യുദ്ധത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ജനകീയഐക്യം
ആഗസ്ത്-6 പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
———————————————————-
യുദ്ധത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ജനകീയഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഹിരോഷിമാദിനമായ ആഗസ്ത് 6ന് പാലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് നൂറ്റിനാല്‍പത് കേന്ദ്രങ്ങളിലായി മേഖലാകമ്മറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വര്‍ഷമാണിത്. യുദ്ധം മനുഷ്യരാശിക്ക് എന്തു നല്‍കിയെന്ന അന്വേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ വിനാശത്തിനല്ല വിമോചനത്തിനാണ് ഉതകേണ്ടതെന്ന ചര്‍ച്ചകള്‍ വ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ ലോകം നമുക്ക് നല്‍കുന്ന സന്ദേശം അതല്ല എന്നതാണ് ദുഖകരമായ വസ്തുത.
പാലസ്തീനിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അതിദാരുണ ദൃശ്യങ്ങളുമായാണ് വാര്‍ത്താ മാധ്യമങ്ങള്‍ നമ്മുടെ മുന്നിലെത്തുന്നത്. ഇസ്രായേലിന്റെ സൈനികഭീകരത നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തുകയാണ്.ഇതുവരെയായി ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റു. ചെറുത്തുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഒരു ജനത വംശഹത്യയ്ക്ക് വിധേയമാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെ ശക്തമായി അപലപിക്കുന്നതിനുപകരം ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയുമെല്ലാം ഒരുതരം നിസംഗതയാണ് കൈക്കൊള്ളുന്നത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഈ പ്രശ്‌നത്തോട് സ്വീകരിക്കുന്ന നിലപാട് നിരാശാജനകമാണ്. കാലാകാലങ്ങളായി ഇന്ത്യ സ്വീകരിച്ച് പോരുന്ന ചേരിചേരാനിലപാടില്‍ നിന്നുള്ള വ്യതിചലനമാണിത്.
യുദ്ധത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരായ ജനരോഷം വ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട അവസരമാണിത്. ഈപശ്ചാത്തലത്തില്‍ ഹിരോഷിമാദിനമായ ആഗസ്ത്-6 പാലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കുവാന്‍ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. യുദ്ധഭീകരത വ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനങ്ങള്‍, സമാധാന റാലികള്‍ പൊതുയോഗങ്ങള്‍ ബാലവേദിയുടെയും യുവസമിതിയുടെയും നേതൃത്വത്തിലുള്ള പരിപാടികള്‍,ഫിലിം പ്രദര്‍ശനങ്ങള്‍,പോസ്റ്റര്‍ പ്രചാരണം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഡോ എന്‍ കെ. ശശിധരന്‍പിള്ള
പ്രസിഡണ്ട്
വി വി ശ്രീനിവാസന്‍
ജനറല്‍ സെക്രട്ടറി