കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്പത്തൊന്നാം വാര്‍ഷിക സമ്മേളനം ആരംഭിച്ചു
ഉദിനൂര്‍ : പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതക്കുമെതിരെ സൃഷ്ടിപരമായ വിമര്‍ശനങ്ങളുയര്‍ത്തണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നിയമങ്ങളുണ്ടാവണമെന്നും ഡോ. ഹമീദ് ദബോല്‍ക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്പത്തൊന്നാം വാര്‍ഷിക സമ്മേളനം ഉദിനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രാ അന്ധശ്രദ്ധ നിര്‍മൂലൻ സമിതിയുടെ പ്രവര്‍ത്തകനും അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതിനാൽ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ദബോല്‍ക്കറുടെ മകനുമാണ് ഡോ. ഹമീദ് ദബോല്‍ക്കർ. ഈശ്വരനെയും മതത്തെയും മുന്‍നിര്‍ത്തിയുള്ള ചൂഷണങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ വിശ്വാസികളും രംഗത്തിറങ്ങണം. ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസം ജാതീയതയാണ്. സമൂഹത്തില്‍ മദ്യോപഭോഗം വര്‍ധിക്കുന്നത് യുക്തി ബോധമില്ലാതാകുന്നതിന്റെ ലക്ഷണമാണെന്നും സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും ജനാധിപത്യവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിൽ ശാസ്ത്രസംഘടനകളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും ഡോ. ഹമീദ് ദബോല്‍ക്കർ പറഞ്ഞു. സമൂഹത്തില്‍ ദരിദ്രരുടെയും സ്ത്രീകളുടെയും നില മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉല്‍ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയര്മാൻ കെ.കുഞ്ഞിരാമന് എം.എൽ.എ സ്വാഗതം പറഞ്ഞു. പരിഷത്ത്പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന് പിള്ള അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനർ എ.എം. ബാലകൃഷ്ണൻ നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ പി.കെ.നാരായണന് വരവു ചെലവു കണക്കും വി,എന്‍.കൃഷ്ണന്‍കുട്ടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ മരണപ്പെട്ടുപോയവരെ അനുസ്മരിച്ച് എന്‍.ശാന്തകുമാരി സംസാരിച്ചു. അനുബന്ധ പരിപാടിയായി നടന്ന വര്ണോത്സവത്തിലെ വിജയികള്‍ക്ക് ഡോ.എം.പി. പരമേശ്വരന് സമ്മാനദാനം നടത്തി. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേൽ ജില്ലകൾ തിരിഞ്ഞ് ചര്‍ച്ച നടത്തുകയും ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു. ഡോ.കെ. രാജേഷ് കേരള വികസന പരിപ്രേക്ഷ്യ രേഖ അവതരിപ്പിച്ചു.
നാളെ (10.5.14) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായ ജനകീയ മെമ്മോറാണ്ടം ഡോ.കെ.എന്‍. ഗണേശും സംഘടനാ രേഖ പ്രൊഫ. പി.കെ. രവീന്ദ്രനും അവതരിപ്പിക്കും. അഖിലേന്ത്യാ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരനും പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ ആര് ടി സിയെക്കുറിച്ച് ഡോ. ലളിതാംബികയും സംസാരിക്കും. വൈകുന്നേരം ആറുമണിക്ക് കേരളത്തിനൊരു സമഗ്ര ഊര്ജപരിപാടി എന്ന വിഷയത്തിൽ വേള്‍ഡ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൾ എനര്‍ജി ഡയരക്ടർ ജനറൽ ജി. മധുസൂദനന് പിള്ള പി.ടി.ഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തും. ഡോ. എം.പി. പരമേശ്വരന്, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന് എന്നിവർ സംസാരിക്കും. 14 ജില്ലകളില്‍ നിന്നായി 450 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചയാണ് സമ്മേളനം സമാപിക്കുക.