പ്രമേയം 1

സമചിത്തതതോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക

കേരളത്തിന്റെ സാംസ്‌കാരീകാന്തരീക്ഷം സവിശേഷമായ സങ്കീര്‍ണതകളിലൂടെ കടന്നുപോവുകയാണ്‌. വികസനം, പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി തുടങ്ങിയ വിവിധ മേഖലകളില്‍ മൗലികവും വൈജ്ഞാനികതലത്തിലുള്ളതുമായ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും അവ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ്‌ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും അഭിപ്രായ സമന്വയത്തിലേക്ക്‌ വരികയും ചെയ്യുന്നത്‌. ഏത്‌ സമൂഹത്തിനും ബാധകമായ ഈ പൊതുതത്വം കേരളത്തിനും ഒഴിവാക്കാനാവില്ല. എന്നാല്‍ സമീപകാല കേരളത്തില്‍ ഇത്തരത്തിലുള്ള സ്വാഭാവികമായ ആശയവിനിമയവും സംവാദവും സാധ്യമല്ലാത്ത സാംസ്‌കാരികാന്തരീക്ഷം വളര്‍ന്നുവരുന്നു. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട മാധവഗാഡ്‌ഗില്‍ സമിതി ശുപാര്‍ശകളോടും വള്ളിക്കാവിലെ അമൃതാനന്ദമയീമഠത്തെക്കുറിച്ച്‌ ഉയര്‍ന്ന വിമര്‍ശനങ്ങളോടുമുള്ള പ്രതികരണങ്ങളാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഗാഡ്‌ഗില്‍ സമിതി ശുപാര്‍ശകളെ ഒരു വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളെന്ന നിലയില്‍ കണക്കിലെടുത്ത്‌ വൈജ്ഞാനികവും സാങ്കേതികവുമായ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന്‌ പകരം തുടര്‍ച്ചയായ ഹര്‍ത്താല്‍ പരമ്പരയും അക്രമാസക്ത പ്രക്ഷോഭങ്ങളും തീര്‍ത്ത്‌ സംവാദം അസാധ്യമാക്കുന്ന രീതിയാണ്‌ രാഷ്‌ട്രീയകക്ഷികളും മതപുരോഹിതന്മാരും സ്വീകരിച്ചത്‌. അമൃതാനന്ദമയീമഠത്തിനെതിരെ ഉണ്ടായ വിമര്‍ശനങ്ങളെ വസ്‌തുനിഷ്‌ഠമായി പരിശോധിക്കുന്നതിന്‌ പകരം, ഇതുസംബന്ധിച്ച പുസ്‌തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സിനെതിരെയും ഇക്കാര്യത്തിലെ ഇരയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്‌ത ടെലിവിഷന്‍ ചാനലിനെതിരെയും ഇതേക്കുറിച്ച്‌ നവമാധ്യമങ്ങളില്‍ പ്രതികരിച്ചവര്‍ക്കെതിരെയും അക്രമണങ്ങള്‍ നടത്തുകയും നിയമനടപടികളും സ്വീകരിക്കുകയുമാണ്‌ മഠാധികാരികള്‍ ചെയ്‌തത്‌. സമചിത്തതടോയെയുള്ള സംവാദാത്മക അന്തരീക്ഷം രൂപപ്പെടാതിരിക്കുക എന്ന തന്ത്രമാണ്‌ ഇരുവിഷയത്തിലും തത്‌പരകക്ഷികള്‍ സ്വീകരിച്ചത്‌. സര്‍ക്കാരും അധികാര കേന്ദ്രങ്ങളും സ്വീകരിച്ചത്‌ മറ്റു പ്രശ്‌നങ്ങളിലും സമാനമായ അനുഭവങ്ങള്‍ കാണാം. പ്രാദേശികം, ജാതീയം, മതപരം തുടങ്ങിയ എല്ലാത്തരം വിഭാഗീയ വികാരങ്ങളെയും തൃപ്‌തിപ്പെടുത്തുകയാണ്‌ സന്തുലനാവസ്ഥ നിലനിര്‍ത്താനുള്ള എളുപ്പവഴി എന്നാണ്‌ അധികാരികള്‍ പൊതുവെ കരുതുന്നത്‌. സ്വതന്ത്രമായ ആശയപ്രകാശനത്തെയും വൈജ്ഞാനിക അന്വേഷണങ്ങളെയും അടിച്ചമര്‍ത്താനാണ്‌ ഇത്തരം നിലപാടുകള്‍ കാരണമാകുന്നത്‌. ഇത്‌ അപകടകരമായ സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക്‌ കേരളത്തെ നയിക്കും. ആയതിനാല്‍ സമചിത്തതയോടെയുള്ള സംവാദാത്മക സാമൂഹ്യ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേരള സംസ്ഥാന സര്‍ക്കാരിനോടും സാമൂഹ്യ – രാഷ്‌ട്രീയ സംഘടനകളോടും ഈ സമ്മേളം ആവശ്യപ്പെടുന്നു.

പ്രമേയം 2

വിദ്യാഭ്യാസരംഗത്ത്‌ ദുര്‍ബലരുടെ നീതിക്കും ഭാഷാസംസ്‌കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അണിചേരുക

വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച്‌ അണ്‍എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ നടത്തുന്ന പ്രവേശനത്തിന്റെ ഇരുപത്തി അഞ്ച്‌ ശതമാനം ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ സംവരണം ചെയ്യണമെന്ന നിബന്ധന ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക്‌ ബാധകമാകില്ലെന്ന്‌ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചിരിക്കുന്നു. മാതൃഭാഷയിലാണോ വിദ്യാഭ്യാസം നടത്തേണ്ടതെന്ന്‌ തീരുമാനിക്കേണ്ടത്‌ രക്ഷിതാക്കളും കുട്ടികളുമാണെന്നും അതില്‍ ഭരണകൂടത്തിന്‌ ഇടപെടാന്‍ അധികാരമില്ലെന്നും സുപ്രീംകോടതിയുടെ മറ്റൊരു വിധിന്യായത്തില്‍ പറയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളര്‍ന്നുവന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ വളര്‍ച്ചയെയും സാമൂഹ്യനീതിയെയും സംബന്ധിച്ച ജനാധിപത്യ സങ്കല്‌പങ്ങള്‍ക്ക്‌ കടുത്ത ആഘാതമാണ്‌ ഈ രണ്ടു വിധിന്യായങ്ങളും ഏല്‌പിച്ചിരിക്കുന്നതെന്നാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നത്‌.
ന്യൂനപക്ഷസമുദായങ്ങള്‍ക്ക്‌ വിദ്യാഭ്യാസം നേടാനും അവര്‍ക്ക്‌ സ്വതന്ത്രമായി സ്ഥാപനങ്ങള്‍ നടത്താനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. സ്വസമുദായത്തില്‍നിന്നും പ്രവേശനം നടത്താനും മുഴുവന്‍ കുട്ടികളെയും ദേശീയവും അന്താരാഷ്‌ട്രവുമായ വിദ്യാഭ്യാസനിലവാരം ഉള്ളവരാക്കിമാറ്റാനും അവര്‍ക്ക്‌ അവകാശവും ബാധ്യതയുമുണ്ട്‌. നിരക്ഷരരായ, പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജനസമൂഹത്തോടും അവരുടെ കുട്ടികളോടും ഉള്ള സാമൂഹ്യ ഉത്തരവാദത്തം നിരവധി ന്യൂനപക്ഷ സംഘടനകള്‍ നിറവേറ്റിപ്പോരുന്നുണ്ട്‌. ഇനിയും അത്‌ തുടര്‍ന്ന്‌ നിറവേറ്റാന്‍ അവര്‍ക്ക്‌ കഴിയും. ഇന്ത്യക്കാരെന്ന അടിസ്ഥാന പൗരാവകാശത്തിന്റെയും കടമകളുടെയും ഭാഗംകൂടിയാണ്‌ അത്‌. ഇതിനെയാണ്‌ വിദ്യാഭ്യാസ അവകാശനിയമം അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും നന്മയുടെയും ഉദാത്ത ആശയങ്ങളുടെ കടയ്‌ക്കു കത്തിവയ്‌ക്കുകയാണ്‌ സുപ്രീംകോടതി വിധി ഇപ്പോള്‍ ചെയ്‌തത്‌. ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ ഉന്നയിച്ച വാദത്തെ ആ സമുദായങ്ങളുടെ നിലപാടായി വ്യാഖ്യാനിച്ച്‌ സുപ്രീംകോടതി ഈ വിധി പ്രസ്‌താവിച്ചത്‌ ഭരണഘടനയുടെ ഉദ്ദേശ്യത്തിന്‌ നിരക്കുന്നതാണോ എന്ന പ്രശ്‌നമുണ്ട്‌. ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ ഇപ്പോഴും തയ്യാറാണെന്ന്‌ ചില ന്യൂനപക്ഷ സംഘടനകള്‍ പ്രസ്‌താവിച്ചത്‌ തികച്ചും സ്വാഗതാര്‍ഹവുമാണ്‌. മറ്റുള്ളവരും ഈ മാതൃക പിന്തുടരുമെന്ന്‌ ഞങ്ങള്‍ പ്രത്യാശിക്കുന്നു.
കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെ വളര്‍ച്ചയുടെയും പശ്ചാത്തലത്തിലാണ്‌ മാതൃഭാഷയിലുള്ള അധ്യയനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയായത്‌. സ്വാതന്ത്ര്യത്തിനുശേഷം ഭാഷാസംസ്ഥാനങ്ങള്‍ രൂപംകൊണ്ടത്‌ ഇതിനെ ആധാരമാക്കിയാണ്‌. പ്രാദേശിക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനുംവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം വളര്‍ന്നുവന്ന മധ്യവര്‍ഗം ഈ യാഥാര്‍ഥ്യങ്ങളെ മുഴുവന്‍ അവഗണിക്കുകയും മാതൃഭാഷയില്‍ അധ്യയനം നടത്തിയവരെ രണ്ടാംകിട പൗരന്മാരായി അവഹേളിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ പൗരത്വമുള്ളവര്‍പോലും വിദേശത്ത്‌ ജോലി ലഭിക്കുന്നതിന്‌ വിദേശഭാഷയെ മാതൃഭാഷയാക്കി മാറ്റുന്നു. പ്രാദേശിക ജനവിഭാഗങ്ങളുടെയും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുടെയും നീതി ഉറപ്പുവരുത്തുന്നതിന്‌ അവരുടെ സംസ്‌കാരത്തിന്റെയും സ്വാവബോധത്തിന്റെയും വളര്‍ച്ച ആവശ്യമാണ്‌. ഇത്തരത്തിലുള്ള സാമൂഹ്യമായ കര്‍ത്തവ്യമാണ്‌ മാതൃഭാഷാ അധ്യയനം നിര്‍വഹിക്കുന്നത്‌. മാതൃഭാഷയോടൊപ്പം മറ്റു ഭാഷകള്‍ പഠിപ്പിക്കുന്നതിന്‌ ഇതൊരു തടസ്സവുമല്ല. മാതൃഭാഷയിലൂടെ അധ്യയനം നടത്തണമെന്ന അടിസ്ഥാന വിദ്യാഭ്യാസ തത്വത്തിന്റെ ലംഘനം കൂടിയാണ്‌ ഈ വിധി. സാമൂഹ്യവും ബോധനശാസ്‌ത്രപരവുമായ ഇത്തരമൊരു കാഴ്‌ചപ്പാട്‌ നമ്മുടെ ന്യായാധിപന്മാര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത്‌ തികച്ചും ദു:ഖകരമാണ്‌.
സുപ്രീംകോടതിയാണ്‌ വിധി പ്രസ്‌താവിച്ചിരിക്കുന്നത്‌ എന്നതുകൊണ്ട്‌ ഇനിയങ്ങോട്ടുള്ള തീരുമാനങ്ങള്‍ രൂപപ്പെടുത്തേണ്ടത്‌ ജനങ്ങളും നിയമനിര്‍മാണ സഭകളുമാണ്‌. സാമൂഹ്യനീതിക്കും ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവിഭാഗങ്ങളും അണിചേരണമെന്ന്‌ പരിഷത്ത്‌ കരുതുന്നു. അതിനാല്‍,
1. ദുര്‍ബലവിഭാഗങ്ങളുടെ സംരക്ഷണത്തിന്‌ ഏറ്റെടുത്തുപോന്ന ചരിത്രപരമായ ദൗത്യം തുടരുമെന്ന്‌ ന്യൂനപക്ഷ സംഘടനകള്‍ പ്രഖ്യാപിക്കണമെന്നും അതിനാവശ്യമായ ജനസമ്മര്‍ദം രാഷ്‌ട്രീയപാര്‍ട്ടികളും പൗരസമൂഹവും ചേര്‍ന്ന്‌ രൂപപ്പെടുത്തണമെന്നും പരിഷത്ത്‌ ആഗ്രഹിക്കുന്നു.
2. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നിലവില്‍ വരുന്ന പാര്‍ലിമെന്റും നിലവിലുള്ള സംസ്ഥാന നിയമസഭയും അടിയന്തിരപ്രാധാന്യത്തോടെ വിധികളുടെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്യുകയും ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ നീതിയും പ്രാദേശിക ഭാഷകളുടെയും സംസ്‌കാരത്തിന്റെയും നിലനില്‍പും ഉറപ്പുവരുത്തുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
3. സ്വന്തം ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായി മാതൃഭാഷാ അധ്യയനം അനിവാര്യമാണെന്ന അവബോധം രക്ഷിതാക്കളിലും കുട്ടികളിലും വളര്‍ത്തിക്കൊണ്ടുവരണമെന്നും, മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രയോഗവത്‌കരിക്കാന്‍ ആവശ്യമായ അന്തരീക്ഷസൃഷ്‌ടിക്ക്‌ രാഷ്‌ട്രീയ കക്ഷികള്‍, ബഹുജന പൗരസംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, പൊതുസമൂഹം എന്നിവര്‍ മുന്നോട്ടുവരണമെന്നും ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ നിയമനിര്‍മാണങ്ങള്‍ക്ക്‌ സന്നദ്ധമാവണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

പ്രമേയം 3

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ നിയന്ത്രിക്കുക.

കേരളത്തില്‍ വര്‍ധിച്ച തോതില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിന്റെ അമിത സ്വാധീനവും സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്ടെന്ന്‌ നേരത്തെതന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. 2011-ല്‍ അഞ്ചുലക്ഷത്തില്‍ താഴെമാത്രം ഭവനരഹിത കുടുംബങ്ങളുണ്ടായിരുന്ന കേരളത്തില്‍ പ്രതിവര്‍ഷം 2.7 ലക്ഷം പുതുഭവനങ്ങളാണ്‌ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്‌. യഥാര്‍ഥ ആവശ്യത്തേക്കാള്‍ വളരെക്കൂടുതല്‍ പാര്‍പ്പിടങ്ങള്‍ ഇപ്പോള്‍ത്തന്നന്നെ സംസ്ഥാനത്തുണ്ടെന്ന്‌ കണക്കുകള്‍ കാണിക്കുന്നു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന കെട്ടിടനിര്‍മാണത്തിന്റെ ഭൂരിഭാഗവും അനാവശ്യവും ലാഭംകൊയ്യാനുള്ള നിക്ഷേപം മാത്രവുമാണെന്ന്‌ വ്യക്തമാണ്‌. നമ്മുടെ പ്രകൃതിസമ്പത്തിന്റെ അപകടകരമായ ചൂഷണത്തിലേക്കാണ്‌ ഈ അമിത നിര്‍മാണം നയിക്കുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ കുത്തക ഇടപെടല്‍ പാവപ്പെട്ട യഥാര്‍ഥ ആവശ്യക്കാര്‍ക്ക്‌ നിര്‍മാണ വസ്‌തുക്കള്‍ ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു. ഇതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും കേരളസമൂഹത്തിന്‌ താങ്ങാനാവുന്നതല്ല. ഇതിനുള്ള നിരവധി സൂചനകളാണ്‌ നമുക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.
ഈ വര്‍ഷം ലഭിച്ച വ്യാപകമായ വേനല്‍മഴ കടുത്ത വരള്‍ച്ചയ്‌ക്ക്‌ ആശ്വാസം നല്‍കുന്നതിനുപകരം വ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിച്ചത്‌. നാളിതുവരെ ഉണ്ടാകാത്തവിധത്തില്‍ റെയില്‍-റോഡ്‌ ഗതാഗതം പരക്കെ തടസ്സപ്പെട്ടു. നീര്‍ക്കെട്ടും വെള്ളക്കെട്ടും വ്യാപകമായിത്തീര്‍ന്നു. നീരൊഴുക്കു പരിഗണിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവുമാണ്‌ ഈ അവസ്ഥ സൃഷ്‌ടിച്ചതെന്നതിന്‌ നിരവധി തെളിവുകളുണ്ട്‌. കെട്ടിട നിര്‍മാണ വസ്‌തുക്കളുടെ താത്‌കാലിക ദൗര്‍ലഭ്യം കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും മറ്റൊരു സൂചനയാണ്‌. ഇങ്ങനെ ഇടയ്‌ക്കിടെ ഉണ്ടാകുന്ന പ്രതിസന്ധികളാണ്‌ അമിത കെട്ടിടനിര്‍മാണത്തിലൂന്നിയുള്ള സമ്പദ്‌ വ്യവസ്ഥകളെ തകര്‍ച്ചയിലേക്ക്‌ എത്തിച്ചതെന്ന്‌ അമേരിക്കയുടെയും സ്‌പെയിനിന്റെയും മറ്റും അനുഭവങ്ങള്‍ നമുക്ക്‌ കാണിച്ചുതന്നിട്ടുണ്ട്‌. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക്‌ മുഖ്യതടസ്സം റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടെ ദുസ്സ്വാധീനം എന്നത്‌ വ്യക്തമാണ്‌.
വരാനിക്കുന്ന ഗുരുതരമായ പ്രതിസന്ധികളുടെ ചില സൂചനകളാണ്‌ ഇതിനകം ലഭിച്ചിട്ടുള്ളത്‌. അതൊഴിവാക്കാന്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ പ്രവര്‍ത്തനങ്ങളെ കര്‍ക്കശമായി നിയന്ത്രിക്കണമെന്ന്‌ ഈ സമ്മേളനം കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിക്കുന്നു.

പ്രമേയം 4

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കൈയ്യാളുന്ന ഡാറ്റ തുറന്നതും സ്വതന്ത്രവുമാക്കുക

തുറന്ന സർക്കാർ ഡാറ്റ (open government data) എന്ന സങ്കല്പം ലോകമൊട്ടാകെ സാമൂഹ്യമാറ്റത്തിനുള്ള മുന്നുപാധികളിലൊന്നായി അംഗീകരിക്കപ്പെട്ടു വരികയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഈ മേഖലയില്‍ സമഗ്രവീക്ഷണമില്ലായ്മ, ആത്മാര്‍ത്ഥതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിലനില്‍ക്കുന്നു.
വിവരമെന്നോ, അറിവെന്നോ, വസ്തുതയെന്നോ ഒക്കെ ഭാഗികാര്‍ത്ഥത്തില്‍ മലയാളഭാഷയിൽ പറയാവുന്ന ഡാറ്റ സമൂഹത്തില്‍ നാമറിയതെ ആഴത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒട്ടനവധി നൂറ്റാണ്ടുകൾ കൊണ്ടുണ്ടാക്കപ്പെട്ടതിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ മണിക്കൂറുകൾ കൊണ്ടു സൃഷ്ടിക്കപ്പെടുന്നു. എന്നാൽ അതിൽ ഭൂരിഭാഗവും ഇന്നും ഭരണകൂടങ്ങളുടെ, അല്ലെങ്കിൽ സർവ്വകലാശാലകളുടെ, അതുമല്ലെങ്കിൽ വൻകിട കോർപ്പറേറ്റ് ഏജൻസികളുടെ കൈകളില്‍ തന്നെയാണിരിക്കുന്നത്. സമൂഹത്തിന്റെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന രീതിയില്‍ ഭരണകൂടം കൈയ്യാളുന്ന മുഴുവന്‍ ഡാറ്റയും തുറന്നതും സ്വതന്ത്രവുമാക്കണം എന്ന ചിന്തയാണ് ആഗോളതലത്തില്‍ ഓപ്പണ്‍ ഡാറ്റ എന്ന സങ്കല്പത്തിലേക്ക് വളര്‍ന്നത്.
ഇത്തരം തുറന്ന ഡാറ്റയുടെ വിവിധ രീതിയിലുള്ള പ്രയോഗരൂപങ്ങൾ ദേശീയ/പ്രാദേശിക വികസനത്തിന്റെ പ്രധാനകരുക്കളായി വികസിത / വികസ്വര രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും ഇത്തരം ഓപ്പൺ ഡാറ്റ സങ്കല്പത്തെ അംഗീകരിക്കുകയും ഇതിനായി http://data.gov.in എന്ന ഒരു പൊതുസഞ്ചയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ പോർട്ടലിലെ പൊതു ഡാറ്റയുടെ അളവും അവയുടെ പ്രയോഗരൂപങ്ങളും വളരെ പരിമിതമാണ്. സാമൂഹ്യമുന്നേറ്റത്തിന്റെയും വൈജ്ഞാനിക വികസനത്തിന്റെയും പല തലങ്ങളിലും മുന്നിൽ നിൽക്കുന്ന കേരള സമൂഹവും ഭരണനിർവ്വഹണ രൂപങ്ങളും ഇതിനെപ്പറ്റി ധാരണയില്ലാത്തതു കൊണ്ടോ അനാസ്ഥ കൊണ്ടോ, ഈ ചിന്താപദ്ധതിയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. ദേശീയ പദ്ധതിയിൽ അംഗത്വമെടുക്കുവാൻ പോലും നമുക്കിതുവരെ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ട വെബ്ബ് സൈറ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുള്ള വിപുലമായ വിവരസഞ്ചയം ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന ഗവണ്‍മെന്റ് ഡാറ്റയിലേറെയും ഇന്നും പൊതുജനങ്ങള്‍ക്കു് അപ്രാപ്യമായ രൂപത്തില്‍ അടച്ചുസൂക്ഷിച്ചിരിക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോലും ഇവ പരസ്പരം അപ്രാപ്യമാണ്. ഇത് പൗരന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു. വിവര – വിജ്ഞാന വിസ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തുറന്ന ഡാറ്റ ഉപയോഗപ്പെടുത്തി ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ സാമൂഹ്യവളര്‍ച്ച നേടുന്നതിനുള്ള സാധ്യതകള്‍ക്ക് അത് തടസ്സം നില്‍ക്കുകയാണ്.
പൊതുപണം ഉപയോഗിച്ച് സർക്കാര്‍ നിര്‍മ്മിക്കുന്ന വെബ്ബ് സൈറ്റുകളിലെ (ഉദാ: കേരളത്തിലെ ഗ്രാമപഞ്ചായത്ത് വെബ്ബ് സൈറ്റുകൾ) ഉള്ളടക്കം പൊതുജനത്തിനു് സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കാത്ത തരത്തില്‍ “പകര്‍പ്പവകാശം സര്‍ക്കാരിന് മാത്രം” എന്ന നിബന്ധനയിലാണ് ഇപ്പോഴും സ്ഥിതിചെയ്യുന്നതെന്നത് ഖേദകരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന അപൂര്‍വ്വം ചിലതൊഴിച്ച് ഇവയെല്ലാം പൊതുസഞ്ചയത്തിൽ സ്വാഭാവികമായി വരേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്യാത്തതു മൂലം ഇവ ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോവുന്നു. ഉള്ളടക്കം തയ്യാറാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്, ഏതുതരം ആവശ്യങ്ങള്‍ക്കും അവ പകര്‍ത്തുവാനും പുനഃസൃഷ്ടിക്കാനും കൂട്ടിക്കലര്‍ത്തുവാനും പങ്കുവെയ്കുവാനും അനുവാദം കൊടുക്കുന്നരൂപത്തില്‍ ക്രിയേറ്റീവ് കോമണ്‍സ് പോലുള്ള പകര്‍പ്പുപേക്ഷാ ലൈസന്‍സില്‍ അവ തുറന്നുകൊടുക്കേണ്ടുതുണ്ട്.
വിദ്യാഭ്യാസാവശ്യത്തിനും പൊതുജനങ്ങളുടെ അറിവിലേക്കും വിവരങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യുന്ന വിക്കിപീഡിയ പോലുള്ള സംരംഭങ്ങള്‍ക്ക് ഇത്തരത്തില്‍ പരമ്പരാഗത കോപ്പിറൈറ്റിലുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ഉപയോഗപ്പെടുത്താനേ പറ്റില്ല എന്നതാണ് ഇതുവഴിയുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം.
ഈ സാഹചര്യത്തില്‍ ഒരു വിവരസമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയെക്കരുതി താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയൊന്നാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു

1. രാജ്യസുരക്ഷയെ ബാധിക്കുന്നതു പോലുള്ള അപൂര്‍വം ചിലതൊഴിച്ച് ഇതു വരെയും പൊതുസഞ്ചയത്തിലാക്കപ്പെടാത്ത എല്ലാത്തരം ഗവണ്‍മെന്റ് ഡാറ്റയും അടിയന്തിരമായി തുറന്നതും സ്വതന്ത്രവുമാക്കുക.
2. പൊതു ഡാറ്റയെ സംബന്ധിച്ച നയങ്ങളെപ്പറ്റിയും പ്രയോഗ സാധ്യതകളെപ്പറ്റിയും പൊതു സമൂഹത്തിനും ഉദ്യോഗസ്ഥർക്കും അവബോധം ഉണ്ടാകാനാവശ്യമായ സമ്പര്‍ക്കമുഖങ്ങളും ചർച്ചാ വേദികളും സൃഷ്ടിക്കുക.
3. പൊതു ഡാറ്റ, പുനരുപയോഗത്തിന് സാധ്യമായ, യന്ത്രവായനയ്ക്കുതകുന്ന രീതിയിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും, അവ കാലോചിതവും പരമാവധി കണങ്ങളാക്കിയും പുനരുപയോഗക്ഷമതയുള്ളതാക്കിയും ആണ് പ്രസിദ്ധീകരിക്കുന്നതെന്നും ഉറപ്പുവരുത്താനാവശ്യമായ ഔദ്യോഗിക – സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കുക.
4. പൊതു ഡാറ്റ, വ്യക്തിപരവും വ്യാവസായികവുമായതുള്‍പ്പെടെയുള്ള ആശ്യങ്ങൾക്കായി സ്വതന്ത്രവും നിയമപ്രകാരമുള്ള പുനരുപയോഗത്തിനു സാധ്യമാകുന്ന രീതിയിൽ ഓപ്പണ്‍ ലൈസന്‍സുകൾ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുക. ഇതിനായി വ്യക്തിവിവരങ്ങൾ സമർപ്പിക്കുക പോലുള്ള നിബന്ധനകള്‍ ഒഴിവാക്കുക.
5. ഇന്ത്യയുടെ ഓപ്പൺ ഡാറ്റാ പോർട്ടലായ http://data.gov.in-ല്‍ കേന്ദ്ര സർക്കാരിന്റേയും എല്ലാ സംസ്ഥാനങ്ങളുടേയും എല്ലാ വകുപ്പുകളിലുമുള്ള പൊതു ഡാറ്റ അടിയന്തിരമായി ഉള്‍ക്കൊള്ളിക്കുക. ഇത്തരത്തിൽ ഉൾക്കൊള്ളിക്കുന്ന ഡാറ്റയുടെ പരസ്പരബന്ധങ്ങൾ സാർത്ഥകവും പൂര്‍ണ്ണവുമാണെന്നത് ഉറപ്പുവരുത്തുക. വ്യത്യസ്ത വകുപ്പുകളിൽ നിന്നും ഒരേ വിഷയത്തിൽ പ്രസിദ്ധീകരിക്കുന്ന പൊതു ഡാറ്റ നിശ്ചിതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുക. ആവർത്തിതഡാറ്റയും അതു അതു മൂലമുണ്ടാകുന്ന ആശയക്കുഴപ്പവും സാങ്കേതിക പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും ഉറപ്പു വരുത്തണം
6. നിലവിലുള്ള സർക്കാർ സംവിധാനങ്ങളുടെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി പൊതു ഡാറ്റ എത്രയും പെട്ടെന്നു തന്നെ പ്രസിദ്ധീകരിക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും നിയമപരമായ ബാധ്യതയും ഉറപ്പു വരുത്തുക.
7. പൊതു ഡാറ്റയുടെ പുനരുപയോഗം പൊതുസ്ഥാപനങ്ങൾ സക്രിയമായി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുക.
8. പൊതു ഡാറ്റയുടെ സമര്‍ഥമായ ഉപയുക്തത സാമൂഹ്യമാറ്റത്തിനു കാരണമാകുന്നു എന്നുറപ്പു വരുത്തുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സമഗ്രമായ പൊതു ചര്‍ച്ചയ്ക്കും സാമൂഹ്യകണക്കു പരിശോധനയ്ക്കും (social audit) ലഭ്യമാക്കുക.
9. വിവിധ സാമൂഹ്യ/ജ്ഞാന ഘടനകളെ (പാർശ്വവൽകൃത സമൂഹങ്ങൾ, വിദ്യാഭ്യാസഘടനകൾ, ഊര്‍ജ്ജമേഖല മുതലായവയെ) ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡിജിറ്റൽ അജണ്ടകൾ ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും രൂപീകരിക്കുവാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങുക. ഇത്തരം ഡിജിറ്റൽ അജണ്ടകൾ പൊതു ചര്‍ച്ചകളിലൂടെയും ഗ്രാമസഭകൾ പോലെയുള്ള ജനാധിപത്യ വേദികളിലൂടെയും ഉരുത്തിരിഞ്ഞു വരുന്നുവെന്നത് ഉറപ്പു വരുത്തുക. അതിനായുള്ള പ്രവർത്തന പദ്ധതികൾ മുന്‍ഗണനാക്രമത്തില്‍ ആസൂത്രണം ചെയ്യുക.
10. സര്‍ക്കാരിന്റെയും പൊതു സംവിധാനങ്ങളുടെയും വിവരസഞ്ചയം ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറുകളിൽത്തന്നെ സൂക്ഷിക്കേണ്ടതാണ്.
11. നിയമപരമായ ഉപയോഗനിബന്ധനകളില്ലാത്ത എല്ലാ ഗവണ്‍മെന്റ് പ്രസിദ്ധീകരണങ്ങളും കേന്ദ്ര – സംസ്ഥാന – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായത്തോടെ നടത്തപ്പെടുന്ന പദ്ധതികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വെബ് സൈറ്റുകളും വെബ് അനുബന്ധ സേവനങ്ങളും, പൊതുസഞ്ചയത്തിലേക്കോ (Public Domain), സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പോലെയുള്ള സ്വതന്ത്ര ലൈസന്‍സിലേക്കോ മാറ്റി സര്‍ക്കാർ സൈറ്റുകളിലെ ഉള്ളടക്കം രാജ്യത്തെ എല്ലാ പൗരന്മാർക്കും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക.

പ്രമേയം 5

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തെ ചെറുക്കുക

കേരളത്തിലെ 418 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍ക്കാത്ത സാഹചര്യത്തെ വലിയൊരുസാമൂഹ്യപ്രശ്‌നമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ ഉള്ള തല്‍പ്പരകക്ഷികളുടെ ശ്രമങ്ങളെ ജനാധിപത്യകേരളം എതിര്‍ത്ത്‌ തോല്‍പ്പിക്കണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ അഭ്യര്‍ത്ഥിക്കുന്നു. തദ്ദേശീയരുടെ മദ്യപാനം കുറച്ചുകൊണ്ടുവരിക, എന്നാല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ്‌ നക്ഷത്ര പദവികളുള്ള ഹോട്ടലുകള്‍ക്കുമാത്രം ലൈസന്‍സ്‌ നല്‍കിയാല്‍ മതിയെന്ന്‌ മുന്‍പ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌. എന്നാല്‍ നിലവിലുളള സ്റ്റാര്‍ പദവികള്‍ ലഭിച്ച ഹോട്ടലുകള്‍ തന്നെ ടൂറിസം പ്രമോഷനെക്കാള്‍ തദ്ദേശീയരായ പാവപ്പെട്ട തൊഴിലാളികളേയും, ചെറുപ്പക്കാരേയും മദ്യാസക്തരാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ സ്റ്റാര്‍ പദവികളിലൂള്ള ഭൂരിപക്ഷം ഹോട്ടലുകളിലും സ്റ്റാര്‍ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട്‌ വിലകുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകള്‍ ഇതിന്റെ തെളിവാണ്‌. വ്യാപകമായ മദ്യവില്‍പന കേന്ദ്രങ്ങളാണ്‌ കേരളത്തിലെ മദ്യാസക്തിയും മദ്യവില്‍പനയും വര്‍ദ്ധിച്ചുവരാനുള്ള പ്രധാന കാരണമെന്നത്‌ തര്‍ക്കമറ്റ വിഷയമാണ്‌. യാതൊരു നിബന്ധനകളും പാലിക്കാതെ ബാറുകള്‍ മദ്യവില്‍പ്പന നടത്തുന്നു എന്ന കണ്ടെത്തലാണ്‌ അവയുടെ അടച്ചുപൂട്ടലിലേക്കും അതിനെത്തുടര്‍ന്നുണ്ടായ ഇന്നത്തെ തര്‍ക്കങ്ങളിലേക്കും നയിച്ചത്‌.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന മദ്യാസക്തിയുടെയും അതിന്റെ ഫലമായുണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാവണം ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്‌. ആളോഹരി മദ്യപാനത്തില്‍ കേരളം ദേശീയ തലത്തില്‍ത്തന്നെ ഏറ്റവും മുന്നിലാണ്‌. കൗമാര പ്രായത്തില്‍ത്തന്നെ കേരളത്തില്‍ മദ്യപാനം തുടങ്ങുന്നുവെന്നാണ്‌ വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സ്‌ത്രീ പീഡനം, അക്രമ പ്രവര്‍ത്തനങ്ങള്‍, ആത്മഹത്യ, വാഹനാപകടങ്ങള്‍ എന്നിവയില്‍ സമീപകാലത്തുണ്ടായ വര്‍ധനവിനെ നിരന്തരം വ്യാപിക്കുന്ന മദ്യാസക്തിയുമായി ബന്ധപ്പെടുത്തി വേണം കാണാന്‍. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം മദ്യത്തിന്റെ ലഭ്യത കൂടി കുറച്ചുകൊണ്ടു വന്ന്‌ ഈ വിപത്തുകളെ അടിയന്തിരമായി നേരിടേണ്ടതിന്റെ ആവശ്യകതയാണ്‌ സൂചിപ്പിക്കുന്നത്‌.
ഈ സാഹചര്യത്തില്‍ സ്റ്റാര്‍ പദവികള്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കരുത്‌. സ്റ്റാര്‍ പദവിയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന്‌ കര്‍ശനമായി നിഷ്‌കര്‍ഷിക്കണം. അതോടൊപ്പം മദ്യവില്‍പനയുടെ സമയവും ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളുടെ എണ്ണവും കുറക്കണം. ഇതിനുവേണ്ട സാമൂഹ്യ സമ്മര്‍ദ്ധം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനങ്ങളോടും ജനകീയ സംഘടനകളോടും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

പ്രമേയം 6

നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക

2008 ലെ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നതായി മാധ്യമ വാർത്തകൾ പറയുന്നു. കേരളത്തിന്റെ ജലലഭ്യതയിലും ഭക്ഷ്യസുരക്ഷയിലും നെൽവയലുകളുടെ സ്വാധീനം ഏല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നിയമതലത്തിലും സാമൂഹ്യപ്രവർത്തനതലത്തിലും നെൽവയൽ സംരക്ഷണത്തിനുള്ള ആശയങ്ങളും പ്രവർത്തനപരിപാടികളും ഉയർന്നുവരാനുള്ള കാരണമിതാണ്. എന്നാൽ ഇവയെയെല്ലാം മറികടന്നുകൊണ്ട് റിയൽ എസ്റ്റേറ്റ് ശക്തികൾക്കും നിർമാണ ലോബിക്കും വേണ്ടി മേൽപ്പറഞ്ഞ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാകുന്നു. വിപണി വിലക്ക് നെൽവയൽ വാങ്ങുന്ന വ്യവസായികൾക്ക് പരിധിയില്ലാത്ത അളവിൽ നെൽപ്പാടം നികത്താനുള്ള അനുമതി നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. നെൽവയലുകളുടെ മാത്രമല്ല തീരദേശത്തുള്ള നീർത്തടങ്ങളുടെ വ്യപകമായ നികത്തലിനും മലനാട്ടിലെയും ഇടനാട്ടിലെയും ചെങ്കൽക്കുന്നുകളുടെ നാശത്തിനുംകൂടി ഈ തീരുമാനം വഴിവെക്കും. ഭൂരൂപങ്ങളുടെ ഘടന മാറ്റിമറിക്കപ്പെടുന്നത് ശാസ്തീയമായ ഭൂവിനിയോഗനയത്തിന് ഒട്ടും സഹായകരമാകില്ല. നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കും ജൈവവൈവിധ്യ നാശത്തിനും ഭക്ഷ്യസുരക്ഷിതത്വമില്ലായ്മയിലേക്കും ജലക്ഷാമത്തിലേക്കും കേരളത്തെ നയിക്കാൻ ഈ തീരുമാനം കാരണമാകും. ആയതിനാൽ 2008 ലെ കേരള നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി ചെയ്യുന്നിതനുള്ള നീക്കം നിർത്തിവെക്കണമെന്നും പ്രസ്തുത നിയമപ്രകാരമുള്ള നെൽവയൽ തണ്ണീർത്തട ഡാറ്റാബാങ്ക് കുറ്റമറ്റതാക്കി ജനങ്ങൾക്ക് ലഭ്യമാക്കി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഈ സമ്മേളനം കേരള സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു.

പ്രമേയം 7

ബി ഓ ടി പദ്ധതിയില്‍ നിന്ന്‌ ദേശീയപാതാ അഥോറിറ്റി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കേരളത്തിലെ ദേശീയപാതകള്‍ നാലുവരിയായി വികസിപ്പിക്കുക

കേരളത്തിലെ ദേശീയപാതകള്‍ 45 മീറ്റര്‍ വീതിയില്‍ നാലു വരിയായി ബി ഓ ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ ദേശീയപാതാ അഥോറിറ്റി പിന്‍മാറിയിട്ടു്‌. പ്രസ്‌തുത പദ്ധതിക്കെതിരായി ഉയര്‍ന്ന്‌ വന്ന വമ്പിച്ച ജനകീയ പ്രതിഷേധമാണ്‌ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അഥോറിറ്റിയെ പ്രേരിപ്പിച്ചത്‌. ഇത്‌ ശുഭോദര്‍ക്കമായ കാര്യമാണ്‌. എന്നാല്‍ ഇതിനു ശേഷം കേരളത്തിലെ ദേശീയപാതകള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. തലപ്പാടി മുതല്‍ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയില്‍ ഭൂരിഭാഗം പ്രദേശത്തും ഇപ്പോള്‍ത്തന്നെ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിട്ടു്‌. ബി ഓ ടിയുടെ ജനവിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയാല്‍ 30 മീറ്റര്‍ വീതിയില്‍ 4 വരിപ്പാത നിര്‍മ്മിക്കാന്‍ കഴിയുമെന്നിരിക്കെ അതിനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ഉടന്‍ തുടരുകയാണ്‌ വേത്‌. ഓരോ സംസ്ഥാനത്തിനും സവിശേഷമായ ഗതാഗത വികസന ആവശ്യങ്ങളാണ്‌ നിലനില്‍ക്കുന്നത്‌. കേരളത്തിന്റെ ആവാസ വ്യവസ്ഥയുടെയും ഭൂപ്രകൃതിയുടെയും സവിശേഷതകള്‍ കണക്കിലെടുത്ത്‌ വേണം നമ്മുടെ ദേശീയ പാതകളും രൂപകല്‍പ്പന ചെയ്യാന്‍. ഈ ചുമതലയാണ്‌ ദേശീയപാതാ അഥോറിറ്റി ഏറ്റെടുക്കേത്‌. അതുകൊ്‌ കേരളത്തിലെ ദേശീയപാതകള്‍ 30 മീറ്റര്‍ വീതിയില്‍ 4 വരിയായി നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാര്‍ഷിക സമ്മേളനം കേരള സര്‍ക്കാരിനോടും ദേശീയപാതാ അഥോറിറ്റിയോടും ആവശ്യപ്പെടുന്നു.

പ്രമേയം 8

ശിശുവികസന പദ്ധതികളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക

സമീപകാലത്ത് അട്ടപ്പാടിയിൽ നടന്ന ശിശുമരണങ്ങൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. നിലവിലുള്ള പോഷകാഹാര വിതരണ സംവിധാനങ്ങളുടെ പോരായ്മകൾ ഇതിലൂടെ വെളിവാകുകയുണ്ടായി. എന്നാൽ ശിശു വികസന പദ്ധതികൾ കുറ്റമറ്റതാക്കി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്ന വേളയിൽ നിലവിലുള്ള സംവിധാനങ്ങൾ തന്നെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.
സംയോജിത ശിശു വികസന പദ്ധതി അവസാനിപ്പിച്ച് അങ്കണവാടികളെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 2014 ഏപ്രിൽ ഒന്നുമുതൽ ഈ പദ്ധതി സംയോജിത ശിശുവികസന സേവന മിഷൻ എന്ന പേരിൽ ആരംഭിക്കാനുള്ള ഉത്തരവ് കേന്ദ്രസർക്കാർ ഇതിനകം പുറത്തിറക്കി. അങ്കണവാടികളെ ഭക്ഷണ വിതരണം ഉൾപ്പടെയുള്ള മുഴുവൻ സേവനങ്ങളും വൻകിട കമ്പനികളെയും സന്നദ്ധ സംഘടനകളെയും ഏൽപ്പിക്കാനാണ് സർക്കാർ നീക്കം.

ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളിൽ നിന്നും സർക്കാർ സംവിധാനങ്ങളെ ഒഴിവാക്കുന്ന ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായാണീ മാറ്റം. ഇത് അങ്കണവാടികൾ വഴി നടപ്പിലാക്കുന്ന എല്ലാ സാമൂഹ്യ നീതി സംവിധാനങ്ങളെയും അട്ടിമറിക്കും. ഗർഭിണികൾക്കം മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര വിതരണം, കൗമാരക്കാർക്കുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിച്ചു വരുന്നവയാണ്. ഇവയെല്ലാം പുതിയ നീക്കത്തോടെ അട്ടിമറിക്കപ്പെടും. അറുപതിനായിരത്തിൽപ്പരം അങ്കണവാടി ജീവനക്കാർ പോഷകാഹാര വിതരണം നടത്തുന്ന കുടുബശ്രീ പ്രവർത്തകർ തുടങ്ങി വലിയൊരു വിഭാഗം സ്ത്രീകളുടെ വരുമാന മാർഗം കൂടി ഇതോടെ തകരാൻ പോവുകയാണ്

ഐസിഡിഎസ് പദ്ധതി തകർക്കാനുള്ള നീക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തൊന്നാം വാർഷിക സമ്മേളനം ശക്തിയായി പ്രതിഷേധിക്കുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കാൻ മുഴുവൻ ബഹുജന സംഘടനകളോടും പരിഷത്ത് അഭ്യർത്ഥിക്കുന്നു.

പ്രമേയം 9

അന്ധവിശ്വാസങ്ങളെ ഉപയോഗിച്ചുള്ള ചൂഷണങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ഒരുബില്ലിനുവേണ്ടി

പശ്ചാത്തലം:

കേരളം ഒരു കാലത്ത്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന നാടായിരുന്നു. അങ്ങേയറ്റം യുക്തിസഹമല്ലാത്തതും ശാസ്‌ത്രവിരുദ്ധവുമായ വിശ്വാസങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നു. അവ കടുത്ത ചൂഷണത്തിന്‌ സാഹചര്യമൊരുക്കുകയും ചെയ്‌തിരുന്നു.ഉദാ:

1. ദുര്‍മരണം വരിച്ചവര്‍ പ്രേതങ്ങളായി അലഞ്ഞുനടക്കുമെന്നും അവ ചിലരില്‍ (ഏറെയും സ്‌ത്രീകളില്‍) കടന്നുകൂടി അവരെക്കൊണ്ട്‌ അരുതാത്ത കാര്യങ്ങള്‍ ചെയ്യിക്കുമെന്നും ഉള്ള വിശ്വാസം. പ്രേതബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദികള്‍ വന്ന്‌ മന്ത്രങ്ങള്‍ക്കും മറ്റു കര്‍മങ്ങള്‍ക്കും ശേഷം കിരാതമായ പീഡനത്തിന്‌ വിധേയമാക്കുകയും പ്രതിഫലം പണമായും മറ്റു ദ്രവ്യങ്ങളായും കൈപ്പറ്റുകയും ചെയ്യും.
2. വസൂരിരോഗം ഉണ്ടാകുന്നത്‌ ദേവി വിത്തെറിഞ്ഞിട്ടാണെന്ന വിശ്വാസം. വഴിപാടുകളും പൂജകളും ആണ്‌ അതിന്‌ പരിഹാരം.
3. മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാന്‍ മന്ത്രവാദവും ഉറുക്കും നൂലും ഒക്കെ ഫലപ്രദമാണെന്ന വിശ്വാസം.
4. ജ്യോത്സ്യന്മാര്‍ക്കും മഷിനോട്ടക്കാര്‍ക്കും കള്ളന്മാരെയും മറ്റു കുറ്റവാളികളെയും കണ്ടെത്താന്‍ കഴിയും എന്ന വിശ്വാസം.
5. ദുരിതങ്ങള്‍ക്ക്‌ കാരണം വിധിയാണെന്നും അത്‌ മുജ്ജന്മകര്‍മങ്ങളുടെ ഫലമാണെന്നും അതിനു പ്രതിവിധിയില്ലെന്നുമുള്ള വിശ്വാസം.
6. ഒരു പ്രധാന കാര്യത്തിനു പുറപ്പെടുമ്പോള്‍ ചീത്ത ശകുനമുണ്ടായാല്‍ (ഉദാ: പൂച്ച വിലങ്ങനെ ചാടിയാല്‍) കാര്യം നടക്കില്ലെന്ന വിശ്വാസം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പോലും കേരള സമൂഹത്തെ ഭരിച്ചിരുന്നത്‌ ഇത്തരം വിശ്വാസങ്ങളാണ്‌.

എന്നാല്‍, ക്രമേണ സമൂഹം അതില്‍ നിന്ന്‌ മോചനം നേടും എന്ന പ്രതീക്ഷ ശക്തിപ്പെട്ടു. ഇവിടെ വളര്‍ന്നുവന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യ സമരവും തുടര്‍ന്നുണ്ടായ ബഹുജന രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക രംഗത്ത്‌ ഉണ്ടായ ഉണര്‍വും (ജനകീയ നാടക പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം മുതലായവ ഉദാഹരണങ്ങളാണ്‌). എല്ലാം അതിന്‌ കാരണമായി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അക്കാലത്തെ ബഹുജന പ്രസ്ഥാനങ്ങളെല്ലാം ഏറിയോ കുറഞ്ഞോ പ്രവര്‍ത്തിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം ഭാവി സ്വയം നിര്‍ണയിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ജനങ്ങളില്‍ വളര്‍ന്നുവന്നു. കാര്യകാരണ ബോധവും ശാസ്‌ത്രബോധവും ഒട്ടൊക്കെ വേരുപിടിക്കും എന്നു വന്നു. ഇതാണ്‌ കേരളത്തെ മാറ്റിത്തീര്‍ത്തതും മുന്നിലെത്തിച്ചതും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങള്‍ ആകുമ്പോഴേക്കും കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങി. വിദ്യാഭ്യാസം, പ്രത്യേകിച്ച്‌ ശാസ്‌ത്ര വിദ്യാഭ്യാസം വ്യാപകമാകുന്നതിനൊപ്പം ജനങ്ങളുടെ ശാസ്‌ത്രബോധം പിന്നോട്ടടിക്കുന്ന വിചിത്രമായ അനുഭവം ഇവിടുണ്ടായി. (ഇത്‌ പൊതുവേ യൂറോപ്പിലും മറ്റുമുണ്ടായ അനുഭവങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌). മുന്‍പൊന്നുമില്ലാത്ത പുത്തന്‍ അന്ധവിശ്വാസങ്ങളും കപടശാസ്‌ത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മിക്കതും പുറത്തുനിന്നുള്ള ഇറക്കുമതികളായിരുന്നു. വിശ്വാസങ്ങളെ കച്ചവടമാക്കി ലാഭം കൊയ്യുന്ന ഏര്‍പ്പാട്‌ മുമ്പത്തേതിലും ശക്തമായി. ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അതിനായി ഉപയോഗിക്കപ്പെട്ടു. ജനകീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവും ഇതിനു സഹായകമായി.
ഏതാനും ഉദാഹരണങ്ങള്‍ നോക്കൂ.
1. കാന്തങ്ങള്‍ ചില പ്രത്യേക സ്ഥാനങ്ങളില്‍ ഉറപ്പിച്ച `കാന്ത കിടക്ക’യില്‍ ശയിച്ചാല്‍ രക്തചംക്രമണം മെച്ചപ്പെടുകയും രോഗങ്ങളില്‍ നിന്നും മോചനം ഉണ്ടാവുകയും ചെയ്യുമെന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ ലക്ഷം രൂപയിലേറെ വിലവരുന്ന അത്തരം കിടക്കകള്‍ ഒരുകൂട്ടര്‍ കൊച്ചി നഗരത്തിലെ സമ്പന്നരും വിദ്യാസമ്പന്നരും ആയ നൂറിലേറെപ്പേര്‍ക്ക്‌ വിറ്റു. ചെന്നൈ നഗരത്തിലും ഇതാവര്‍ത്തിക്കാന്‍ ശ്രമിച്ച അവര്‍ അവിടെ പോലീസ്‌ പിടിയിലായി.
2. വടക്കേ ഇന്ത്യയില്‍ മാത്രം ആചരിച്ചിരുന്ന അക്ഷയതൃതീയയുടെ ഒരു വികൃതരൂപം സ്വര്‍ണ വ്യാപാരികള്‍ കേരളത്തില്‍ അവതരിപ്പിക്കുകയും ഓരോ വര്‍ഷവും അനേകം പേരെ വിഡ്‌ഢികളാക്കി കോടികള്‍ കൊയ്യുകയും ചെയ്യുന്നു. പുണ്യകര്‍മങ്ങള്‍ (ഗംഗാസ്‌നാനവും ദാനവും) ചെയ്യാനും ശൈശവ വിവാഹത്തിനും ഉത്തമമെന്ന്‌ പണ്ട്‌ വടക്കേ ഇന്ത്യക്കാര്‍ വിശ്വസിച്ചിരുന്ന ഈ ദിനം തികച്ചും സ്വാര്‍ഥപരമായ ഒരു കാര്യത്തിലേക്ക്‌ തിരിച്ചുവിടുന്നതില്‍ ഭക്തിയും വിശ്വാസവും തടസ്സമായില്ല.
3. കേരള പോലീസിനെയും കുറ്റാന്വേഷണ വിഭാഗത്തെയും വെല്ലുവിളിച്ചുകൊണ്ട്‌ കാനാടിയിലും മറ്റ്‌ പലയിടങ്ങളിലും മഷിനോക്കി കള്ളന്മാരെയും കുറ്റവാളികളെയും കണ്ടെത്തുന്ന ഏര്‍പ്പാട്‌ തുടരുന്നു. വെറും ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം `കണ്ടെത്തലുകള്‍’ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ സംശയവും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കുന്നു.
4. പിതാവിന്‌ അല്ലെങ്കില്‍ കുടുംബത്തിന്‌ ദോഷം ചെയ്യുന്ന ഗ്രഹനിലയില്‍ പിറന്നു എന്ന്‌ ജ്യോത്സ്യന്‍ പറയുന്നതുകേട്ട്‌ വിശ്വസിച്ച്‌ കുഞ്ഞുങ്ങളെ ദ്രോഹിക്കുകയും ഉപേക്ഷിക്കുകയും കൊല്ലുക പോലും ചെയ്യുക എന്നത്‌ അത്ര അപൂര്‍വമല്ലാതായിരിക്കുന്നു.
5. ധനാഗമനയന്ത്രങ്ങള്‍, വശീകരണ ഏലസ്സുകള്‍, മന്ത്രമോതിരങ്ങള്‍, രോഗമുക്തി ഉറപ്പാക്കുന്ന രത്‌നക്കല്ലുകള്‍, ഭര്‍ത്താക്കന്മാരെ അവരറിയാതെ മദ്യവിമുക്തരാക്കാന്‍ ഭാര്യമാരെ സഹായിക്കുന്ന ഔഷധങ്ങള്‍, പുരുഷന്മാരുടെ പ്രത്യേകിച്ച്‌ പ്രായമായവരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന സിദ്ധൗഷധങ്ങള്‍, കഷണ്ടി മാറ്റാനും ശരീരത്തിന്റെ ഉയരം കൂട്ടാനും കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാനും ഉതകുന്ന ഔഷധങ്ങളും ടിന്‍ഫുഡുകളും ഇത്തരം അനേകം വസ്‌തുക്കളുടെ പരസ്യങ്ങള്‍ നിത്യേന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നു.
6. ദിവ്യരെന്നവകാശപ്പെടുന്ന വ്യക്തികളുടെ ആശ്രമങ്ങള്‍ കേന്ദ്രമായി നിരവധി അനാശാസ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും വരെ നടക്കുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളമായി ലഭ്യമായിട്ടും നിയമനടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ടായിരിക്കാമെങ്കിലും നിയമപാലകര്‍ അതില്‍ താല്‍പര്യമെടുക്കുന്നില്ല. അന്ധവിശ്വാസങ്ങളുടെയും കപടശാസ്‌ത്രങ്ങളുടെയും പിന്‍ബലത്തില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ നേരിടാന്‍ മഹാരാഷ്‌ട്ര മാതൃകയില്‍ സമഗ്രമായ ഒരു നിയമവും അതിനായി പ്രത്യേകം ഒരു നിര്‍വഹണ സംവിധാനവും ഉണ്ടായേ തീരൂ. മറ്റു കുറ്റകൃത്യങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി, ഭാവി തലമുറയുടെ ശാസ്‌ത്രബോധത്തെ കൂടി ഇല്ലാതാക്കുന്നവയാണ്‌ ഇവ എന്നതും പ്രധാനമാണ്‌. ജനങ്ങളില്‍ ശാസ്‌ത്രബോധം വളര്‍ത്തിയെടുക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടി ഇത്തരം ഒരു നിയമത്തിനു പിന്നിലുണ്ട്‌.

ബില്ലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍

1. താഴെ പറയുന്ന രീതിയിലുള്ള അവകാശങ്ങള്‍ ഉന്നയിക്കുകയോ അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുകയോ ചെയ്യുന്നത്‌ നിയമവിരുദ്ധമായിരിക്കണം.
O അമാനുഷിക കഴിവുകള്‍ (supernatural powers) ഉണ്ടെന്ന്‌ അവകാശപ്പെടുക, അത്‌ അനുചരന്മാര്‍ വഴിയോ പരസ്യങ്ങളിലൂടെയോ പ്രചരിപ്പിക്കുക.
O വ്യക്തികളുടെ ഭാവി പ്രവചിക്കുക, നിധിയുള്ള സ്ഥാനം പ്രവചിക്കുക, ശത്രുസംഹാരശേഷിയുണ്ടെന്ന്‌ അവകാശപ്പെടുക, മന്ത്രവാദം, മാരണം, ഒടിവെക്കല്‍, തുടങ്ങിയ ആഭിചാരക്രിയകള്‍ ചെയ്യുക
O അമാനുഷിക കഴിവുകള്‍ (supernatural powers) ഉണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇഷ്‌ട സന്താനലബ്‌ധി, സന്താനമില്ലാത്തവര്‍ക്ക്‌ സന്താനലബ്‌ധി എന്നിവ സാധ്യമാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കുക.
O പ്രേതബാധ, പിശാച്‌ബാധ, കുടുംബശാപം, സര്‍പ്പശാപം മുതലായവ ഒഴിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കുക.
O ഈ വിധ സേവനങ്ങള്‍ക്ക്‌ പ്രതിഫലം കൈപ്പറ്റുക
O ദേവപ്രീതിക്കായി മൃഗബലി നടത്തുക, കാന്‍സര്‍, അപസ്‌മാരം, മാനസിക രോഗങ്ങള്‍, റാബിസ്‌, സര്‍പ്പവിഷം, സോറിയാസിസ്‌ തുടങ്ങിയവയ്‌ക്ക്‌ ഒറ്റമൂലി കൈവശമുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുക.
O തെളിയിക്കപ്പെടാത്ത ശേഷികള്‍ ഉണ്ടെന്ന്‌ അവകാശവാദത്തോടെ ഔഷദങ്ങളും ബേബിഫുഡുകളും സൗന്ദര്യവര്‍ധക വസ്‌തുക്കളും പരസ്യപ്പെടുത്തുകയും വില്‍ക്കുകയും ചെയ്യുക, എത്രമദ്യം കഴിച്ചാലും കരളിനെ സംരക്ഷിക്കുന്ന ഔഷധങ്ങള്‍, വാജീകാരികള്‍, കഷണ്ടി മാറ്റുന്ന ഔഷധങ്ങള്‍, ഉയരവും ബുദ്ധിശക്തിയും കൂട്ടുന്ന ഔഷധങ്ങളും ടിന്‍ഫുഡുകളും എല്ലാം ഇതില്‍പ്പെടും.
O സ്‌പര്‍ശ ചികിത്സ, റെയ്‌കി, കത്തിയില്ലാ സര്‍ജറി തുടങ്ങിയ ആധുനിക തട്ടിപ്പുകളും ഇതില്‍ ഉള്‍പ്പെടും.
2. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ നല്‍കേണ്ട കുറഞ്ഞ ശിക്ഷയും പരമാവധി ശിക്ഷയും നിയമത്തിലുണ്ടാകണം. ജയില്‍ ശിക്ഷയും പിഴയും ചേര്‍ന്നതാകണം ശിക്ഷ. ഇവരുടെ വഞ്ചനയ്‌ക്ക്‌ വിധേയമായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടാകണം.
3. അന്ധവിശ്വാസ-കപടവിശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസില്‍ പ്രത്യേക വിഭാഗം തന്നെ ഉണ്ടാകണം. അവര്‍ ആരൊക്കെയെന്ന്‌ നാട്ടുകാരെ അറിയിക്കണം. രണ്ടോ മൂന്നോ പോലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ ഒന്ന്‌ എന്ന തോതില്‍ പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംവിധാനവും നാട്ടുകാരുടെ വിജിലന്‍സ്‌ കമ്മിറ്റികളും (സര്‍ക്കാര്‍ മുന്‍കൈയോടെ) ആണ്‌ വേണ്ടത്‌. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നേരിട്ടോ വ്യക്തികളുടെയോ വിജിലന്‍സ്‌ കമ്മിറ്റികളുടെയോ അപേക്ഷയനുസരിച്ചോ നടപടി കൈക്കൊള്ളാന്‍ പറ്റണം. പൊതുജനങ്ങള്‍ക്കായി ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും ചര്‍ച്ചകളും സംഘടിപ്പിക്കാനുള്ള ബാധ്യതയും ഇവര്‍ക്കുണ്ടാകണം.

ഒരു നിയമം കൊണ്ട്‌ അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഇത്തരം ഒരു നിയമം ഈ രംഗത്ത്‌ ഇടപെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ബലം നല്‍കും. ജനബോധവല്‍ക്കരണത്തിനും അത്‌ സഹായകമാകും. അതിനാല്‍ ഇത്തരം ഒരു നിയമം ഒട്ടും വൈകാതെ കേരള അസംബ്ലിയില്‍ അവതരിപ്പിച്ച്‌ പാസ്സാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന്‌ സര്‍ക്കാറിനോടും അതിനുവേണ്ടിയുള്ള സമ്മര്‍ദം സൃഷ്‌ടിക്കാന്‍ വേണ്ട പ്രചാരണത്തിലും പ്രക്ഷോഭങ്ങളിലും പങ്കുചേരാന്‍ കേരളത്തിലെ ജനങ്ങളോടും ജനങ്ങളുടെ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates