ശാസ്ത്രവിരുദ്ധ നിലപാടുകളെയും സാംസ്കാരിക ഫാസിസത്തെയും ചെറുക്കുക
മുംബൈയില്‍ നടന്ന ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം വാര്‍ഷിക സമ്മേളനം ഇക്കുറി ശ്രദ്ധേയമായത് പ്രാചീന ശാസ്ത്രം സംസ്കൃതത്തിലൂടെ എന്ന പേരില്‍ അവിടെ നടന്ന സിംപോസിയത്തിലൂടെയാണ്. മുമ്പ് ഇല്ലാത്ത വിധം ശാസ്ത്ര സംബന്ധമായി പ്രസക്തമല്ലാത്ത ഇത്തരമൊരു വിഷയം കോണ്‍ഗ്രസ്സിന്റെ ഭാഗമാക്കിയത് കൃത്യമായ താല്പര്യങ്ങളോടെയാണെന്ന് അവിടെ അവതരിപ്പിക്കപ്പെട്ട ചില പ്രബന്ധങ്ങള്‍ തെളിയിക്കുന്നു. അവതരിപ്പിക്കപ്പെട്ട ഏഴു പ്രബന്ധങ്ങളില്‍ ഇന്ത്യയുടെ ഗണിത പാരമ്പര്യത്തെ ഗുല്‍ബ സൂത്രങ്ങളെ (ബി.സി.എട്ടാം നൂറ്റാണ്ട്) ആധാരമാക്കി വിലയിരുത്തിയ പ്രബന്ധവും വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ചരകനും സുശ്രുതനും കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച പ്രബന്ധവും കുറെയൊക്കെ വസ്തുതാപരമാണ്. എന്നാല്‍ ഭരധ്വാജമഹര്‍ഷി ബി.സി 7000-ല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു എന്നും വായുവില്‍ സഞ്ചരിക്കുന്ന വാഹനം എന്ന് വിമാനത്തെ നിര്‍വ്വചിച്ച ശേഷം അവ ഗ്രഹാന്തരയാത്രയും നടത്തിയിരുന്നു എന്നും പ്രഖ്യാപിക്കുന്ന ക്യാപ്റ്റന്‍ ആനന്ദ ബോദാസിന്റെ പ്രബന്ധം സാമാന്യ ബുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു. വസ്തുക്കള്‍തന്നെ ഉത്സര്‍ജ്ജിക്കുന്ന വികിരണങ്ങളെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മികച്ച റഡാറുകള്‍ അന്നുണ്ടായിരുന്നു എന്നും, പുല്ലും വൈക്കോലും തിന്ന് സ്വര്‍ണ്ണം ഉത്പാദിപ്പിക്കുന്ന പശുക്കള്‍ അന്നു ജീവിച്ചിരുന്നു എന്നും മറ്റും ഉള്ള പ്രബന്ധങ്ങളും ഇതുപോലെ അടിസ്ഥാന ശാസ്ത്ര തത്വങ്ങളെ നിരാകരിക്കുന്നവയും പരിഹാസ്യവുമാണ്. ഗണിതത്തിന്റെ വെറും പ്രാഥമിക അറിവുകള്‍ മാത്രമേ ബി.സി.800 ല്‍ പോലും ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു. (അത് ഒരു പക്ഷേ അന്നത്തെ ലോകത്ത് മികച്ചതാകാം) എന്നാണ് ഗുല്‍ബ സൂത്രം കാണിക്കുന്നത്. അതിനും 6000 വര്‍ഷം മുമ്പ് വിമാനവും റഡാറും നിര്‍മ്മിക്കാന്‍ കഴിഞ്ഞു എന്നു പറയുന്നതിലെ യുക്തി ഹീനത അത്ഭുതകരമാണ്. കാരണം ഗണിതത്തിലും എഞ്ചിനീയറിങ്ങിലും ഉള്ള വളര്‍ച്ച ഇവയ്ക്ക് അനുപേക്ഷണീയമാണ്. മഹാഭാരതയുദ്ധത്തില്‍ പോലും അമ്പും വില്ലും ഗദയും കുന്തവും കുതിര വലിക്കുന്ന രഥവും ആയിരുന്നു ആയുധം. എന്തുകൊണ്ട് വിമാനം ഉപയോഗിച്ചില്ല. അതിന്റെ സാങ്കേതിക വിദ്യ ആരു മോഷ്ടിച്ചു കൊണ്ടുപോയി. ഇതൊന്നും പ്രബന്ധ കര്‍ത്താക്കള്‍ വിശദീകരിച്ചു കാണുന്നില്ല. ഈ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാംഗ്ലൂരിലെ ഡോ.മുകുന്ദും സംഘവും വസ്തുനിഷ്ടഠമായി തെളിയിച്ചിട്ടുമുണ്ട്. സ്വര്‍ണ്ണം ഉല്പാദിപ്പിക്കുന്ന പശുക്കള്‍ എന്ന സങ്കല്പം അണു ഘടനയെ സംബന്ധിച്ച സാമാന്യ വിവരമുള്ള ആര്‍ക്കും നടത്താനുമാകില്ല. അനേക തലമുറകളിലൂടെ, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ് ശാസ്ത്രം വികസിച്ചു വരുന്നത് എന്ന തിരിച്ചറിവിനുപകരം, ചില മഹര്‍ഷിമാരുടെ തലയില്‍ ഉദിക്കുന്ന ജ്ഞാനമാണ് ശാസ്ത്രം എന്ന കപടധാരണ വളര്‍ത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. അതോടൊപ്പം സ്വതന്ത്ര ചിന്തയെയും സാംസ്കാരിക ജീര്‍ണതകളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തെയും അടിച്ചമര്‍ത്തുന്ന സാംസ്കാരിക ഫാസിസത്തിന്റെ ഉയിര്ത്തേല്പും സംഭവിച്ചുകൊണ്ടിരിക്കുന്നു. തമിഴ് സാഹിത്യകാരനായ ശ്രീ.പെരുമാള്‍ മുരുകന് എഴുത്ത് ഉപേക്ഷിക്കാനിടയായ സാഹചര്യം ഇതിന് തെളിവാണ്. അദ്ദേഹത്തിന്റെ മധുരബഗന് എന്ന നോവലിനെതിരെ ഒരു വിഭാഗം ജാതി ഭ്രാന്തന്മാര് പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ജില്ലാഭരണകൂടം അവരുടെ പക്ഷം ചേരുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം എഴുത്തുപേക്ഷിക്കാന്‍ തന്നെ നിര്‍ബന്ധിതനായത്.
ശാസ്ത്ര വിരുദ്ധവും വിജ്ഞാന വിരുദ്ധവുമായ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ ശാസ്ത്രബോധത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നുന്ന ശക്തമായ ചെറുത്ത് നില്പ് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ജനങ്ങളോടും ജനകീയ പ്രസ്ഥാനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…