Prameyam11_2021

പ്രമേയം-11

സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നതവിദ്യാഭ്യാസനയം രൂപീകരിക്കണം

ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മിക്കവാറും എല്ലായിടത്തും ഇത് കമ്പോളത്തിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് കൂടിയാണ് എന്ന് കാണാൻ പ്രയാസമില്ല. മൂലധനത്തിന് ആവശ്യമുള്ള തൊഴിൽ ചെയ്യാൻ ആവശ്യമായ മനുഷ്യശേഷിയെ ലഭിക്കുന്നതിനുള്ള ഇടങ്ങളായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ മാറ്റി തീർക്കാനുള്ള ശ്രമങ്ങളെ വിമശനാത്മകമായി തന്നെ കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾ ആകട്ടെ പലപ്പോഴും വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമായ ” മനുഷ്യനിർമ്മിതി ” യെ തടസ്സപ്പെടുത്തുക മാത്രമല്ല നശിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

ജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് വളരെ ഉയർന്ന സംഭാവന നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസ രംഗം . എന്നാൽ അവിടെ ജ്ഞാനനിർമ്മിതിക്കുള്ള സാഹചര്യം എത്രത്തോളമുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ജ്ഞാനനിർമ്മിതിയും വിതരണവും വലിയ കുത്തകകൾ കീഴടക്കുന്ന രീതിയിലാണ് ഗവേഷണരംഗം പോലും മാറിപ്പോകുന്നത്. വിദ്യാഭ്യാസത്തിൻ്റെ ചരക്കുവൽക്കരണം, വിവിധങ്ങളായ അക്രെഡിറ്റേഷൻ രീതികൾ, അതു വഴിയുള്ള, കേന്ദ്രീകരണത്തിനും വസ്തുതകളുടെ വക്രീകരണത്തിനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ എന്നിവയുടെ മൂർത്തരൂപം ആണ് പുത്തൻ വിദ്യാഭ്യാസ നയം എന്നതുകൂടി ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിൻറെ സ്വാഭാവിക പരിണാമമായി ഉരുത്തിരിയേണ്ടുന്ന വ്യക്തിഗത നൈപുണിശേഷിയെ വിദ്യാഭ്യാസത്തിൻറെ പ്രഥമ ലക്ഷ്യമായി കാണുന്ന പ്രവണത ഏറിവരികയും തൽഫലമായി പഠനം എന്നത് ഇത്തരം നൈപുണികൾ കൈവരിക്കൽ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. എല്ലാ തരം നൈപുണി ശേഷിയും വലിപ്പ ചെറുപ്പമില്ലാതെ അംഗീകരിക്കേണ്ടതുണ്ട് – അത് കൃഷിയിലായാലും പ്രാദേശിക വികസനത്തെ സഹായിക്കുന്നതായാലും – എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ കമ്പോളം നിശ്ചയിക്കുന്നതിന് അനുസൃതമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഉള്ള വേദികളായി സർവ്വകലാശാലകൾ വരെ ചുരുങ്ങിപ്പോകുന്നതും ഉന്നതവിദ്യാഭ്യാസത്തിൻ്റെ  വർത്തമാനത്തിൽ കാണാൻ കഴിയുന്നുണ്ട് . ഇതോടൊപ്പംതന്നെ സംഭവിക്കുന്ന, വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ചിലവിൽ ഉണ്ടാകുന്ന വർദ്ധനയും അതുവഴി പിന്തള്ളപ്പെടുന്ന, മുൻപേ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളുടെ ദുരവസ്ഥയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ പൊതു ഖജനാവിൽ നിന്നും വലിയ രൂപത്തിലുള്ള നിക്ഷേപം ഈ രംഗത്ത് വരേണ്ടതുണ്ട് എന്നത് നിസ്തർക്കമാണ്.

കേരളത്തെ സംബന്ധിച്ച് സ്കൂൾതലത്തിൽ സംഭവിച്ച ഗുണപരമായ മാറ്റങ്ങളുടെ തുടർച്ച ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടി ലഭ്യമാകേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന് മുഖ്യമായ ഒരു പങ്ക് ഉള്ള മേഖല എന്ന നിലയിൽ തീർത്തും നയപരവും ധീരവുമായ ബദൽ സംവിധാനം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. നിലവിലെ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് കൊണ്ടുവേണം ഇത്തരം ബദലുകൾ നടപ്പിലാക്കാൻ . ലഭ്യമായ തൊഴിലവസരങ്ങളെ കൂട്ടിയിണക്കുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനാവശ്യമായ വൈദഗ്ദ്ധ്യം നൽകുന്ന പുത്തൻ രീതികൾ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയും ഇത് എല്ലാ മേഖലകളിലും – സർക്കാർ / എയ്ഡഡ്/ സ്വയം ഭരണ / സ്വാശ്രയ കോളേജുകളിൽ – നടപ്പിലാകുന്നു എന്ന് ഉറപ്പുവരുത്തിയുമാവണം ഉന്നതവിദ്യാഭ്യാസരംഗം മുന്നോട്ടു പോകേണ്ടത്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട നിയമാവലികളുടെ പരിഷ്ക്കരണം, മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കൽ, കഴിയുന്നതും ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിൽ ലഭ്യമാക്കുക എന്നിവ കൂടി ഇതിനോടൊപ്പം സംഭവിക്കേണ്ടതുണ്ട്.

സാക്ക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ചിട്ടുള്ള മൂന്ന് ഘടകങ്ങൾ – സാമൂഹ്യമായ ഉൾപ്പെടുത്തൽ (Social Inclusiveness), നീതിയും മേൻമയും (Equity & Excellence), ശാസ്ത്രാവബോധവും മതനിരപേക്ഷ കാഴ്ചപ്പാടും (Scientific temper and Secular Outlook) ഏറെ പ്രതീക്ഷ നൽകുന്നതാണ്. ജീവിതവിജയത്തിന് ആവശ്യമായ സ്വാതന്ത്ര്യബോധം, ജനാധിപത്യ കാഴ്ചപ്പാടുകൾ, ശാസ്ത്ര ബോധം, യുക്തിചിന്ത എന്നിവയുടെ വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്ന്
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 58ാം സംസ്ഥാന സമ്മേളനം കേരള സർക്കാരിനോടും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനോടും ആവശ്യപ്പെടുന്നു.