വിദ്യാലയങ്ങളില്‍ 220 സാധ്യായ ദിവസങ്ങള്‍
ഉറപ്പു വരുത്തിക്കൊണ്ടുള്ള
ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി വിധിയെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പരീക്ഷാ ദിനങ്ങള്‍ ഒഴിവാക്കി എല്ലാ ക്ലാസ്സുകളിലും 220 ഉം വിദ്യാഭ്യാസ അവകാശ നിയമത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ 200 ഉം 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളില്‍ 220 ഉം സാധ്യായ ദിനങ്ങള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോഴും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന കലണ്ടര്‍ പ്രകാരം ഇത് 200 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. പരീക്ഷാ ദിനങ്ങളും കലോത്സവ ദിനങ്ങളും കലാകായിക പ്രവൃത്തി പരിചയമേളകളും അധ്യാപകരുടെ അവധികളും ഹര്‍ത്താല്‍ ദിനങ്ങളും ഓരോ വര്‍ഷവും അധികമായി പ്രഖ്യാപിക്കപ്പെടുന്ന അവധി ദിനങ്ങളും ഉള്‍പ്പെടെ ഈ 200 സാധ്യായ ദിനങ്ങള്‍ പോലും ഉറപ്പുവരുത്താന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കഴിയുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്ന 1000 മണിക്കൂര്‍ സാധ്യായ സമയത്തിന് പകരം യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് 600 മണിക്കൂര്‍ മാത്രമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞ പ്രകാരമുള്ള അധ്യയന ദിവസങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഡോ: കെ പി അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates