സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിനു നല്‍കിയ റിപ്പോർട്ട് അക്കാദമിക് – പൊതുസമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാതെ തിരക്കു പിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഏതു നയപരിപാടികളും മാറ്റങ്ങളും വിദ്യാർഥികളെയും അധ്യാപകരെയും മാത്രമല്ല സമൂഹത്തെയാകെ ബാധിക്കുന്നതാകയാല്‍ ജനകീയ തലത്തിലുള്ള പൊതു ചർച്ചയിലൂടെ രൂപപ്പെടുത്തിയ ഒരു നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികാസത്തിൽ വിദ്യാർഥികളും അധ്യാപകരും മറ്റു പ്രവർത്തകരും നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ പങ്ക്‌ വിസ്മരിച്ചു പോകരുത്. യു.ജി.സി പരിഷ്ക്കാരങ്ങൾക്ക് അനുസൃതമാണ് മാറ്റമെങ്കിൽ ആ നിർദ്ദേശങ്ങൾ ആദ്യം സംസ്ഥാനത്ത് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്.
സ്വയംഭരണ സ്ഥാപനമായ സർവ്വകലാശാലകൾക്കു കീഴിലുള്ള പഠന ബോർഡുകൾ, അക്കാദമിക്‌ കൗൺസിൽ, സെനറ്റ്‌, സിൻഡിക്കേറ്റ്‌ എന്നിവയെല്ലാം പഠനവിഷയങ്ങളെയും പഠനരീതികളെയും പാഠ്യക്രമങ്ങളെയും കുറിച്ച്‌ തീരുമാനങ്ങളെടുക്കാൻ കഴിവും അധികാരവും ഉള്ള ജനാധിപത്യ സംവിധാനങ്ങളാണ്. കോവിഡ്‌ സാഹചര്യം മുതലെടുത്ത്‌ ഇത്തരം സംവിധാനങ്ങളെയെല്ലാം അവഗണിച്ചും മറികടന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിളിച്ചു ചേർക്കുന്ന വൈസ്‌ ചാൻസലർമാരുടെ യോഗം ഉന്നത അധികാര സമിതിയായി നയപരമായ തീരുമാനങ്ങൾ എടുത്ത്‌ നടപ്പാക്കുകയാണ്. ഇത്‌ അമിത അധികാര പ്രവണതയാണ്. ഇക്കാര്യങ്ങളിൽ കാണിക്കുന്ന തിടുക്കവും സംശയകരമാണ്.
നാലുവർഷ ബിരുദകോഴ്സ്‌ (ഓണേഴ്സ്‌) നിർദ്ദേശിച്ചിരിക്കുന്നത് നിലവിലുള്ള മൂന്നു വർഷ ഓണേഴ്സ്‌ കോഴ്സ്‌ സംബന്ധിച്ചെന്തെങ്കിലും പഠനം നടത്തിയശേഷമാണോ എന്നു വ്യക്തമല്ല. നിലവിലുള്ളതിന്റെ‍‍ ക്രഡിറ്റുകള്‍, പഠനവിഷയം എന്നിവയടക്കം പരിശോധിച്ചും മാറ്റം എപ്പോൾ എങ്ങനെ വേണമെന്നു പഠിച്ചും വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയുമാവണം തീരുമാനം എടുക്കേണ്ടത്. ആധുനിക സമൂഹത്തിൽ സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ തൊഴിലിന്റെ സ്വഭാവവും മാറി വരും. അതിനനുസരിച്ചു ഉന്നതവിദ്യാഭ്യാസം രംഗവും മാറേണ്ടതുണ്ട്. പുതിയതായി വികസിച്ചു വരുന്ന മേഖലകള്‍ ബിരുദ തലത്തിലാണോ ബിരുദാനന്തര തലത്തിലാണോ പഠിപ്പിക്കേണ്ടത് എന്നതും ചർച്ചയിലൂടെ തീരുമാനിക്കണം.
അടിസ്ഥാനശാസ്ത്ര മാനവിക വിഷയങ്ങളോട്‌ ശത്രുതാപരമായ നിലപാട്‌ സ്വീകരിക്കുന്നതാണ് പുതിയ നയസമീപനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന ശാസ്ത്രങ്ങളിൽ ശക്തമായ അടിത്തറ ഉണ്ടെങ്കിൽ മാത്രമേ പ്രയുക്തശാസ്ത്രങ്ങളും സാങ്കേതിക വിദ്യകളും വളരുകയുള്ളു എന്നത്‌ വിസ്മരിക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ ലബോറട്ടറി പ്രവർത്തനങ്ങളും പ്രാക്ടിക്കൽ പരീക്ഷകളും സംബന്ധിച്ചുള്ള നിർദ്ദേശങ്ങള്‍‍ പലതും തീരേ ഗുണകരമല്ല. പഠന വകുപ്പുകളിൽ ഗവേഷണത്തിനും അവയുടെ പ്രസിദ്ധീകരണങ്ങൾക്കും പ്രോത്സാഹനം നല്‍കേണ്ടതുണ്ട്‌.
ഇങ്ങനെ എല്ലാവശങ്ങളും പരിഗണിച്ചു കൊണ്ട് സമഗ്രമായ പഠനത്തിനും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാവൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഏ. പി. മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Categories: Articles