വടക്കേ ഇന്ത്യയിൽ വലയരൂപത്തിലാകുന്ന ഒരു സൂര്യഗ്രഹണം 2020 ജൂൺ 21-നു നടക്കുന്നു. സൂര്യൻ ഉത്തര അയനാന്തത്തിൽ (Summer Solstice) എത്തുന്ന ദിവസം എന്ന പ്രത്യേകത കൂടി ജൂൺ 21-നുണ്ട്. സൂര്യൻ ഏറ്റവും വടക്കോട്ടു നീങ്ങി കാണപ്പെടുന്ന ദിവസമാണിത്. ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും. ഇവിടെ ഗ്രഹണം പരമാവധിയിൽ എത്തുമ്പോൾ സൂര്യന്റെ 22-38 ശതമാനം മറയും. ന്യൂ ഡെൽഹി, ജലന്ധർ, ഡെറാഡൂൺ തുടങ്ങിയ വടക്കേ ഇന്ത്യൻ നഗരങ്ങളിൽ സൂര്യഗ്രഹണം ഏതാനും സെക്കൻഡു നേരം വലയരൂപത്തിലാകും. ചിലയിടങ്ങളിൽ സൂര്യബിംബത്തിന്റെ 98.96 ശതമാനം ഭാഗം മറയും.
ഭാഗിക ഗ്രഹണമാണെങ്കിലും ഇതു കാണാൻ പ്രത്യേക സൗര കണ്ണടകൾ, പ്രൊജക്ഷൻ രീതികൾ മുതലായവ ഉപയോഗിച്ചു വേണം നിരീക്ഷണം നടത്താൻ. സൂര്യനെ നേരിട്ടു നോക്കുന്നത് അപകടകരമാകാം. കൊറോണക്കാലമാകയാൽ സാമൂഹ്യ അകലം പാലിക്കേണ്ടതും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുമാണ്. തിരുവാതിര ഞാറ്റുവേലക്കാലമാണെന്നതിനാൽ കേരളത്തിൽ മഴ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ട്. അങ്ങനെയെങ്കിൽ കാണാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ ഫിൽട്ടർ കണ്ണടയോടൊപ്പം കുടയും കരുതുക. മാസ്കും മറക്കണ്ട.

Categories: Events