ദേശീയ തലത്തിൽ നടത്തിയ കോവിഡ്-19 സീറോ പ്രിവലെൻസ് സർവ്വേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ രണ്ടാം തരംഗത്തിലുണ്ടായ കോവിഡ് രോഗ വ്യാപനം രാജ്യത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് വരെയുള്ള നമ്മുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്.അതേസമയംതന്നെ, കോവിഡ് ബാധിക്കാൻ സാധ്യതയുള്ള ധാരാളം ആളുകൾ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നുള്ളതും സർവ്വേയിൽ നിന്നും വ്യക്തമാകുന്നു. അതു കൊണ്ട് തന്നെ നിയന്ത്രണങ്ങളിൽ അനിവാര്യമായും വരുത്തേണ്ട ഇളവുകൾ നൽകാൻ തുടങ്ങുമ്പോൾ രോഗാണുബാധകൾ സ്വാഭാവികമായും കേരളത്തിൽ കൂടുതലുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം മുമ്പത്തേക്കാളും കൂടിയിട്ടുണ്ടെന്നതും ഇപ്പോഴുള്ള കോവിഡ് കേസുകളുടെ ഒരു പ്രധാന ഭാഗം അപകട സാധ്യത കുറഞ്ഞ ബ്രെക് ത്രൂ ഇന്ഫെക്ഷനുകളാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ആശുപത്രിവാസം വേണ്ടി വരുന്നവരുടെയും, ഓക്സിജൻ, ICU, വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കേണ്ടി വരുന്നവരുടെയും അനുപാതത്തിലും കുറവുണ്ട്. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ, മേൽ പറഞ്ഞ പഠനത്തെയടക്കം തെറ്റായി വ്യഖാനിച്ചു കേരളത്തിലെ കോവിഡ് പ്രതിരോധം പ്രതിസന്ധിയിലാണ് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങളുൾപ്പെടെ വ്യാപകമായി ശ്രമിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് നിയന്ത്രണത്തിനായി നാമിപ്പോൾ സ്വീകരിച്ചുവരുന്ന ചിലനടപടികളിലെ അശാസ്ത്രീയതകളും നടപടികുളുടെ ഭാഗമായുണ്ടാകുന്ന പ്രയാസങ്ങളും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കകളും അസംതൃപ്തിയും ചെറുതല്ല.

അതിനാൽ രോഗ വ്യാപനത്തിന്റെ ഇനിയുള്ള ഘട്ടങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണത്തെ വളരെ സൂക്ഷ്മതയോടെ മാത്രമേ ഉപയോഗിക്കാവൂ. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറത്തേക്ക് രോഗ വ്യാപനം നീളുന്ന അവസ്ഥ ഉണ്ടായാൽ മാത്രമേ ലോക്ക് ഡൗൺ പരിഗണിക്കേണ്ടതുള്ളൂ. ഒരു ഘട്ടത്തിൽ ഒരു പ്രദേശത്തെ തുടർച്ചയായി ഒരു നിശ്ചിത സമയത്തേക്ക് അടച്ചിടുമ്പോൾ മാത്രമേ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്ന നേട്ടങ്ങൾ ഉണ്ടാവുകയുള്ളൂ. രോഗത്തിന്റെ ഇൻകുബേഷൻ പീരീഡ് പോലെയുള്ള എപ്പിഡമിയോളജിക്കൽ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യാണ് ഇത് ചെയ്യേണ്ടത്. നിലവിലുള്ള ഭാഗികമായ ലോക്ക് ഡൗൺ കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായ നിരവധി പ്രയാസങ്ങൾ നിത്യേനയെന്നോണം ഉണ്ടാവുന്നു എന്നതല്ലാതെ രോഗ വ്യാപനത്തെ കുറക്കുന്നതിന് അത് ഒട്ടും സഹായിക്കുന്നതായി കാണുന്നില്ല. മാത്രവുമല്ല അവശ്യ സേവനങ്ങളുടെ സമയ പരിധി ചുരുക്കി നിശ്ചയിച്ചത് കാരണം തിരക്ക് കൂടാനും അത് വഴി രോഗ വ്യാപനത്തിന് സാധ്യത വർധിക്കാനും ഇടയുണ്ട്. ഇപ്പോൾ പല ദിവസങ്ങളിലും കാണുന്ന വലിയ തിരക്ക് അതിതീവ്ര വ്യാപനത്തിനും വഴി വെക്കാം. രോഗാണു ബാധ കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ രൂപത്തിൽ തുടരുന്നത് ജനങ്ങൾക്ക് ഇത്തരം നടപടികളിൽ വിശ്വാസം നഷ്ടപ്പെടാനും പിന്നീട് അത്യാവശ്യം വരുന്ന അവസരങ്ങളിൽ ഇത്തരം നടപടികളോട് ആത്മാർത്ഥമായി സഹകരിക്കുന്നതിനു തടസ്സമുണ്ടാക്കുകയും ചെയ്യും. TPR കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു ഉചിതമായ ഒരു സൂചകമായി കണക്കാക്കൻ കഴിയില്ല.

സാഹചര്യത്തിൽ ജനങ്ങളുടെ ദൈനദിന ജീവിതം സുഗമമാക്കുന്ന രീതിയിൽ നിലവിലെ നിയന്ത്രണങ്ങൾ പരിഷ്കരിക്കണം. ഭാഗികമായ ലോക്ക് ഡൗൺ അവസാനിപ്പിക്കണം. സേവനങ്ങളും കടകളും ആഴ്ചയിലെ എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാകണം. സാമൂഹ്യ അകലം പാലിക്കാനും മാസ്ക് നിർബന്ധമായി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുമുള്ള അനുബന്ധ നടപടികൾ ഉണ്ടായാൽ മതി. മൈക്രോ കണ്ടൈൻമെന്റ് ആവശ്യമുള്ള സ്ഥലങ്ങളിൽ അത് ചെയ്യാം. എന്നാൽ അവശ്യ സേവനങ്ങളെ കൂടി തടസപ്പെടുത്തുന്ന രീതിയിൽ റോഡുകൾ അടച്ചിടരുത്.

TPR നു പകരം കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അളക്കുകയും ഇടപെടലുകൾ തീരുമാനിക്കുകയും ചെയ്യുന്നതിന് താഴെ പറയുന്ന സൂചികകൾ ഉപയോഗിക്കാവുന്നതാണ്.

1. കോവിഡ് കാരണം ആശുപത്രിയിലെത്തുന്നവരുടെ എണ്ണം.

2. ഉണ്ടാകുന്ന കോവിഡ് അണുബാധകളിൽ എത്ര എണ്ണം ബ്രേക്ക് ത്രൂ ആണ് , എത്ര എണ്ണം തീവ്രത കൂടിയ വിഭാഗത്തിലാണ് എന്നുള്ള നിരക്കുകൾ.

3. കോവിഡിനായി നീക്കി വെച്ച ഓക്സിജൻ ബെഡ്ഡുകൾ, .സി.യു ബെഡ്ഡുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ എത്ര ശതമാനം ഉപയോഗത്തിലാണ് എന്ന കണക്ക്.

4. പ്രാദേശികമായി രോഗവ്യാപനത്തെ അളക്കാൻ ഒരു നിശ്ചിത എണ്ണം ആളുകളിൽ ഉദാഹരണത്തിന് പതിനായിരം അല്ലെങ്കിൽ ഒരു ലക്ഷം പേരെ കണക്കിലെടുക്കുമ്പോൾ എത്ര പേരിൽ അണുബാധ കണ്ടെത്തി എന്ന കണക്ക്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികളുടെ സാംഗത്യവും ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണം. പൊതുജനാഭിപ്രായം രോഗ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കഴിയുന്ന രീതിയിൽ രൂപപ്പെട്ടാൽ മാത്രമേ ഇടപെടലുകൾ ഫലപ്രദമാവൂ. പകർച്ച വ്യാധിയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ ശാസ്ത്രീയവും പൊതുജനാരോഗ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലുള്ളതുമായ ജനകീയ ഇടപെടലാണ് ആവശ്യം. പോലീസ് സംവിധാനം ഉപയോഗിച്ചുള്ള നിയന്ത്രണങ്ങൾ അത്യാവശ്യ ഘട്ടത്തിൽ മാത്രം മതി. അത് കൊണ്ട് ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന പ്രാദേശിക RRT കൾ ആയിരിക്കണം തുടർന്നുള്ള ഘട്ടങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ ഉണ്ടാവേണ്ടത്. RRTകൾക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം ഉറപ്പാക്കുകയും വേണം.

വാക്‌സിനേഷൻ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാർഗ്ഗമാണ്. വാക്‌സിൻ വിതരണം സുഗമമായി പരാതിക്ക് ഇടയില്ലാത്ത നടത്താൻ കഴിയേണ്ടതുണ്ട്. നിലവിലെ വാക്‌സിൻ വിതരണ സംവിധാനം പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാഹചര്യത്തിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽത്തന്നെ, മുൻഗണനാ ക്രമവും അനുബന്ധ ആരോഗ്യ തൊഴിൽ സാഹചര്യങ്ങളുമൊക്കെ പരിഗണിച്ചു കൊണ്ട് അർഹതയുള്ളവർക്കു പ്രയാസങ്ങളില്ലാതെ ഉചിതമായ സമയത്തു വാക്‌സിൻ ലഭിക്കാൻ സംവിധാനം ഉണ്ടാവണം. അനുയോജ്യമായ ഒരു ആപ് ആവശ്യത്തിലേക്കായി ഉപയോഗിക്കാമോ എന്ന് പരിഗണിക്കണം.

മേല്പറഞ്ഞ വിഷയങ്ങൾ അനുഭാവ പൂർവം പരിഗണിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെടുന്നു.

എം ശങ്കരൻ 

പ്രസിഡണ്ട്

പി ഗോപകുമാർ

ജനറല്‍ സെക്രട്ടറി

Categories: Updates