ഇന്ത്യന്‍ സമ്പദ്ഘടനയെ നിശ്ചലമാക്കുകയും ജനങ്ങളുടെമേല്‍ തീരാദുരിതം അടിച്ചേല്‍പിക്കുകയും ചെയ്ത നോട്ടുനിരോധനം നടപ്പിലായിട്ട് ഒരു വര്‍ഷമായിരിക്കുന്നു. തികച്ചും സാധാരണമായ ക്രയവിക്രയങ്ങള്‍ക്ക് വേണ്ടി കയ്യില്‍ കരുതിയ പണം ഒറ്റ രാത്രികൊണ്ട് വെറും കടലാസ് കഷണങ്ങളായി മാറിയതിന്റെ അങ്കലാപ്പും അത് മാറ്റിയെടുക്കാന്‍ വേണ്ടിവന്ന ബദ്ധപ്പാടും അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. ബാങ്കില്‍ നേരത്തെ നിക്ഷേപിച്ച പണം മാറ്റിയെടുക്കാന്‍ വരിയില്‍നിന്നുനിന്ന് കുഴഞ്ഞുവീണു മരിച്ചവര്‍, സമ്മര്‍ദം താങ്ങാനാവാത്ത ആത്മഹത്യ ചെയ്തവര്‍, ജനജീവിതം വഴിമുട്ടിപ്പോയ ദിനങ്ങള്‍. അടിയന്തിരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ഭരണകൂടം ജനതയ്ക്ക് നല്‍കിയ ഏറ്റവും വലിയ വിപത്തായി മാറി നോട്ടുനിരോധനം. അതുണ്ടാക്കിയ ദുരന്തങ്ങള്‍ പല പ്രകാരത്തിലും തുടരുകയാണ്.
നോട്ടുനിരോധനത്തിന്റെ തുടര്‍ച്ചയായാണ് ചരക്ക് സേവന നികുതി നടപ്പാക്കിയത്. അതാകട്ടേ, കൂനിന്മേല്‍ കുരു എന്ന മട്ടിലാണ് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം അതിഗുരുതരമായ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതെല്ലാം എന്തിനുവേണ്ടി എന്ന ചോദ്യം അന്നും ഇന്നും ഉയരുന്നുണ്ട്. പുറത്തുപറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വലിയ നുണയായിരുന്നെന്ന് പലകുറി അതു മാറ്റിപ്പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവുകള്‍ കൂടെക്കൂടെ തിരുത്തിയത് ഇതുമൂലമായിരുന്നല്ലോ. ആലോചനയില്ലാതെ, ഉദ്ദേശ്യശുദ്ധിയില്ലാതെ, നടപ്പാക്കിയ മണ്ടന്‍ തീരുമാനത്തെ വിശകലനം ചെയ്യുന്ന പുസ്തകം.

Categories: Updates