്കുറവ്, ജീവിതശൈലി രോഗങ്ങള്‍, കടം എന്നിവയെല്ലാം ചേര്‍ന്ന് സാമൂഹ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ കമ്പോളവല്‍ക്കരണവുമായി ബന്ധപ്പെടുത്തിയാല്‍ അസമത്വം വര്‍ധിക്കുമെന്ന് നയരേഖയോടു പ്രതികരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഭരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. മാറുന്ന ലോക പശ്ചാത്തലത്തില്‍ പഴയ കേരള മാതൃകകൊണ്ട് നിലനില്‍ക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലുണ്ടായിട്ടും മലയാളികള്‍ നാട്ടില്‍ പണിയെടുക്കാന്‍ തയ്യാറാകാത്തത് വലിയ സമസ്യയാണെന്നും ചെന്നിത്തല പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണം നിലവാരത്തകര്‍ച്ചയാണ് സമ്മാനിക്കുന്നതെന്ന് സി പി നാരായണന്‍ എംപി പറഞ്ഞു. പുതിയ ആറ് കേന്ദ്രസര്‍വകലാശാലകളില്‍ 20 ശതമാനം മാത്രമാണ് യോഗ്യരായ അധ്യാപകരുള്ളത്. ഹൈബി ഈഡന്‍ എംഎല്‍എ, പരിഷത്ത് ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍, ഡോ. കെ രാജേഷ് എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ പ്രൊഫ. എന്‍ രമാകാന്തന്‍ സ്വാഗതവും പ്രൊഫ. പി കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. മൂന്നുദിവസത്തെ വികസന കോണ്‍ഗ്രസില്‍ 18 സെഷനുകളിലായി 51 ശില്‍പ്പശാലകളും 90 പ്രബന്ധങ്ങളും അവതരിപ്പിച്ചു. 600 പ്രതിനിധികള്‍ പങ്കെടുത്തു. –
(കടപ്പാട് – ദേശാഭിമാനി)