Prameyam14_2021

പ്രമേയം – 14

അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക.
നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്.

കേരളത്തിലെ റവന്യൂ വകുപ്പ് 2020 മാർച്ച് 11 നും, 2020 ഒക്ടോബർ 24 നും ഇറക്കിയ 1964ലെ കേരള ലാൻഡ് അസൈൻമെൻ്റ് ചട്ടവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണ ഉത്തരവ് വ്യാപകമായ അഴിമതിയ്ക്കും വരുമാന നഷ്ടത്തിനും പാരിസ്ഥിതിക നാശത്തിനും കാരണമായിരിക്കുകയാണ്. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാറിന് 50 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നറിയുന്നു. 1986 ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീ ആക്ട്, 2005ലെ കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയ തുടങ്ങിയ നിയമങ്ങളിൽ വനേതര മേഖലകളിൽ നിന്നും മരം മുറിക്കുന്നതിന് രണ്ടുതരം നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഒന്ന്, വംശനാശഭീഷണി നേരിടുന്നതും പാരിസ്ഥിതിക നിലനിൽപ്പിന് ആവശ്യമുള്ളതുമായ പത്തു തരം വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിന് റവന്യൂവകുപ്പിന്റെയും വനംവകുപ്പിന്റെയും അനുമതി വേണം. രണ്ട്, പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ നിന്നും (അത്തരത്തിൽ 59 വില്ലേജുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്) മരം മുറിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്.

ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ 1964ലെ കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച കൃഷി ഭൂമിയില്‍ പിന്നീട് കിളിർത്തു വന്നതും പട്ടയം ലഭിച്ചതിനുശേഷം നട്ടുവളർത്തിയതുമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് കർഷകർക്ക് അനുമതി നൽകുന്നു എന്ന പേരിൽ യാതൊരു മുൻകരുതലുമെടുക്കാതെ ഇറക്കിയ ഉത്തരവുകൾ അഴിമതിക്കും പരിസ്ഥിതി നാശത്തിനും വഴി വെക്കുകയായിരുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉടമസ്ഥന് പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കാം എന്നായിരുന്നു ഉത്തരവിന്റെ കാതൽ. മാത്രമല്ല ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ശ്രമിച്ചാൽ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറഞ്ഞു. കോടതി ഇടപെടലിന്റെയും മറ്റും ഭാഗമായി ഉത്തരവ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിൽ അനുവദിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

കേരളത്തിലെ ഭൂമിയുടെ കിടപ്പിനെ പരിഗണിച്ചുകൊണ്ട് മാത്രമേ മരംമുറി അനുവദിക്കാൻ പാടുള്ളു. പ്രദേശത്ത് നിന്ന് വ്യാപകമായ തോതിൽ മരം മുറിച്ച് പോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ നമുക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്. പട്ടയഭൂമിയുടെ നല്ലൊരു ഭാഗം പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അവിടെ നിന്നും മരം മുറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കാണാതിരുന്നുകൂടാ. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ് എന്നും മറുന്നുകൂട. എന്നാൽ കർഷകരുടെയും ഭൂമി ഉപജീവന മാർഗ്ഗമായി കാണുന്ന ഇത്തരം പ്രദേശങ്ങളിലെ മനുഷ്യരുടെയും ആവശ്യങ്ങളും അവകാശങ്ങളും വിസ്മരിച്ചുകൂടാ. അതുകൊണ്ട് പരിസ്ഥിതിക്ക് വലിയ ദോഷമില്ലാത്ത വിധത്തിൽ മരം മുറിച്ചെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചെടുക്കുമ്പോൾ കൈക്കൊള്ളേണ്ട നടപടി ക്രമങ്ങൾ കൃത്യതയോടെ വ്യക്തമാക്കണം. 1986ലെയും, 2005ലെയും നിയമങ്ങളിൽ അതനുസരിച്ചുള്ള ഭേദഗതി കൊണ്ടുവരണം. വംശനാശഭീഷണി നേരിടുന്നതും ഭൂമി സ്ഥിതീകരണത്തിന് ഉതകുന്നതുമായ വൃക്ഷങ്ങൾ വെട്ടിയെടുക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വൃക്ഷങ്ങൾ സംരക്ഷിക്കേണ്ടത് വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെയും ഉത്തരവാദിത്വമെന്ന നിലക്ക് ചെരിഞ്ഞ ഭൂപ്രദേശങ്ങളിലെ സ്വകാര്യ ഭൂമിയിലെ മരങ്ങൾ സംരക്ഷിച്ചു നിലനിർത്തുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം. ജൂൺ 5ലെ വൃക്ഷവത്കരണത്തിന് നൽകുന്ന അതേ പ്രാധാന്യം വൃക്ഷസംരക്ഷണത്തിനും ഉണ്ടാകണം.