2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നഷ്ടപരിഹാര നിയമം ( Land Acquisition Rehabilitation Act – LARR ) ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു. കോര്‍പ്പറേറ്റ്, മൂലധന ശക്തികള്‍ക്ക് വികസനത്തിന്റെ പേരില്‍ എന്തുംചെയ്യാനുള്ള അവകാശം തീറെഴുതാനുള്ള ശ്രമമാണിത്. യാതൊരു മാനദണ്ഡവുമില്ലാതെ കര്‍ഷകരെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളാണ് യു പി എ സര്‍ക്കാറിനെ ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതിലേക്ക് നയിച്ചത്. ഇൗനിയമത്തിലെ സുപ്രധാന വകുപ്പുകളെല്ലാം എടുത്തുകളഞ്ഞിരിക്കുകയാണ്. അതിലൊന്ന് പദ്ധതിബാധിതരായ ജനങ്ങളുടെ അനുമതിയോടുകൂടി മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ എന്ന വകുപ്പാണ്. പി.പി.പി പദ്ധതിയാണെങ്കില്‍ 70 ശതമാനവും സ്വകാര്യ പദ്ധതിയാണെങ്കില്‍ 80 ശതമാനവും പദ്ധതിബാധിത പ്രദേശത്തെ ജനങ്ങളുടെ അനുമതി വേണമെന്ന് 2013 ലെ നിയമത്തില്‍ ഉറപ്പ് വരുത്തിയിരുന്നു.എല്ലാ പദ്ധതികള്‍ക്കും സാമൂഹ്യ ആഘാത പത്രിക ( Social Impact Assesement ) ഉണ്ടായിരിക്കണമെന്നുള്ള വകുപ്പും ഇല്ലാതാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുനടക്കുന്ന കള്ളത്തരങ്ങള്‍ക്ക് വകുപ്പ്തലവന്മാര്‍ പൂര്‍ണ്ണമായും ഉത്തരവാദികളായിരിക്കും എന്ന നിബന്ധനയും എടുത്തുമാറ്റുന്നതിലൂടെ 1894 ലെ കൊളോണിയല്‍ നിയമം തന്നെ പുനഃസ്ഥാപിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആഗോളീകരണ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി പാപ്പരാക്കപ്പെട്ട ഇന്ത്യയിലെ സാധാരണ ജനങ്ങളെ വീണ്ടും ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് ഇത്തരം നടപടികളുടെ പരിണിതഫലം. പരിസ്ഥിതി സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളെ പൊളിച്ചെഴുതുന്നതും ഇതിന്റെ ഭാഗമായി വേണം കാണാന്‍. ഭൂമി ഒരു പൊതുസ്വത്താണ്. ഇൗ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടുള്ള സമഗ്രഭൂപരിഷ്കരണമാണ് ഇന്ത്യയില്‍ നടപ്പാക്കേണ്ടത്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ സമഗ്രഭൂപരിഷ്കരണത്തിനായുള്ള പ്രക്ഷോഭമായി മാറ്റിയെടുക്കേണ്ടതുണ്ട്. ജനവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ഒാര്‍ഡിനന്‍സിനെ ചെറുത്ത്തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്ത് വരണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ഡോ.എന്‍.കെ.ശശിധരന്‍പിള്ളപ്രസിഡണ്ട്
വി.വി.ശ്രീനിവാസന്‍ജനറല്‍ സെക്രട്ടറി
Image:Flickr