പാടശേഖരം നികത്തല്‍ നിയമവിരുദ്ധം – പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ രൂക്ഷമാകും
കോട്ടയംജില്ലയില്‍ കുമരകം പഞ്ചായത്ത് പരിധിയിലുള്ള നാനൂറ് ഏക്കര്‍ വരുന്ന മെത്രാന് കായല്‍ പാടശേഖരം നികത്തി ടൂറിസ്റ്റ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനും എറണാകുളം കടമക്കുടിയിലുള്ള 47 ഏക്കര്‍ നികത്തി മെഡിസിറ്റി നിര്‍മിക്കുന്നതിനും അനുമതി നല്കിയ സംസ്ഥാന റവന്യൂവകുപ്പിന്റെ നടപടി നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധവും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഈ പാടശേഖരം ഇപ്പോള്‍ തരിശായി കിടക്കുന്നു എന്ന ന്യായം പറഞ്ഞാണ് നികത്തലിന് അനുമതി നല്‍കിയിട്ടുള്ളത്. പാടശേഖരം നികത്തി റിസോര്‍ട്ട് നിര്‍മിക്കാന്‍ വേണ്ടി ആദ്യം തരിശിടുകയും പിന്നീട് തരിശാണ് എന്ന ന്യായത്തില്‍ നികത്തുകയും ചെയ്യുന്ന വളഞ്ഞ വഴിയാണ് സ്വകാര്യമുതലാളിമാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ മികച്ച വിളവ് തരുന്ന ഒരു പാടശേഖരംകൂടി വിനോദസഞ്ചാര വ്യവസായത്തിനായി നശിപ്പിക്കപ്പെടുന്നു എന്നതാണ് യാഥാ ര്‍ഥ്യം. നെല്ലുല്പാദനത്തിനുപരിയായി നിരവധി പാരിസ്ഥിതികധര്മങ്ങള് ഈ വയലിന് നിര്‍വഹിക്കാനുണ്ട്. മണ്‍സൂണ്‍കാലത്ത് ഒഴുകിയെത്തുന്ന പ്രളയജലത്തെ ഉള്‍ക്കൊണ്ട് വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന ഈ വയലുകള്‍ ഉള്നാടന്മത്സ്യങ്ങള് അടക്കമുള്ള നിരവധി ജലജീവികളുടെ വാസസങ്കേതവുമാണ.് യഥാര്‍ഥത്തില്‍ ഇത് വേമ്പനാട്ട്കായലിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ഭക്ഷ്യധാന്യോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വയലാക്കി രൂപപരിണാമം വരുത്തിയതാണ്. അതായത് അവസാന വിശകലനത്തില്‍ വേമ്പനാട്ട് കായലാണ് നികത്തപ്പെടുന്നത്. വേമ്പനാട് ആവാസവ്യവസ്ഥ റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമാണ്. ആയതിനാല്‍ അന്തര്‍ദ്ദേശീയ ഉടമ്പടിയുടെ ലംഘനം കൂടിയാണ് ഇത്. മാത്രമല്ല ഇത് ദേശീയ തണ്ണീര്ത്തടനിയമത്തിനും വിരുദ്ധമാണ്. ഒരു ദശകക്കാലം തരിശായി കിടന്നു എന്നതുകൊണ്ട് പാടം കൃഷിയോഗ്യമല്ലാതായി എന്ന വാദത്തിലും കഴമ്പില്ല. ഇതിനേക്കാള്‍ കൂടുതല്‍ക്കാലം തരിശായി കിടന്ന സമീപസ്ഥപാടശേഖരങ്ങള് കൃഷിക്കായി വീണ്ടെടുത്ത ഉദാഹരണങ്ങള്‍ ഉണ്ട്. നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് കീഴില്‍ തയ്യാറാക്കി, ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്കില്‍ പാഡിലാന്റ് എന്ന് രേഖപ്പെടുത്തിയ വയലാണിത്. ഉടമകള്‍ക്ക് കൃഷി ചെയ്യാന്‍ താല്പര്യമില്ലെങ്കില് ഇത് ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ മറ്റ് കര്‍ഷകര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏത് നിലയിലും ഇപ്പോഴത്തെ ഉത്തരവ് നിയമവിരുദ്ധമാണ്. കേരളത്തിന്റെ ജലാശയങ്ങള്‍ അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ പുത്തന്‍ മൂലധനവാഴ്ചയ്ക്ക് അടിയറ വയ്ക്കുന്ന വികസനനയത്തിന്റെ ഭാഗമാണ് ഈ തീരുമാനവും എന്നേ പറയാന്‍ കഴിയൂ. നിയമസഭയി ലേയ്ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനമെടുത്തത് ഈ ഘട്ടത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവില്ല എന്ന് കരുതിയിട്ടാണെങ്കില്‍ അത് സര്‍ക്കാരിന്റെ ദുഷ്ടലാക്ക് എന്നേ പറയാനാവൂ. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കാനുള്ള വിശാല സമരത്തിന്റെ ഭാഗമായി പാടശേഖരസംരക്ഷണസമരം ഉയര്‍ന്നുവരണം. സര്‍ക്കാര്‍ ഇപ്പോഴത്തെ തീരുമാനം റദ്ദാക്കുകയും മെത്രാന് കായല്‍ സ്വകാര്യവ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടു കൊടുക്കാതെ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യണമെന്ന് മുഴുവന്‍ ബഹുജനസംഘടനകളും രാഷ്ടീയപാര്‍ട്ടികളും ആവശ്യപ്പെടണമെന്ന് പരിഷത്ത് അഭ്യര്‍ഥിക്കുന്നു. പരിസ്ഥിതിവിരുദ്ധവും നിയമവിരുദ്ധവുമായ ഈ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഡോ.കെ.പി. അരവിന്ദന്
പ്രസിഡണ്ട് പി. മുരളീധരന്
ജനറല്‍ സെക്രട്ടറി