നിയമ വിരുദ്ധ മായി നെല്‍വയലുകള്‍ നികത്തിയെടുത്ത ഭൂമിക്ക് നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചാല്‍ നിയമവിധേയമാക്കാം എന്ന ബജറ്റ് നിര്‍ദ്ദേശം അങ്ങേയറ്റം അപലപനീയവും ജനവിരുദ്ധവും കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂ ട്ടുന്നതുമാണ്. മുമ്പ് നിലവിലിരുന്ന ഭൂവിനിയോഗ നിയമം ശക്തമായി നടപ്പിലാക്കാഞ്ഞതിന്റെ സാഹചര്യത്തിലാണ് 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷ ണ നിയമം നിലവില്‍ വന്നത്. ഇപ്പോഴുള്ള നിയമ പ്രകാരവും മറ്റു സ്ഥലങ്ങള്‍ ഇല്ലാ എങ്കില്‍ വീട് നിര്‍മ്മിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ 10 സെന്റ് സ്ഥലവും നഗരപ്രദേശങ്ങളില്‍ 5 സെന്റ് സ്ഥലവും നികത്തിയെടുക്കാവുന്നതാണ്. അങ്ങനെയിരിക്കെയാണ് 2008 നു മുമ്പ് താമസാവശ്യങ്ങള്‍ക്കായി നികത്തിയെടുത്ത ഭൂമി, യാതൊരു പരിധിയുമില്ലാതെ, നിശ്ചിത തുക സര്‍ക്കാരിലേക്ക് അടച്ചാല്‍ നിയമവിധേയമാക്കി നല്‍കാം എന്ന ബജറ്റ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇത് അഴിമതിക്കായുള്ളവാതായനങ്ങള് തുറന്നിടുന്നതിന് തുല്യമാണ്. 2008 നു മുമ്പാണോ പിമ്പാണോ നികത്തിയതെന്ന് കണ്ടെത്താന്‍ സംവിധാനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത ഭേദഗതി നിലവിലുള്ള മുഴുവന്‍ നികത്തലുകളും നിയമ വിധേയമാക്കുന്ന സാഹചര്യത്തിലേക്കാണ് എത്തിച്ചേരുക. മാത്രവുമല്ല നിലനില്‍ക്കുന്ന പല വ്യവഹാരങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനസംഖ്യാ വര്‍ധനവ് മൂലം കേരളത്തില്‍ ഭൂദൗര്ബല്യം ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭവന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഒരു കുടുംബത്തിന്ഒരു വീട് അല്ലെങ്കില്‍ ഒരു ഫ്ളാറ്റ് എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ വീടുള്ളവരില്‍ നിന്നും കനത്ത നികുതി ചുമത്തി സര്‍ക്കാര്‍ വിഭവ സമാഹരണം നടത്തണം. അല്ലാതെ നിയമസംരക്ഷണം നല്കി ഭൂമാഫിയകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രസ്തുത ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ.എന്‍.കെ.ശശിധരന്‍പിള്ള
പ്രസിഡണ്ട്
വി.വി.ശ്രീനിവാസന്
ജനറല്‍ സെക്രട്ടറി