ആണവബാധ്യതാബില്‍: പരിഷ്‌കാരങ്ങള്‍
അപകടത്തിലേക്ക്
ആണവബാധ്യതാബില്‍ പരിഷ്‌കരിക്കാനെന്നോണം അമേരിക്കന്‍ പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും എത്തിച്ചേര്‍ന്ന ധാരണകള്‍ അപകടകരമാണെന്നും ഇന്ത്യന്‍ജനതയുടെ സുരക്ഷയേക്കാള്‍ ആണവ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ആണവനിലയങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ ഇന്‍ഷുര്‍ ചെയ്യുകയാണ് ഒരു പരിഹാര നിര്‍ദ്ദേശമായി ഉയര്‍ന്നു വന്നിട്ടുള്ളത്. ആണവ അപകടങ്ങളുടെ പ്രത്യാഘാതം എത്രയാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നതാണ് ഇതുവരെയുള്ള ലോകാനുഭവം. കണക്കാക്കുന്നതെത്രയായാലും നാമമാത്ര ബാധ്യതയായിരിക്കും. ഇത് തന്നെ ഇന്‍ഷുറന്‍സിലേക്ക് വരുമ്പോള്‍ നാടിന്റെ പണം കൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ബാധ്യതയില്‍ നിന്ന് കാരണക്കാരായ സര്‍ക്കാരും ബഹുരാഷ്ട്ര കമ്പനികളും മാറിനില്‍ക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായ ഈ പരിഷ്‌കാരം അംഗീകരിപ്പിക്കുക എന്നതായിരുന്നു റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ ഒരു ദൗത്യം. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച ആണവ വ്യാപന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇത് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ആണവനിലയവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ ബാധ്യത ഉപകരണം നല്‍കിയവര്‍ക്കല്ല ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിനാണ് എന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കാനാണ് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയത്. രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യത്തിന്റെ നിസ്സാരമായ ഒരു പങ്ക് മാത്രമേ ആണവനിലയങ്ങള്‍ക്ക് നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇനിയും ഗണ്യമായ അളവില്‍ അത് വര്‍ദ്ധിക്കാനുള്ള സാധ്യത കുറവാണ്. പുതുക്കപ്പെടുന്ന ഊര്‍ജ്ജരൂപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു ഊര്‍ജ്ജനയത്തിനാണ് സ്ഥായിയായ വികസനം ഉറപ്പാക്കുവാന്‍ കഴിയുക എന്ന് ലോകസമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്. എന്നിട്ടും അപകടസാധ്യത ഏറെയുള്ള ആണവനിലയങ്ങള്‍ കൂടുതല്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് നേരത്തെ റഷ്യന്‍ പ്രസിഡണ്ട് പുടിനുമായി കരാറുകള്‍ ഒപ്പിട്ടത്. ജനതയുടെ ജീവന് അപകടം വിളിച്ചുവരുത്തുന്ന തരത്തില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്നും അവ സാധ്യമാക്കുന്ന ആണവ ബാധ്യതാബില്‍ പരിഷ്‌കരണത്തില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…