സംഗീതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്. അവ പലതും യുക്തിക്ക് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ കഥകള്‍ എന്നതിനപ്പുറം അവയ്ക്ക് പ്രസക്തിയൊന്നുമില്ല. മനുഷ്യജീവിതത്തെയാകെ പലതരത്തില്‍ സ്വാധീനിക്കുന്നതാണ് സംഗീതമെന്ന കാര്യം നിസ്തര്‍ക്കമാണ്. പാട്ട് പാടാന്‍ കഴിഞ്ഞില്ലെങ്കിലും ആസ്വദിക്കാന്‍ കഴിയാത്തവര്‍ വളരെ വിരളമാണ്. വിശ്വസംഗീതമായാലും ഭാരതീയ സംഗീതമായാലും ആധാരമായിട്ടുള്ളത് സപ്തസ്വരങ്ങളിലാണ്. ഈ സ്വരങ്ങള്‍ ഏത് സംഗീതജ്ഞനാണ് പാടി ചിട്ടപ്പെടുത്തിയത്? ഒരാളുടെ മാത്രം സംഭാവനയാകാന്‍ തരമില്ല. ചരിത്രാതീതകാലം മുതല്‍ തന്റെ ചുറ്റിലും കേട്ടുവന്ന ശബ്ദങ്ങളെ അനുകരിക്കുന്നതുമുതല്‍ ഈ ചിട്ടപ്പെടുത്തല്‍ ആരംഭിക്കുന്നതായി കാണാം. താന്‍ കേള്‍ക്കുന്ന ശബ്ദം തന്നിലുളവാക്കുന്ന വികാരം സഹജീവികളില്‍ ഉളവാക്കാന്‍ സാധിച്ചതാകാം ആദ്യസംഗീതപ്രയോഗം. സ്വന്തം ആഹാരം സമ്പാദിക്കുന്നതിനും മറ്റു ജീവികള്‍ക്ക് ആഹാരമാകാതിരിക്കുന്നതിനുമുള്ള ആശയവിനിമയത്തിനാണ് ഇത് പ്രയോജനപ്പെട്ടിരിക്കുക. ഇങ്ങനെ പരിശോധിച്ചാല്‍ മനുഷ്യന്റെ അധ്വാനത്തില്‍ നിന്നാണ് സംഗീതത്തിന്റെ ഉത്ഭവമെന്ന് കാണാന്‍ കഴിയും. അത് വലിയൊരളവില്‍ വളര്‍ന്നു വികസിച്ചതിന് ശേഷമായിരിക്കും സ്വരങ്ങളെയും ശ്രുതികളെയും വിശകലനംചെയ്ത് ചിട്ടപ്പെടുത്തിയത്.
സംഗീതത്തിന്റെ ഉത്ഭവത്തെയും അതിന്റെ ആധാരമായ സ്വരങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തില്‍. 2004-ല്‍ പ്രസിദ്ധീകരിച്ച നാലാംപതിപ്പിന് ശേഷം ചില അധ്യായങ്ങള്‍കൂടി കൂട്ടിചേര്‍ത്ത് പരിഷ്‌കരിച്ചതാണ് ഈ പതിപ്പ്. സാങ്കേതികപദങ്ങള്‍ പലതും ഇംഗ്ലീഷില്‍ത്തന്നെയാണ് കൊടുത്തിട്ടുള്ളത്. തത്തുല്യമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തിട്ടുള്ളത്. സംഗീതതല്പരരായ ആരെങ്കിലും അത്തരം പദങ്ങള്‍ കണ്ടെത്തുന്നത് പ്രയോജനപ്രദമായിരിക്കും.
ആസ്വാദകര്‍ക്ക് സംഗീതത്തിന്റെ ആന്തരഘടന മനസ്സിലാക്കി ആസ്വദിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തെ സഹായിക്കാനും ഈ ലഘുഗ്രന്ഥത്തിന് കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

Categories: Updates