എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്വകലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്.
സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ് ചെയ്യേണ്ട എന്ന സര്‍ക്കാര്‍ തീരുമാനമാണ് ആദ്യത്തേത്. എഞ്ചിനീയറിങ് കോളേജുകളില്‍ ഓരോ വര്‍ഷവും പരീക്ഷ പാസ്സായാല്‍ മാത്രമേ അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷന് കൊടുക്കൂ എന്ന സര്‍വകലാശാലാതീരുമാനമാണ് രണ്ടാമത്തേത്.
സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയശതമാനം ഇപ്പോള്‍ത്തന്നെ വളരെ കുറവാണ്. പത്തു കോളേജുകളില്‍ വിജയം പത്തു ശതമാനത്തില്‍ താഴെയും പലയിടത്തും ഇരുപതില്‍ താഴെയും. പ്രവേശന യോഗ്യതയില്‍ ഇളവ് നല്കി കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതുകൊണ്ട് സ്വാശ്രയകോളേജുകള്‍ക്ക് കൂടുതല്‍ കുട്ടികളെക്കിട്ടുമെന്നും അവരുടെ ലാഭം വര്‍ധിക്കുമെന്നുമല്ലാതെ മറ്റൊരു പ്രയോജനവും കാണുന്നില്ല. പ്രവേശനയോഗ്യതയില്‍ ഇളവ് നല്‍കുന്നതോടെ തോല്‍ക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുകയും ചെയ്യും.
ഓരോ വര്‍ഷവും പരീക്ഷ പാസ്സായാല്‍ മാത്രമേ അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷന് കൊടുക്കൂ എന്നത് പണ്ടുമുതലേയുള്ള ചട്ടമാണ്. പക്ഷെ ഇടക്കാലത്ത് ഇതില്‍ ഇളവ് കൊടുത്ത് ഒന്നാംവര്‍ഷം മുതല്‍ ഒരു പരീക്ഷയും പാസ്സാകാതെ നാലുവര്‍ഷവും പഠിക്കാം എന്ന നിലയിലേക്ക് എത്തുകയാണ് ഉണ്ടായത്. എഞ്ചിനീയറിങ് കോളേജുകളിലെ വിജയശതമാനം താഴാനുള്ള ഒരു പ്രധാന കാരണം ഇതാണ്. നാല് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പലര്‍ക്കും പത്തും ഇരുപതും പേപ്പറുകളാണ് പാസ്സാകാന്‍ ബാക്കിയുണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക് മുഴുവന്‍ വിഷയങ്ങളും പാസ്സായി ഡിഗ്രി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമായ ഈ രണ്ടുതീരുമാനങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം, ആരൊക്കെത്തന്നെ എതിര്‍ത്താലും ഈ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും യാതൊരു സാഹചര്യത്തിലും ഇതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും കേരള സര്‍ക്കാരിനോടും സാങ്കേതികസര്‍വകലാശാലയോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ഡോ.കെ.പി. അരവിന്ദന് പി. മുരളീധരന്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി