വാഹനങ്ങള്‍ ജിപിഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുടെ മാപ്പ് ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്ഫോമില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു ഇതിന്റെ ചുമതല. ഓപ്പണ്‍ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ റോഡ്മാപ്പിങ് മെച്ചപ്പെടുത്തും എന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചെങ്കിലും സിഡാക്ക് ഈ രംഗത്ത് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയതായി അറിവില്ല. ഇക്കാര്യത്തില്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട സിഡാക് ഈ ജോലി സ്വകാര്യ ഏജന്‍സിക്ക് മറിച്ച് കൊടുക്കുകയാണ് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ പദ്ധതി ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്ഫോമില്‍ നടന്നിരുന്നുവെങ്കില്‍ കുത്തക കമ്പനികളെ ആശ്രയിക്കാതെ റോഡ്മാപ്പുകള്‍ മെച്ചപ്പെടുത്തുന്ന കേരളസര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ഒരു പദ്ധതി പ്രവര്‍ത്തനമാവുമായിരുന്നു. എന്നാല്‍ മാപ്പ്മൈ ഇന്ത്യ എന്ന കുത്തക പ്ലാറ്റ്ഫോം ഇക്കാര്യത്തിന് ഉപയോഗിക്കാന്‍ തീരുമാനിക്കുകയും ഒന്നേകാല്‍കോടിയിലധികം രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.
കേരളത്തിന്റെ റോഡ്മാപ്പ് പദ്ധതി മാപ്പ്മൈഇന്ത്യ എന്ന കുത്തക പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ വര്‍ഷവും മാപ്പ്മൈഇന്ത്യ ചോദിക്കുന്ന തുക കൊടുത്തുകൊണ്ടേ ഇരിക്കണം. മാപ്പുകള്‍ സര്‍ക്കാരിന്റെ മറ്റുവകുപ്പുകള്‍ക്കും കമ്പനികള്‍ക്കും വിറ്റ് അവര്‍ക്ക് പിന്നെയും വരുമാനം കൊയ്യാം. സാധാരണക്കാര്‍ക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ഇങ്ങനെചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല
. സംസ്ഥാനത്തിന്റെ റോഡ് മാപ്പിങ് പദ്ധതി സ്വതന്ത്രസോഫ്റ്റ്വെയര് പ്ലാറ്റ്ഫോം ഉപയോഗിച്ച് മെച്ചപ്പെടുത്താനുപയോഗിയ്ക്കേണ്ട പൊതുപണം ഒരു കുത്തക കമ്പനിയുടെ മാപ്പിങ് പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുപയോഗിയ്ക്കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സ്വതന്ത്രമാപ്പിംഗ് പ്രസ്ഥാനത്തില്‍ പങ്കെടുത്ത നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരം സംരംഭങ്ങളിലൂടെ തന്നെയാകണം കേരളത്തിന്റെ റോഡ് മാപ്പ് പദ്ധതി നടപ്പാക്കേണ്ടത്. സന്നദ്ധ പ്രവര്‍ത്തകരെയും സ്വതന്ത്ര സോഫ്റ്റ്വെയര് പ്രചാരകരെയും ഈ പ്രവര്‍ത്തനവുമായി കണ്ണിചേര്‍ത്ത് ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള തീരുമാനത്തിന് പകരം കുത്തക പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷന് വാങ്ങുക എന്ന ഉദ്യോഗസ്ഥമേധാവിത്ത സമീപനം തിരുത്തപ്പെടേണ്ടതാണ്.
ഡോ. കെ.പി. അരവിന്ദന് പി. മുരളീധരന്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി