Prameyam10_2021

പ്രമേയം-10

എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക.

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനങ്ങൾ നടക്കുകയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്നതും അവസര സമത്വവും നീതിയും ഉറപ്പാക്കുന്നതുമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇനി അനിവാര്യമായിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസത്തിൻ്റെ  തുടർച്ചയായി ഉന്നത വിദ്യാഭ്യാസരംഗവും പരിവർത്തനത്തിന് വിധേയമാകേണ്ടതുണ്ട്. ജ്ഞാന സമൂഹത്തെക്കുറിച്ചും പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും കേരളീയ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കയാണ്. ശാസ്ത്രബോധവും സാമൂഹ്യവീക്ഷണവും ആര്‍ജിച്ചുകൊണ്ടുമാത്രമേ ജ്ഞാനസമൂഹത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാകൂ. സമൂഹത്തില്‍ ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും വളര്‍ത്തുന്നതില്‍ മുഖ്യമായ പങ്ക്  വിദ്യാഭ്യാസ പ്രക്രിയക്കാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസത്തെയും അതിനനുയോജ്യമായി പരിവര്‍ത്തനം ചെയ്യുന്നതിനായി സര്‍ക്കാരിന്റെ ‍ ഭാഗത്തുനിന്നും സര്‍വ്വകലാശാലകളുടെ ഭാഗത്തുനിന്നും പലവിധ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. അത്തരം ശ്രമങ്ങൾക്കൊന്നും അഭികാമ്യമായ തലങ്ങളിലേക്ക് വളരുവാനും ഈ രംഗത്ത് മൗലികമായ പരിവർത്തനങ്ങൾ വരുത്തുവാനും വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്നത് ഒരു പരിമിതിയാണ്. കേരളത്തിലെ വിദ്യാഭ്യാസ വളർച്ചയിൽ  സർക്കാർ മേഖലയോടൊപ്പം എയ്ഡഡ് മേഖലയും അതിനിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിൻ്റെയും സാമൂഹിക നിയന്ത്രണം ഏർപ്പെട്ടത്തുന്നതിൻ്റെയും ഭാഗമായാണ് 1958 ൽ  വിദ്യാഭ്യാസ ബില്ല് കൊണ്ടു വന്നതും അതേ തുടർന്ന് കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായവും  അതിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും   ശമ്പളം നല്കാനും കേരളത്തിലെ ആദ്യ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതോടൊപ്പം എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപക നിയമന കാര്യത്തിൽ ചിലനിബന്ധനകൾ വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും കൊണ്ടു വന്നെങ്കിലും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക/അനധ്യാപക നിയമനത്തിൽ പൂർണ്ണമായ അധികാരം മാനേജറിൽ നിക്ഷിപ്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ആരേയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മാനേജർക്ക് ഇതു വഴി നിയമനം നൽകാം. എന്നാൽ ഇങ്ങനെ നിയമനം നൽകുന്ന അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ശമ്പളം നൽകുക എന്നത്  സർക്കാർ ഉത്തരവാദിത്വമായി മാറുകയും ചെയ്യുന്നു. നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്  കാര്യമായ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ മൂന്ന് പ്രധാന പ്രശ്നങ്ങൾ ഉയർന്നുവരുന്നു.

1) നിയമനത്തിന്റെ മാനദണ്ഡം ബഹുഭൂരിപക്ഷം ഇടങ്ങളിലും സ്വജനപക്ഷപാതമോ സാമ്പത്തിക താല്പര്യമോ ആയി മാറുന്നു. അതുവഴി അധ്യാപക / അനധ്യാപക തസ്തികകൾ ക്രയവിക്രയം ചെയ്യാവുന്ന ഒന്നായി മാറി. വിദ്യാഭ്യാസ സംവിധാനത്തിൽ എല്ലാ തലങ്ങളിലും അഴിമതിയുള്ള സാധ്യത ഇത് തുറന്നിടുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാനപ്പെട്ട പ്രവർത്തനം എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനം സംബന്ധിച്ച തർക്കവിതർക്കങ്ങൾ പരിഹരിക്കുന്നതിലേക്ക് പരിമിതപ്പെട്ടു പോകുന്നു.

2)ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത് സ്ക്കൂൾ തലമായാലും ഉന്നതവിദ്യാഭ്യാസ തലമായാലും മുന്നുപാധി ആകുന്നത് ഏറ്റവും യോഗ്യതയുള്ള പ്രൊഫഷണൽ കഴിവുള്ള അർപ്പണബോധമുള്ള അധ്യാപകരാണ്. സാമ്പത്തിക താല്പര്യം തെരഞ്ഞെടുപ്പ് മാനദണ്ഡമാകുന്നതോടെ വിട്ടുവീഴ്ച ചെയ്യപ്പെടുന്നത് മെറിറ്റാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന സാമ്പത്തികശേഷിയില്ലാത്തവരും സാമൂഹ്യമായി പിന്നില്‍കിടക്കുന്നവര്‍ക്കും ഉയര്‍ന്ന മെറിറ്റുണ്ടെങ്കിലും അപ്രാപ്യമാണ്  മികച്ച ശമ്പളവും സാമൂഹ്യഅംഗീകാരവും ഒപ്പം വലിയ സാമൂഹ്യ ഉത്തരവാദിത്വവും പുലര്‍ത്തേണ്ടുന്ന ഈ ജോലികള്‍.

3) സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് തൊഴില്‍ രംഗത്ത് നല്കുന്ന സംവരണം ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമായ സംവരണ തത്വം പാടെ ലംഘിക്കപ്പെടുന്നു. നീതിനിഷേധത്തിൻ്റെ തീവ്രത മനസ്സിലാക്കാൻ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട അധ്യാപകരുടെ എണ്ണം സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് മാത്രം മതിയാകും.

‍എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപകരുടെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന് വിടണമെന്ന ആവശ്യം ഏറെക്കാലമായി കേരളത്തില്‍ പൊതു സമൂഹത്തില്‍ നിന്നും അധ്യാപക യുവജന സംഘടനകളില്‍ നിന്നും ഉയരുന്നതാണ്. തത്വത്തിൽ ഈ ആവശ്യകതയോട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് യോജിപ്പുമാണ്. എന്നിരുന്നാലും അത് നടപ്പാക്കാനുള്ള രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇതേ വരെ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഈ ദിശയിലുണ്ടാകുന്ന ചെറീയ ശ്രമങ്ങളെപ്പോലും ദുർബലപ്പെടുത്തുന്ന വിധിന്യായങ്ങൾ ഉണ്ടാകുകയും ചെയതിട്ടുണ്ട്.
എന്നാൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ അടുത്ത കാലത്ത് പുറപ്പെടുവിച്ചിട്ടുള്ള വിധികളിലൂടെ മുന്നോട്ടുവച്ച നിലപാടുകൾ ഈ ഘട്ടത്തിൽ പ്രാധാന്യം ഉള്ളതാണ്. 2020 ജനുവരി 6 ന് നടത്തിയ സുപ്രധാന വിധിന്യായത്തിൽ സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ നിയമന കാര്യത്തിൽ സർക്കാറിന് അവകാശമുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  അതുപോലെ 2021 ജൂൺ 28 ലെ വിധിന്യായ പ്രകാരം പി ഡബ്ളു ഡി ( പേർസൻസ് വിത്ത് ഡിസെബിലിറ്റീസ് ) പരിധിയിൽ വരുന്നവരുടെ സംവരണം എയ്ഡഡ് സ്ഥാപനങ്ങളിലും അംഗീകരിച്ചു കൊണ്ടുള്ള ബഹു. സുപ്രീം കോടതി വിധി എയ്ഡഡ് സ്കൂൾ നിയമനത്തിൽ സാമൂഹിക നീതിയും നിയന്ത്രണവും ആവശ്യമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നതാണ്.

ഈ ഒരു പശ്ചാത്തലത്തിലും ജ്ഞാന സമൂഹ സൃഷ്ടിക്ക് അനുഗുണമാകുന്ന ഗുണമേന്മാ വിദ്യാഭ്യാസം സാർത്ഥകമാകുന്നതിനുള്ള മുന്നുപാധി എന്ന നിലയിലും ഏറ്റവും മികച്ചതും അർപ്പണ മനോഭവമുള്ളതും പ്രൊഫഷണലുകളായ അധ്യാപകരെ   മെറിറ്റിൻ്റെയും സാമൂഹിക നീതി ഉറപ്പാക്കാൻ സംവരണത്തിന്റെയും അടിസ്ഥാനത്തില്‍ എയ്ഡഡ് സ്ക്കൂളുകളിലും കോളേജുകളിലും നിയമിക്കണമെന്നും അതിനായി   ഈ സ്ഥാപനങ്ങളിലെ അധ്യാപകരടക്കമുള്ള മുഴുവൻ ജീവനക്കാരുടെയും നിയമനം പി എസ്. സി വഴിയാക്കണമെന്നും കേരള സര്‍ക്കാരിനോട്  കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം വാര്‍ഷികം അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതിയും തുല്യതയും ഗുണമേന്മയും ഉറപ്പ് വരുത്തി  ഭാവികേരളസമൂഹത്തിൻ്റെ  ഗുണപരമായ മാറ്റത്തിന് ഉതകുന്ന ഈ സംവിധാനം  സാധ്യമാകാന്‍   ആവശ്യമായ കാമ്പയിനുകള്‍ ഉയര്‍ത്തുന്നതിന് എല്ലാ വിധ പിന്തുണയും നല്കാന്‍ എല്ലാ  രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അധ്യാപക, വിദ്യാര്‍ത്ഥി, യുവജന സംഘടനകളോടും സാംസ്കാരിക പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.