മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും ചില രാഷ്ട്രീയ- സാമൂഹിക സംഘടനകളും വരെ അട്ടിമറിക്കായി രംഗത്തിറങ്ങിയിരിക്കയാണ്.
മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാതിരിക്കുക, ഒ.പി ശരിയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നിസ്സഹകരിക്കുക, സമയത്തിന് വരാതിരിക്കുക എന്നിങ്ങനെയുള്ള നടപടികള്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു.
ഡോക്ടര്‍മാരുടെ വീട്ടില്‍ ചെന്ന് കണ്ടാല്‍ കുറഞ്ഞ ചെലവില്‍ കിട്ടുമായിരുന്ന ചികിത്സ ഇപ്പോള്‍ കൂടുതല്‍ തുകയ്ക്ക് സ്വകാര്യ ആശപത്രികളില്‍ ചെയ്യേണ്ടിവരുന്നു എന്ന വിചിത്രവാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഡോക്ടര്‍മാരുടെ വീട്ടില്‍ പോകാന്‍ കഴിയാതിരുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ശ്രദ്ധയും ലഭിക്കാനുള്ള അവസരം സ്വകാര്യ പ്രാക്ടീസ് നിരോധനം വഴി ലഭിക്കുമെന്ന വസ്തുതയെ സമര്‍ത്ഥമായി മൂടി വെക്കുകയാണ് ഇക്കൂട്ടര്‍. അതുവഴി പൊതുജനാരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നല്ല അവസരം നഷ്ടപ്പെടുത്തുകയാണ്.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും അവയെ റഫറല്‍ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയുമാണ് വേണ്ടത്. ഇതിന് കഴിയും വിധം പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രിവരേയുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം.
പൊതുസമൂഹത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെ മാത്രമേ സ്വകാര്യ പ്രാക്ടീസ് നിരോധനം വിജയിപ്പിക്കാനാകൂ. ഒ.പി സമയം നീട്ടിയതിനൊപ്പം ലാബ്, ഫാര്‍മസി, ഓപ്പറേഷന് തിയേറ്റര്‍ എന്നിവയുടെ സമയത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ലീവ് റിക്രൂട്ട്മെന്റ്, ഡിപ്ളോയ്മെന്റ്, റിട്ടയര്‍ ചെയതവരെ നിയമിക്കല്‍ തുടങ്ങിയ നടപടികളെടുത്തുകൊണ്ട് സ്വകാര്യ പ്രാക്ടീസ് നിരോധനം ഫലപ്രദമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിന് എല്ലാ പിന്തുണാ സംവിധാനങ്ങളും ഉണ്ടാക്കണമെന്ന് കേരളാ ഗവണ്മെന്റിനോടും സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ഡോ.കാവുമ്പായി ബാലകൃഷ്ണന് വി വിനോദ്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി