ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സംഘടനാനേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുകയാണ്. സംസ്ഥാന സര്‍വീസിലെ ഡോക്ടര്‍മാര്‍ രോഗികളുടെ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളുമല്ലാത്ത പുറം ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അറിയിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയും തൊഴില്‍മന്ത്രിയും ‘സമരത്തെ ജനങ്ങള്‍ നേരിടും’ എന്ന തരത്തില്‍, തങ്ങളുടെ പദവിക്ക് നിരക്കാത്ത ഭീഷണികള്‍ മുഴക്കുകയല്ലാതെ സമരക്കാര്‍ ഉയര്‍ത്തുന്ന ഗുരുതരമായ പ്രശ്നങ്ങളെ പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ലഭ്യമായ വിഭവങ്ങള്‍ മുന്‍ഗണനാക്രമം അനുസരിച്ച് ആസൂത്രിതമായി വിനിയോഗിക്കുന്നതിനു പകരം താല്ക്കാലികമായ രാഷ്ട്രീയലാഭത്തിനും, വ്യക്തിഗതതാല്പര്യങ്ങള്ക്കും വഴങ്ങി തെറ്റായ തീരുമാനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി എടുത്തതിന്റെ അനന്തരഫലമാണ് ഇന്നത്തെ പ്രതിസന്ധി. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കാതെ, ഡോക്ടര്‍മാരുടെ എണ്ണം കുറയുമ്പോള്‍ ഉള്ളവര്‍ കൂടുതല്‍ പണിയെടുക്കട്ടെ എന്നു ശഠിക്കുന്നത് യാതൊരുകാരണവശാലും ന്യായീകരിക്കാനാവില്ല. വേണ്ടത്ര തസ്തികകള്‍ ഉണ്ടാക്കാതെ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു സര്‍ക്കാര്‍ തലങ്ങും വിലങ്ങും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിന്റെ പരിണതഫലങ്ങള്‍ ചര്‍ച്ച ചെയ്യുകപോലും ഉണ്ടായിട്ടില്ല. നിലവില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ നിന്ന് അധ്യാപകരെ മാറ്റി അവയെ നശിപ്പിക്കുന്നു. നല്ല രീതിയില്‍ നടന്നിരുന്ന ജില്ലാ ആശുപത്രികളെ മൂന്നാംകിട മെഡിക്കല്‍ കോളേജുകളായി രൂപാന്തരപ്പെടുത്തുന്നു. ഇതിനെല്ലാം എതിരെ പൊതുജനശ്രദ്ധ ഉയര്‍ത്തുകയും പ്രതിഷേധിക്കുകയുമാണ് കെ.ജി.എം.ഒ.എ എന്ന ഡോക്ടര്‍മാരുടെ സംഘടന ഏതാനും മാസങ്ങളായി ചെയ്തുവരുന്നത്. അവരുമായി സംസ്ഥാനത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെപറ്റി ചര്‍ച്ച ചെയ്യുകയും വേണ്ട തിരുത്തലുകള്‍ക്കു തയ്യാറാവുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ.കെ.പി.അരവിന്ദന് പി.മുരളീധരന്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി