വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിക്കുക
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്ന വിവരങ്ങള്‍ക്കൂടി പരിഗണിച്ചുകൊണ്ട് കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ കാര്യമായ ഒരു പങ്കും വഹിക്കാനില്ലാത്ത വിഴിഞ്ഞം തുറമുഖപദ്ധതി ഇന്നത്തെ നിലയില്‍ മുന്നോട്ടുകൊണ്ടുപോകരുത് എന്നും പദ്ധതി ഉപേക്ഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണവും പരിസരാഘാത പത്രികയിലില്ല. ഇക്കാര്യം CESS, CMFRI തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അത് ഇപ്പോഴും കണക്കിലെടുത്തിട്ടില്ല. ഇന്ത്യയുടെ വിവിധ കടല്‍ത്തീരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട പുലിമുട്ടുകള്‍ കടല്‍ത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങളെ കണ്ടറിഞ്ഞുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പരിഗണനയില്‍ എടുത്തിട്ടില്ല. തീരദേശത്തെക്കുറിച്ച് NIOT, IIT മദ്രാസ് എന്നീസ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളും പ്രവചനങ്ങളും വിശ്വാസ്യമല്ലെന്ന് മുതലപ്പൊഴിയിലേയും മറ്റും ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി വന്‍നഷ്ടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യപ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ല. അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ടുഭാഗം തുകയും കേരളത്തിന്റെ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം കേരളം തിരിച്ചുനല്‍കണം. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടുനല്‍കണം. ഇത് ഈടുവച്ച് വായ്പയെടുക്കാന്‍ അദാനിക്ക് അവകാശം നല്‍കിയിട്ടുണ്ട്. അവിടെ നടക്കുന്ന സ്വകാര്യ നിര്‍മാണങ്ങള്‍ പോര്‍ട്ടിന്റെ പേരിലായതിനാല്‍ നിലവിലുള്ള തീരദേശ നിയന്ത്രണ നിയമങ്ങള്‍ ബാധകമല്ലതാനും. ഇതുതന്നെയാണ് ലുലുവിന് വേണ്ടി ബോള്‍ഗാട്ടി കായല്‍ നികത്തി മറിച്ചു നല്‍കിയതിലും നടന്നത്. ‘സ്വപ്നപദ്ധതി’ എന്നത് പൊതുസമ്പത്ത് കൈവശം ലഭിക്കുന്നവരുടെയും ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെയും കാര്യത്തില്‍ മാത്രമാണ്.
പദ്ധതിയുടെ ഭാഗമായി വരേണ്ട പ്രധാനപ്പെട്ട ചെലവുകള്‍ പദ്ധതിക്ക് പുറത്താണ്. ഉദാഹരണമായി പുനരധിവാസ ചെലവുകള്‍. 475 കോടി രൂപ ചെലവില്‍ 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കല്. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതി. വല്ലാര്‍പാടത്ത് നാല്പതില് താഴെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയാതെ പോയ അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. പരമ്പരാഗതമായി നിലനിന്നുവന്ന തദ്ദേശീയരെ ആട്ടിയോടിക്കുകയും ഒരു പുതുമടിശ്ശീലക്കാരന്‍ തീരദേശം കൈവശപ്പെടുത്തുകയും ചെയ്യുന്ന വിരോധാഭാസം വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ അരങ്ങേറുകയാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതി ആസൂത്രിതമായ ജനവഞ്ചനകൂടിയാണ്. നൂറില്‍ താഴെ ആളുകള്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ലഭിച്ച മോഹവിലയാണ് പുനരധിവാസപദ്ധതിയിലൂടെ ഒരു വിഭാഗമാളുകള്‍ സ്വപ്നം കാണുന്നത്. അതുകൊണ്ട് അവര്‍ക്കും ഇത് സ്വപ്നപദ്ധതിയാണ.്
സുസ്ഥിരകേരളത്തിന്റെ ഭാവിവികസനത്തില്‍ വിഴിഞ്ഞം പദ്ധതി വഹിക്കാനിടയുള്ള പങ്കിനെ വിമര്‍ശനപരമായി പരിശോധിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പോലും തയ്യാറായിട്ടില്ല. പദ്ധതിയിലൂടെ നശിക്കുന്ന ജൈവവ്യവസ്ഥയും തീരവും ഇനിയും തുടര്‍ന്ന് നല്കാനിടയുള്ള സേവനങ്ങളും ആരും പരിഗണിക്കുന്നില്ല. അതിന്റെ പരിപാലനം തങ്ങളുടെ തലമുറയെ സംരക്ഷിക്കുന്നതിനുതകുന്നതാണെന്നുള്ള തിരിച്ചറിവ് പകരാനാവുന്നില്ല. പൊന്മുട്ടയിട്ടുകൊണ്ടിരിക്കുന്ന താറാവായ വിഴിഞ്ഞത്തെ കൊല്ലുകയാണ് പുതിയ വിഴിഞ്ഞം പദ്ധതി.
ആയതിനാല്‍ കേരളത്തിന്റെ പരിസ്ഥിതി, സാമൂഹ്യബന്ധങ്ങള്‍, സാമ്പത്തികാവസ്ഥ ഇതിനെയല്ലാം തകിടംമറിക്കുന്ന പദ്ധതി വേണ്ടെന്നുവെക്കാന്‍ സമയം ഇനിയും വൈകിയിട്ടില്ല. ഇതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. കേരളത്തിന്റെ ദീര്‍ഘകാല വികസനത്തില്‍ ഒരു പങ്കും വഹിക്കാനില്ലാത്തതും ഖജനാവിനെ കൊള്ളയടിക്കുന്നതുമായ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന് കേരളസര്‍ക്കാറിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി
കെ.പി. അരവിന്ദന് പി. മുരളീധരന്