കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിന്‌ മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെയും സംസ്‌കൃതിയെപ്പോലും നിഷേധാത്മകമായി ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ മലയാളികളും രംഗത്തു വരണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളം നിലവില്‍ വരണമെന്ന മുദ്രാവാക്യമുയര്‍ത്തുകയും മുപ്പതുവര്‍ഷക്കാലത്തെ സമരത്തിന്റെ ഫലമായി അതു നേടിയെടുക്കുകയും ചെയ്‌ത നാടാണ്‌ കേരളം. ഭാഷാ ബോധനത്തിന്‌ എല്ലാ കാലത്തും നാം പ്രാധാന്യം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി കലാ സാഹിത്യ സാംസ്‌കാരിക രൂപങ്ങളും വൈജ്ഞാനിക മേഖലകളുമെല്ലാം മലയാളത്തില്‍ കൊണ്ടുവരാന്‍ നാം യത്‌നിച്ചു. അതിന്റെ ഫലമായി നമ്മുടെ കലയും സാഹിത്യവും സിനിമയുമെല്ലാം ആഗോള പ്രശസ്‌തിയാര്‍ജ്ജിക്കുകയും ചെയ്‌തു. മലയാളത്തില്‍ പഠിപ്പിക്കാനുള്ള നമ്മുടെ ശ്രമം ഗ്രാമാന്തരങ്ങളിലേക്ക്‌ വിദ്യാഭ്യാസമെത്തിക്കുകയും ഏറ്റവും ദരിദ്രരും പുറന്തള്ളപ്പെട്ടവരുമായ വിഭാഗങ്ങളുടെ ഇടയില്‍പ്പോലും പുതിയ സംസ്‌കൃതിയുടെ നാമ്പുകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ പ്രയത്‌നത്തിന്റെ അംശമാണ്‌ മലയാളത്തെ ശ്രേഷ്‌ഠഭാഷയെന്ന പദവിയിലെത്തിക്കാന്‍ നമ്മെ സഹായിച്ചത്‌.
കേരളത്തിലെ വിദ്യാഭ്യാസം തഴച്ചു വളര്‍ന്നത്‌ സര്‍ക്കാര്‍ ഉദ്യോഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നുവെന്നത്‌ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. അടുത്തകാലം വരെ കേരളത്തിലെ അഭ്യസ്ഥവിദ്യരെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്‌ പൊതുമേഖലയാണ്‌. സര്‍ക്കാര്‍ ജോലി നേടുന്ന എല്ലാവര്‍ക്കും മലയാളം എഴുതാനും വായിക്കാനും നല്ലവണ്ണം അറിയാമായിരുന്നതുകൊണ്ട്‌ മലയാള ഭാഷ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇതുവരെ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. കൊളോണിയല്‍ കാലഘട്ടത്ത്‌ രൂപം കൊണ്ട സര്‍ക്കാര്‍ കാര്യ നിര്‍വഹണ ശൈലിയില്‍ മാറ്റം വരാനുള്ള തടസ്സങ്ങളായിരുന്നു പ്രധാനം. മലയാള ഭാഷയോടുള്ള കൂറും സര്‍ക്കാരിന്റെ പ്രഴര്‍ത്തനം ജനപക്ഷത്ത്‌ നിന്നായിരിക്കണമെന്ന ബോധവുമുള്ള ആളുകളുടെ ശ്രമത്താല്‍ മലയാളം ഭരണഭാഷയായി. ഇന്ന്‌ ഏറെ വകുപ്പുകളില്‍ മലയാളം തന്നെ വിനിമയ ഭാഷയായി ഉപയോഗിക്കുന്ന സ്ഥിതിയും വന്നിരിക്കുന്നു. ഓണ്‍ലൈന്‍ ഭാഷ പോലും മലയാളമാകുന്നതോടെ എല്ലാ മേഖലയിലും മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാകുമെന്ന അവസ്ഥ ഉണ്ടാവുകയാണ്‌.
ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം തേടുന്നവര്‍ക്ക്‌ മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ഭരണ ഭാഷാ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്‌. ഈ നിര്‍ദ്ദേശത്തെ നിരാകരിക്കാനുള്ള മന്ത്രിസഭയുടെ നീക്കം നമ്മുടെ സര്‍ക്കാരിന്റെ മേല്‍ നിര്‍ണ്ണായക സ്വാധീനമുള്ള സി.ബി.എസ്‌.ഇ – ഐ.സി.എസ്‌.ഇ – ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോബിയുടെ ഇടപെടല്‍ മൂലമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഗൗരവതരമാണ്‌. മലയാള പരിജ്ഞാനമില്ലാത്ത ഒരു തലമുറ സര്‍ക്കാര്‍ ജോലികളിലെത്തുന്നതോടെ ഭരണഭാഷ മലയാളമാക്കുമെന്ന പ്രക്രിയ ബഹുദൂരം പിറകോട്ടടിക്കും. ഭരണപരമായ എഴുത്തുകുത്തുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഇംഗ്ലീഷിനെ ആശ്രയിക്കുന്ന കൊളോണിയല്‍ പാരമ്പര്യം പുനഃസ്ഥാപിക്കപ്പെടും. സര്‍ക്കാര്‍ ജോലികളെയും മദ്ധ്യവര്‍ഗ തൊഴിലുകളെയും വന്‍തോതില്‍ ആശ്രയിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ മലയാളത്തിനുള്ള ശേഷിച്ച സ്ഥാനം പോലും നഷ്‌ടപ്പെടും. ഇപ്പോള്‍ തന്നെ പടിപടിയായി തകര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ സംസ്‌കൃതിയുടെ പതനം കൂടുതല്‍ വേഗത്തിലാക്കും. ഭാഷാ സംസ്ഥാനമെന്ന നമ്മുടെ പദവികളുടെ പ്രസക്തിയും അനുക്രമമായി ഇല്ലാതാകും.
സര്‍ക്കാരിന്റെ തീരുമാനം അടയന്തിരമായും പിന്‍വലിക്കണമെന്നും ഇതിനെതിരെ പ്രതികരിക്കുവാന്‍ മലയാള സംസ്‌കൃതിക്കു വേണ്ടിയും ജനാധിപത്യപരമായ ഭരണ നിര്‍വഹണത്തിനു വേണ്ടിയും വാദിക്കുന്ന മുഴുവന്‍ പേരും രംഗത്ത്‌ വരണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates